കെഫാക് സോക്കർ ലീഗ് മത്സരങ്ങൾ ആവേശത്തിലേക്ക്
Monday, November 20, 2017 11:19 AM IST
മിശ്രിഫ് (കുവൈത്ത്): കെഫാക് സീസണ്‍ ആറിലെ ഗ്രൂപ്പ് എ യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ മാക് കുവൈത്ത്, സോക്കർ കേരള, യംഗ് ഷൂട്ടേഴ്സ്, സിൽവർ സ്റ്റാർ എന്നീ ടീമുകൾക്ക് വിജയം.

ആദ്യ മത്സരത്തിൽ മാക് കുവൈത്ത് ബിഗ് ബോയ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. മാക് കുവൈത്തിനുവേണ്ടി ഇബ്രാഹിം കുട്ടി വിജയ ഗോൾ നേടി.

രണ്ടാം മത്സരത്തിൽ സോക്കർ കേരള ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി നിധീഷ്, ശരത്, ഷഫീഖ് എന്നിവരാണ് ഗോളുകൾ നേടിയത്. തുടർന്നു നടന്ന മത്സരത്തിൽ അനസ് നേടിയ ഹാട്രിക്കിന്‍റെ മികവിൽ യംഗ് ഷൂട്ടേർസ് അബാസിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്പാർക്സ് എഫ്സിയെ പരാജയപ്പെടുത്തി. ഷമീറാണ് സ്പാർക്സ് എഫ്സിക്കുവേണ്ടി ഗോൾനേടി.

അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു സിൽവർ സ്റ്റാർ അൽ ശബാബ് എഫ്സിയെ പരാജയപ്പെടുത്തി. സിൽവർ സ്റ്റാറിനുവേണ്ടി റഹീസ്, ജാരിസ്, അഫ്താബും അൽശബാബിനുവേണ്ടി അനസുമാണ് ഗോൾ നേടിയത്.

പഴയ താരങ്ങൾ മാറ്റുരയ്ക്കുന്ന മാസ്റ്റേഴ്സ് ലീഗിൽ ഫഹാഹീൽ ബ്രദേഴ്സ് സോക്കർ കേരളയെയും ബ്രദേഴ്സ് കേരള കുവൈത്ത് കേരളാ സ്റ്റാർസിനെയും പരാജയപ്പെടുത്തിയപ്പോൾ സിയസ്കോ കുവൈത്തും മലപ്പുറം ബ്രദേഴ്സും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചാസായി റഷീദ് (ബ്രദേഴ്സ് കേരള), ഹരിദാസ് (ഫഹാഹീൽ ബ്രദേഴ്സ്), അനൂജ് (സിയസ്കോ കുവൈത്ത്) എന്നിവരെയും സോക്കർ ലീഗിൽ കൃഷ്ണ ചന്ദ്രൻ (മാക് കുവൈത്ത്), നിധീഷ് (സോക്കർ കേരളാ), അനസ് കുനിയിൽ (യംഗ് ഷൂട്ടേർസ്), അനസ് (അൽശബാബ്) എന്നിവരെയും തെരഞ്ഞെടുത്തു.

മുഖ്യാതിഥിയായി പ്രമുഖ കുവൈത്തി അഭിഭാഷകനായ ജമാൽ മുത്തഹക്കയും സാമുഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സത്താർ കുന്നിലും സന്നിഹിതരായിരുന്നു. അടുത്ത വെള്ളിയാഴ്ച സിൽവർ സ്റ്റാർ എഫ്സി നടത്തുന്ന ഈ സീസണിലെ ആദ്യ സെവൻ എ സൈഡ് ടൂർണമെന്‍റ് നടക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ