മുങ്ങിക്കപ്പലിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമം
Saturday, August 10, 2013 1:55 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ആണവ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമായി. ആണവോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ആദ്യത്തെ മുങ്ങിക്കപ്പലിലെ റിയാക്ടര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശാസ്ത്രജ്ഞരെയും പ്രതിരോധമന്ത്രാലയത്തെയും അഭിനന്ദിച്ചു.

വെള്ളിയാഴ്ച രാത്രിയോടെയാണു റിയാക്ടര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയെന്നു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) അറിയിച്ചു. സങ്കീര്‍ണമായ മിനിയേച്ചര്‍ സാങ്കേതികവിദ്യയിലാണു റിയാക്ടര്‍ പ്രവര്‍ത്തിക്കുക. നൂറുദിവസം വരെ ഒറ്റയടിക്കു മുങ്ങിക്കിടക്കാവുന്ന രീതിയിലാണ് അരിഹന്ത് വികസിപ്പിച്ചിരിക്കുന്നത്.

ഇതോടെ കര, വ്യോമ, നാവിക വിഭാഗങ്ങളില്‍ നിന്ന് അണ്വായുധങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷി ഇന്ത്യക്കു സ്വന്തമായി. അണ്വായുധ ശേഷിയുള്ള ഐഎന്‍എസ് അരിഹന്ത് വൈകാതെ യുദ്ധ ആവശ്യങ്ങള്‍ക്കായി തയാറാക്കും.

നാവികസേനയുടെ വിശാഖപട്ടണം ബേസിലാണ് ഐഎന്‍എസ് അരിഹന്ത് നിലവില്‍ പരിശീലനം നടത്തുന്നത്. ശത്രുകപ്പലുകള്‍ക്കോ, വിമാനങ്ങള്‍ക്കോ കണ്ടുപിടിക്കാനാവാത്തത്ര 300 മീറ്റര്‍ വരെ ആഴത്തിലാവും ഈ മുങ്ങിക്കപ്പല്‍ പ്രയാണം നടത്തുക. ഡീസലിനു പകരം അണവ ശക്തിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആണവ മുങ്ങിക്കപ്പലിനു ശത്രുരാജ്യങ്ങളുടെ സെന്‍സറുകള്‍ക്കുപോലും കണ്െടത്താനാകാതെ ഏറെനാള്‍ കഴിയാനാകും.

124 മീറ്റര്‍ നീളവുമുള്ള ഐഎന്‍എസ് അരിഹന്തിന് 9400 ടണ്‍ ഭാരമുണ്ട്. അരിഹന്തില്‍ സ്ഥാപിക്കുന്നതിനായി ബിഒ -5 എന്ന മീഡിയം റേഞ്ച് ആണവ മിസൈല്‍ ഡിആര്‍ഡിഒ തയാറാക്കിയിരുന്നു. കഴിഞ്ഞ ജനുവരി 27നു മിസൈല്‍ വിശാഖപട്ടണത്തു പരീക്ഷിച്ചു.