കാർഷിക സംസ്കൃതിയുടെ പുനർജനിയായി വിളവെടുപ്പുത്സവം
Saturday, November 18, 2017 7:21 AM IST
അബുദാബി : പഴയകാല കാർഷിക സംസ്കാരത്തിന്‍റെ ഓർമപ്പെടുത്തലായി അബുദാബി മാർത്തോമ്മ ദേവാലയത്തിൽ നടന്ന വിളവെടുപ്പുത്സവം.

രാവിലെ എട്ടിന് നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലപ്പെരുന്നാൾ വിഭവങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചു. വൈകുന്നേരം നടന്ന വർണാഭമായ വിളംബരയാത്രയോടെയാണ് വിളവെടുപ്പുത്സവത്തിനു തുടക്കം കുറിച്ചത്. വിളംബര യാത്രയിൽ യുഎഇ 2017 ദാന വർഷമായി’ പ്രഖ്യാപിക്കപ്പെട്ടതിനെ അനുസ്മരിപ്പിക്കുന്ന ഫ്ളോട്ട് , വിവിധ നിച്ഛല ദൃശ്യങ്ങൾ തുടങ്ങിയ കലാപ്രകടനങ്ങൾ അരങ്ങേറി.

തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ അധ്യക്ഷത വഹിച്ചു. സഹവികാരി റവ. സി.പി. ബിജു, ജനറൽ കണ്‍വീനർ വർഗീസ് തോമസ്, ട്രസ്റ്റിമാരായ അജിത് നൈനാൻ, വർഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ്, എൻഎംസി മീഡിയ മാനേജർ ഉല്ലാസ് ആർ കോയ, അബുദാബി കൊമേർഷ്യൽ ഏജൻസി സിഇഒ ജോസഫ് ഹന്നാ, എമിരേറ്റ്സ് ടെക്നോളജി ഫിനാൻസ് ഡയറക്ടർ ജോയ് പി. സാമുവേൽ എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ തയാറാക്കിയ ഉത്സവനഗരിയിൽ നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന സ്റ്റാളുകളടക്കം അൻപതോളം വില്പനശാലകൾ പ്രവർത്തിച്ചു. വിവിധ വ്യാപാരസ്ഥാപനങ്ങൾ, ആതുരാലയങ്ങൾ , നിത്യോപയോഗ സാധനങ്ങൾ, അലങ്കാരച്ചെടികൾ എന്നിവയുടെ കൗണ്ടറുകൾ, ക്രിസ്മസ് വിപണി, വിനോദമത്സരങ്ങൾ, വിവിധ കലാമത്സരങ്ങൾ 20 സ്വർണനാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകിയ ഭാഗ്യനറുക്കെടുപ്പുകളും അമേരിക്കൻ ലേലവും എന്നിവയും ശ്രദ്ധേയമായി. അബുദാബി ഒസിവൈഎം ബൈബിൾ നാടകം അവതരിപ്പിച്ചു.

ഹാർവെസ്റ്റ് ഫെസ്റ്റിവലിലൂടെ ലഭിക്കുന്ന വരുമാനം ഇടവകയുടെ നേതൃത്വത്തിൽ ഒഡീഷയിലെ ഉത്ക്കൽ, കേരളത്തിലെ ഉപ്പുകുഴി എന്നീ ഗ്രാമങ്ങൾ ദത്തെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും .കുന്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ നടത്തുന്ന സൗജന്യ ഡയാലിസിസ് പദ്ധതി, അർബുദ രോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതി,” സേവ് എ ലിറ്റിൽ ലൈഫ് എന്നിവയാണ് മറ്റു പ്രധാന പ്രവർത്തനങ്ങൾ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള