"കുരുതിനിലങ്ങൾ’ റിലീസ് ചെയ്തു
Saturday, November 18, 2017 7:23 AM IST
റിയാദ്: കേളി ചില്ല അംഗങ്ങൾ ഒരുക്കിയ ഹ്രസ്വചിത്രം "കുരുതിനിലങ്ങൾ’ റിലീസ് ചെയ്തു. ഫാസിസത്തിനെതിരായ സർഗാത്മകമായ ഒരു ചലനം എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ ചിത്രത്തിന്‍റെ ആദ്യപ്രദർശനം ചില്ല സർഗവേദിയുടെ നവംബർ ഒത്തുചേരലിൽ നടത്തി.

എഴുത്തും ചിന്തയും സർഗാത്മകമായ എല്ലാ ഇടപെടലുകളും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് രക്തമാണ് തെരുവിൽ ചരിത്രമെഴുതുന്നതെന്ന് ഹ്രസ്വചിത്രം പറയുന്നു. എഴുത്തോ, നിന്‍റെ കഴുത്തോ എന്ന് ചോദിച്ച ഒരു കാലമുണ്ടായിരുന്നു. അന്നിത്രയും കാലം രൗദ്രമായിട്ടില്ല. എംടിക്ക് നിർമാല്യം രചിക്കാനും ബഷീറിന് ഭഗവത്ഗീതയും കുറേ മുലകളും പുസ്തകത്തിന്‍റെ ശീർഷകമാക്കാനും സാധിച്ചിരുന്നു അക്കാലത്ത്. എന്നാൽ ഇന്ന് നിർഭയമായി പത്രപ്രവർത്തനം നടത്തിയ ഗൗരി ലങ്കേഷ് വരെ ഫാസിസത്തിന്‍റെ ആയുധങ്ങൾക്ക് ഇരകളായി. യുക്തിപരവും ശാസ്ത്രീയവുമായ ചിന്തയും സ്വതന്ത്രമായ ആവിഷ്കാരവും മതവർഗീയതയുടെ ഭീഷണിയുടെ നിഴലിലാണ്. ഗൗരി ലങ്കേഷിൻറെ വധത്തെ തുടർന്നാണ് ഇത്തരമൊരു ഹ്രസ്വചിത്രം വേണമെന്ന ആലോചന വന്നതെന്ന് ചിത്രത്തിനുവേണ്ടി പ്രവർത്തിച്ച കെ.ടി. നൗഷാദ്, ധനീഷ് ചന്ദ്രൻ, ഗോപൻ കൊല്ലം എന്നിവർ പറഞ്ഞു. എം. ഫൈസൽ, ടി.ആർ. സുബ്രഹ്മണ്യൻ, സതീഷ് ബാബു കോങ്ങാടൻ എന്നിവരാണ് ഹ്രസ്വചിത്രത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ.

പ്രദർശനത്തിനുശേഷം നടന്ന ചർച്ചയിൽ ഇഖ്ബാൽ കൊടുങ്ങല്ലൂർ, ബീന, മുഹമ്മദ് നജാത്തി, സബീന എം. സാലി, അബ്ദുൾലത്തീഫ് മുണ്ടരി, ആർ, മുരളീധരൻ, അഖിൽ ഫൈസൽ, നജ്മ നൗഷാദ്, പ്രിയ സന്തോഷ്, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.