പിതാവും മകനും കുത്തേറ്റു മരിച്ച സംഭവം: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Monday, July 8, 2013 1:21 PM IST
ന്യൂഡല്‍ഹി: അമ്പതു പൈസയുടെ തീപ്പെട്ടിക്കു 10 രൂപ നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ തൃശൂര്‍ കൊടകരയില്‍ പിതാവും മകനും കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റീസ് എ.കെ. പട്നായിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് എതിര്‍കക്ഷിക്കു നോട്ടീസയച്ചു.

2007 ഏപ്രില്‍ ഏഴിനു രാത്രി കൊടകരയിലെ ഒരു ബേക്കറിയിലുണ്ടായ ചില്ലറ തര്‍ക്കത്തെത്തുടര്‍ന്നു തൃശൂര്‍ പേരാമ്പ്ര സ്വദേശി വര്‍ഗീസ്, മകന്‍ റെയ്ഗണ്‍ എന്നിവര്‍ കുത്തേറ്റുമരിച്ചിരുന്നു. വര്‍ഗീസിന്റെ ഭാര്യ ത്രേസ്യാമ്മയ്ക്കു ഗുരുതരമായും പരിക്കേറ്റു. കേസിലെ പ്രതിയായ കൊച്ചി ചെല്ലാനം തോട്ടുങ്ങല്‍ വീട്ടില്‍ ആന്റണി എന്ന ഷിബുവിന് തൃശൂരിലെ വിചാരണ കോടതി 2008ല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ഇത് 2012 ജൂലൈയില്‍ ഹൈക്കോടതി റദ്ദാക്കി. രാത്രി 10.15നു സംഭവം നടന്നെന്നാണ് പോലീസ് റിപ്പോര്‍ട്ടെന്നും കുത്തേറ്റ ത്രേസ്യാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 10.10നാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ആന്റണിയെ വെറുതെ വിട്ടത്. ഇതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.