വിന്‍സന്റ് ജോര്‍ജിനെതിരേയുള്ള കേസ് അവസാനിപ്പിച്ചു
Saturday, June 8, 2013 6:47 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി വിന്‍സന്റ് ജോര്‍ജിനെതിരേ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അവസാനിപ്പിച്ചു. 2001 ല്‍ രജിസ്റര്‍ ചെയ്ത കേസാണ് 12 വര്‍ഷങ്ങള്‍ക്കുശേഷം അവസാനിപ്പിച്ചത്.

വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണു സിബിഐ കേസ് അവസാനിപ്പിച്ചത്. വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പണമാണു തന്റെ സ്വത്തുക്കളില്‍ ചിലതെന്നാണു വി. ജോര്‍ജ് സിബിഐയോടു വിശദീകരിച്ചത്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള ലില്ലിയന്‍സ് എക്സ്പോര്‍ട്ട്, ഡയന ഏജന്‍സീസ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍നിന്നുള്ള വരുമാനവും ഇതിലുണ്െടന്നും മറുപടി നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും തുടര്‍ന്നു സോണിയഗാന്ധിയുടെയും പേഴ്സണല്‍ സെക്രട്ടറിയായി ജോര്‍ജ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.

1990നു ശേഷം വി. ജോര്‍ജിന്റെ സമ്പാദ്യം ക്രമാതീതമായി വര്‍ധിച്ചെന്നും വരുമാനത്തിനു വ്യക്തമായ സ്രോതസുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു 2001ല്‍ സിബിഐ കേസ് രജിസ്റര്‍ ചെയ്തത്. വിന്‍സെന്റിന്റെ വസതിയില്‍നിന്നു കോടികളുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ കണ്െടടുത്തതായും സിബിഐ അവകാശപ്പെട്ടിരുന്നു. ഡല്‍ഹിയിലും ബാംഗളൂരിലും ചെന്നൈയിലും കേരളത്തിലുമായി ഫ്ളാറ്റുകളും ഭൂമിയും ഡല്‍ഹിക്കു പുറത്ത് ഫാംഹൌസും വാങ്ങിക്കൂട്ടിയെന്നും പല ബാങ്ക് അക്കൌണ്ടുകളിലായി ഒന്നര കോടി രൂപയുടെ സമ്പാദ്യമുണ്െടന്നും ഇവയെല്ലാം അനധികൃതമായ പണമിടപാടിലൂടെയാണ് ഉണ്ടാക്കിയതെന്നുമായിരുന്നു സിബിഐ വെളിപ്പെടുത്തിയിരുന്നത്.

ഹവാല ഇടപാടിലൂടെയാണോ പണമെത്തിയതെന്നും സിബിഐ പരിശോധിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി 2002ല്‍ അമേരിക്കന്‍ അധികൃതരില്‍നിന്നു ചില വിവരങ്ങള്‍ തേടുന്നതിനു ശ്രമിച്ചെങ്കിലും അതിനവര്‍ മറുപടി നല്‍കിയില്ലെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.