മലയാളിയായ നടി ലീന മരിയ പോള്‍ തട്ടിപ്പുകേസില്‍ അറസ്റില്‍
Wednesday, May 29, 2013 9:26 AM IST
ന്യൂഡല്‍ഹി: തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു മലയാളി സിനിമാനടി ലീന മരിയാ പോളിനെ (25) പോലീസ് അറസ്റു ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ചെന്നൈ കനറ ബാങ്കില്‍ 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റിലായത്.

ഒരു മാസമായി ദക്ഷിണ ഡല്‍ഹി ഫത്തേപ്പൂര്‍ ബേരി അസോളയിലുള്ള ഫാംഹൌസില്‍ ഒളിച്ചു താമസിച്ചിരുന്ന ലീനയെ വസന്ത് കുഞ്ചിലുള്ള മാളിലുണ്െടന്ന രഹസ്യവിവരത്തെത്തുടര്‍ന്നു ചെന്നൈ ക്രൈംബ്രാഞ്ചും ഡല്‍ഹി പോലീസും സംയുക്തമായാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന യുവാവ് ബാലാജി ചന്ദ്രശേഖര്‍ പോലീസിനെ കബളിപ്പിച്ചു രക്ഷപെട്ടു.

ഇവരുടെ പക്കല്‍ നിന്ന് ഒമ്പത് ആഡംബര കാറുകളും വിലകൂടിയ 81 വാച്ചുകളും പോലീസ് കണ്െടത്തി. റോള്‍സ്റോയ്സ്, ബിഎംഡബ്ള്യു, ലാന്‍ഡ്ക്രൂസര്‍, ഓഡി, നിസാന്‍ തുടങ്ങിയ കാറുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവര്‍ക്കൊപ്പം സ്വകാര്യ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാര്‍ അടക്കം ആറു പേരുണ്ടായിരുന്നെന്നും അവരുടെ കൈവശം നാല് തോക്കുകളുണ്ടായിരുന്നെന്നും പോലീസ് വെളിപ്പെടുത്തി. തോക്കിന്റെ ലൈസന്‍സ് ഡല്‍ഹിയില്‍ സാക്ഷ്യപ്പെടുത്താത്തതിനാല്‍ ആയുധ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഈ മാസം 12-നാണ് ഇവര്‍ ഇവിടെ താമസമാക്കിയതെന്നു പോലിസ് പറഞ്ഞു. പ്രതിമാസം നാലു ലക്ഷം രൂപ വാടകയ്ക്കാണ് ഫാംഹൌസില്‍ താമസിച്ചിരുന്നത്.

ചെന്നൈയിലെ കനറ ബാങ്കില്‍ ജയദീപ് എന്ന പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞാണ് ബാലാജി ചന്ദ്രശേഖറും ലീനയും തട്ടിപ്പു നടത്തിയതെന്നാണു പോലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. 19 കോടി രൂപയാണ് എടുത്തിരുന്നത്. കേസ് വന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ ചെന്നൈ പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. വഞ്ചന, ക്രിമിനല്‍ ഗുഡാലോചന, തട്ടിപ്പ് എന്നീ കുറ്റങ്ങളിലാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ബാലാജി ബാംഗളൂര്‍ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.

മോഹന്‍ ലാല്‍ പ്രധാന വേഷമിട്ട റെഡ് ചില്ലീസ്, ഹസ്ബന്റ്സ് ഇന്‍ ഗോവ, കോബ്ര എന്നീ മലയാള ചലച്ചിത്രങ്ങളിലും ജോണ്‍ ഏബ്രഹാം നായകനായ മദ്രാസ് കഫെയിലും നടിയായിരുന്ന ലീന മരിയ പോള്‍ തൃശൂര്‍ സ്വദേശിയാണ്. ബിഡിഎസ് ബിരുദധാരിയാണ്. ഗള്‍ഫിലാണ് പഠനം നടത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമയിലും മോഡലിംഗ് രംഗത്തും ഇവര്‍ സജീവമാണെന്ന് പോലീസ് പറഞ്ഞു.