ഭർത്താവിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ
Thursday, December 12, 2024 1:29 PM IST
സിഡ്നി: ശാരീരിക മാനസിക പീഡനങ്ങളേൽപിക്കുകയും വിവാഹേതര ബന്ധം പുലർത്തുകയും ചെയ്ത അറുപത്തിരണ്ടുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച 53കാരി ഒരുവർഷത്തിനുശേഷം പിടിയിൽ.
നിർമീൻ നൗഫൽ എന്ന സ്ത്രീയാണ് ഭർത്താവായ മാംദൂദ് എമാദ് നൗഫലിനെ (62) ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കൾ ഇവർക്കുണ്ട്. മാംദൂദ് നൗഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതൽ കാണാതായിരുന്നു. ഒരു വർഷത്തിനുശേഷം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ നിർമീൻ, കൊലപാതകവിവരം സ്വയം വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തായത്.
ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ക്രൂരകൃത്യത്തിന് അയൽക്കാരിൽ ചിലർ സാക്ഷിമൊഴിയും നൽകി. ഗ്രീനാകേറിലുള്ള വീട്ടിൽ വച്ചാണ് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു പിന്നാലെ കത്തിയും മെറ്റൽ കട്ടറും ഉപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മൃതദേഹം മുറിച്ചശേഷം മാലിന്യം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളിലാക്കി ന്യൂ സൌത്ത് വെയിൽസിന്റെ സമീപപ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് ആസിഡ് അടക്കമുള്ളവ ഒഴിച്ച് വീടിന്റെ തറ വൃത്തിയാക്കുകയും വീടിന്റെ ടൈലുകൾ അടക്കമുള്ളവ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഭർത്താവിന്റെ മരണത്തിനു പിന്നാലെ ഈജിപ്തിലേക്കു പോയ ഭാര്യ അവിടെയുണ്ടായിരുന്ന കുടുംബവീട് അഭിഭാഷകന്റെ സഹായത്തോടെ വിറ്റു.
ഇതിനുപുറമെ ഭർത്താവിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ ഫോണിലൂടെ നിയന്ത്രിക്കുക വഴി അയാൾ ജീവിച്ചിരിക്കുന്നതായുള്ള പ്രതീതിയും സൃഷ്ടിച്ചു. ഇയാളുടെ പങ്കാളിയായിരുന്ന ഈജിപ്തുകാരിയോട് നേരത്തെ നൽകിയിരുന്ന പണമടക്കം സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇവർ തിരികെ ആവശ്യപ്പെട്ടിരുന്നു.
കോടതിയിൽ കുറ്റം സമ്മതിച്ച നിർമീൻ നൗഫൽ ഭർത്താവ് തന്നെ പതിവായി മർദിച്ചിരുന്നതായും കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. ബർവൂഡ് ലോക്കൽ കോടതി ഇവർക്കു ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്തു.
വിചാരണ നേരിടാൻ പ്രതിക്കു മാനസികാരോഗ്യം ഇല്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനാൽ കോസിന്റെ വിചാരണ നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹഭാഗങ്ങൾ ഇനിയും കണ്ടെത്താത്തതും വിചാരണയ്ക്കു തടസമായി.