ചാരിറ്റി സ്ഥാപനങ്ങൾക്ക് സഹായവുമായി സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്
പി.പി. ചെറിയാൻ
Friday, December 13, 2024 5:29 PM IST
ഡാളസ്: അമേരിക്കയിലെ മാർത്തോമ്മാ ദേവാലയങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും ഉപകരിക്കണമെന്ന് ലക്ഷ്യം പൂർത്തീകരിച്ച് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്.
സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് "ഫാമിലി സൺഡേ' ആഘോഷിക്കുന്നതിന്റെ ഭാഗമായി ചാരിറ്റി സംഘടനകളെ പിന്തുണയ്ക്കുന്നതിനായി പള്ളി അംഗങ്ങൾ അവരുടെ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തിരുന്നു. സംഭാവനയായി ലഭിച്ച തുകയുടെ 50 ശതമാനം ഈ വർഷം രണ്ട് പ്രാദേശിക ചാരിറ്റി പ്രസ്താനങ്ങൾക്ക് സംഭാവന ചെയ്തു.
ഷെയറിംഗ് ലൈഫ് കമ്യൂണിറ്റി ഔട്ട്റീച്ച് - സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനം.
മെസ്ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് സാന്റ കോപ് പ്രോഗ്രാം - ക്രിസ്മസിൽ പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി മെസ്ക്വിറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഒരു പ്രോഗ്രാം.
ഈ രണ്ടു ഗ്രൂപ്പിന്റെയും പ്രതിനിധികൾക്കു നവംബർ ഒന്നിനും രണ്ടിനും കുർബാനക്കുശേഷം നടന്ന ലളിതമായ ചടങ്ങിൽ ട്രസ്റ്റിമാരായ എബി തോമസും വിനോദ് ചെറിയാനും ചെക്ക് കൈമാറി.
ഡാളസിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന അർഹരായ സംഘടനകളെ കണ്ടെത്തുന്ന ചുമതല ഇടവകയുടെകമ്മിറ്റി അംഗം സോജി സ്കറിയയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ചടങ്ങിനെത്തിയ ഇരുപ്രതിനിധികളെയും വികാരി റവ.ഷൈജു സി. ജോയ് ഇടവകയിലേക്ക് സ്വാഗതം ചെയ്തു. സോജി സ്കറിയ ഇരുവരെയും പരിചയപ്പെടുത്തി.
ഇരുപ്രതിനിധികളും ഇടവകയ്ക്കു നന്ദി രേഖപ്പെടുത്തുകയും ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി അജു മാത്യു നന്ദി പറഞ്ഞു.