റിയാദിൽ കവർച്ചക്കാർ മലയാളിയെ കുത്തിക്കൊന്നു
Monday, July 24, 2017 1:24 AM IST
റിയാദ് : സ്റ്റേഷനറി കടയിൽ കവർച്ച ചെയ്യാനെത്തിയ കൊള്ളക്കാരുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി അങ്ങമ്മന്‍റെ പുരക്കൽ സിദ്ദീഖാണ് മരണപ്പെട്ടത്. റിയാദ് അസീസിയയിലെ എക്സിറ്റ് 22 ഇൽ ഉള്ള സ്റ്റേഷനറി കടയിൽ വച്ചു വെള്ളിയാഴ്ച രാവിലെ ഒന്പതിനാണ് സിദ്ദീഖിനു അക്രമികളിൽ നിന്നും കുത്തേറ്റത്. കടയിലെത്തിയ കവർച്ചക്കാരെ പ്രതിരോധിച്ച സിദ്ദീഖിനെ തലയ്ക്കു വെട്ടിയും വയറിൽ കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.

കടയിൽ ആ സമയം മറ്റാരുമുണ്ടായിരുന്നില്ല. ശരീരത്തിലെ രക്തം വാർന്നു അരമണിക്കൂറോളം കിടന്ന സിദ്ദീഖിനെ പോലീസും റെഡ് ക്രെസെന്‍റ് ആംബുലൻസുമെത്തി അൽ ഈമാൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തിര ശുശ്രൂഷ നൽകിയെങ്കിലും വൈകുന്നേരം അഞ്ചോടെ സിദ്ദീഖ് മരണത്തിന് കീഴടങ്ങി.

സംഭവമറിഞ്ഞെത്തിയ സ്പോണ്‍സർ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പോലീസിനു കൈമാറിയതിൽ നിന്നും അക്രമികൾ വന്ന കാറിന്‍റെ നന്പർ തിരിച്ചറിയുന്നതിനു സഹായമായി. ഉൗർജിത അന്വേഷണം നടത്തിയ പോലീസ് ശനിയാഴ്ച അഞ്ചോടെ യമൻ സ്വദേശികളായ രണ്ടു പേരെ വാഹനസഹിതം പിടികൂടി. ഇവർ ഇപ്പോൾ അസീസിയ പോലീസ് കസ്റ്റഡിയിലാണുള്ളത് .

20 വർഷമായി ഈ കടയിൽ ജോലി ചെയ്യുന്ന സിദ്ദീഖ് ഒരുവർഷം മുൻപാണ് നാട്ടിൽ പോയി വന്നത്. അനീഷയാണ് ഭാര്യ. റിയാദ്, സാബിത്, സഹറ എന്നിവർ മക്കളാണ്. മുഹമ്മദ്, ചെറിയ ബീവി എന്നിവരുടെ മകനാണ് സിദ്ദീഖ്. റിയാദിലുള്ള ബഷീർ, സക്കരിയ ഇസ്മായിൽ, ഹഫ്സ, ആരിഫ എന്നിവർ സഹോദരങ്ങളാണ്. അൽ ഈമാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം റിയാദിൽ മറവു ചെയ്യാനുള്ള നിയമനടപടികൾ സഹോദരൻ ബഷീറിന്‍റെയും അയൽവാസി അബ്ദു പഞ്ചാരയുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ