കെ എംസിസി ആറാമത് ഫുട്ബോൾ മേളക്ക് ഇന്ന് കിക്കോഫ്
Friday, July 21, 2017 4:21 AM IST
റിയാദ്: കെ എംസിസി സെൻട്രൽ കമ്മിറ്റിയുടെ ആറാമത് ഫുട്ബോൾ ടൂർണമെന്‍റ് ഇന്ന് ആരംഭിക്കും. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ സഹകരണത്തോടെ അൽ ഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം. ദി ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ 2017ലെ പ്ലയർ ഓഫ് ദി ഇയർ അവാർഡ് ജേതാവും ഡൽഹി ഡൈനാമോസ് ക്ലബ് താരവുമായ അനസ് എടത്തൊടിക മുഖ്യാതിഥിയായിരിക്കും.

25,000 റിയാൽ പ്രൈസ് മണിയുളള മത്സരം 10 ആഴ്ച നീണ്ടു നിൽക്കും. വെളളിയാഴ്ചകളിൽ നാല് മത്സരങ്ങൾ വീതം നടക്കും. സൗദിയിലെ പ്രമുഖ ക്ലബുകൾ അണിനിരക്കുന്ന എട്ട് ടീമുകൾ തമ്മിലാണ് പ്രധാന മത്സരങ്ങൾ. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. സൗദിയിലെ പ്രമുഖ പ്രവാസി കളിക്കാരോടൊപ്പം ദേശീയ ഇന്ത്യൻ പ്രീമിയർ ലീഗ് താരങ്ങളും മത്സരത്തിൽ അണിനിരക്കും. കെ എംസിസി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലുളള 16 ടീമുകൾക്ക് മാത്രമായി പ്രത്യേക മത്സരങ്ങളും നടക്കും.

ഉദ്ഘാടനമത്സരത്തിൽ റോയൽ ട്രാവൽസ് റോയൽ റിയാദ് സോക്കർ ജരീർ മെഡിക്കൽസ് യൂത്ത് ഇന്ത്യ സോക്കറുമായും രണ്ടാം മത്സരത്തിൽ യുണൈറ്റഡ് എഫ്സി റിയാദും റെയിൻബോ സോക്കറുമായും ഏറ്റുമുട്ടും. കെ എംസിസി മണ്ഡലം കമ്മിറ്റികൾക്കുളള മത്സരത്തിൽ മഞ്ചേരി തവനൂരിനെയും ഷോർണൂർ ബേപ്പൂരിനെയും നേരിടും. ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റ്, കോൽക്കളി, വിവിധ കലാരൂപങ്ങൾ എന്നിവയും അരങ്ങേറും.

സി.പി. മുസ്തഫ (ചെയർമാൻ), എം. മൊയ്തീൻ കോയ (ജനറൽ കണ്‍വീനർ), മുജീബ് ഉപ്പട (കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ മത്സര പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് 301 അംഗ സംഘാടകസമിതിക്ക് രൂപം നൽകി.

എബിസി കാർഗോ മുഖ്യ പ്രായോജകരും സഫ മക്കാ പോളിക്ലിനിക് സഹപ്രായോജകരുമാണ്. റോയൽ ട്രാവൽസ് മെഗാപ്രൈസും സിറ്റി ഫ്ളവർ പ്രൈസ്മണിയും സമ്മാനിക്കും. വ്യക്തിഗത പുരസ്കാരങ്ങൾ ജീപാസ് ഇലക്ട്രോണിക്സ് വിതരണം ചെയ്യും. ബത്ഹയിൽ നിന്ന് മത്സരം വീക്ഷിക്കാൻ സൗജന്യ വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഡോ. സമീർ പോളിക്ലിനിക്, മലബാർ ടേസ്റ്റ്, ഷിഫ അൽ ജസീറ, അൽ മദീന ഹൈപ്പർ, നെസ്റ്റോ ഹൈപ്പർ, ഐബി ടെക്, സിഗ്നേച്ചർ മെൻസ് കളക്ഷൻ എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം അരങ്ങേറുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ