പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിഭവനില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി
Thursday, July 25, 2013 9:07 AM IST
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി പ്രണബ് കുമാര്‍ മുഖര്‍ജി സ്ഥാനമേറ്റതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. പബ്ളിക് ലൈബ്രറി, രാഷ്ട്രപതി ഭവനിലെ ജീവനക്കാരുടെ മക്കള്‍ക്കായി എല്ലാ സജ്ജീകരണങ്ങളോടുംകൂടിയ ക്രിക്കറ്റ് മൈതാനം, രാഷ്ട്രപതിഭവന്‍ വെബ്സൈറ്റിലെ പുതിയ സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും പ്രണാബ് മുഖര്‍ജി നിര്‍വഹിച്ചു. പുതിയ പിച്ചില്‍ ബാറ്റുകൊണ്ട് പന്തുതട്ടിയാണ് ക്രിക്കറ്റ് മൈതാനത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്.

രാഷ്ട്രപതിഭവനിലെ ജീവനക്കാരുടെ മക്കള്‍ക്കുവേണ്ടിയുള്ള പബ്ളിക് ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് രാഷ്ട്രപതി തന്റെ ദിവസം ആരംഭിച്ചത്.

രാഷ്ട്രപതി ഭവന്‍ വളപ്പില്‍ തകര്‍ച്ചയിലായിരുന്ന പഴയ കെട്ടിടമാണു നവീകരിച്ച് പബ്ളിക് ലൈബ്രറി ആക്കി മാറ്റിയത്. രാഷ്ട്രപതിഭവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതര ജീവനക്കാര്‍ക്കും വേണ്ടിയാകും ലൈബ്രറി പ്രവര്‍ത്തിക്കുക. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ലൈബ്രറിയില്‍ പുസ്തകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. മത്സര പരീക്ഷകളിലും മറ്റും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തയാറെടുക്കാന്‍ വേണ്ടിയുള്ള റീഡിംഗ് റൂമുകളും ലൈബ്രറിയില്‍ സജീകരിച്ചിട്ടുണ്ട്.

രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴി സംസ്ഥാന ഗവര്‍ണര്‍മാരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. രാഷ്ട്രപതി കസേരയില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന തന്നെ കാണാന്‍ എത്തിയ കുട്ടികളുമായും രാഷ്ട്രപതി സമയം ചെലവഴിച്ചു.