കല കുവൈത്ത് അദ്ധ്യാപക പരിശീലന കളരിയും, നാടക കളരിയും സംഘടിപ്പിക്കുന്നു.
Thursday, July 20, 2017 3:07 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളെ മാതൃഭാഷയും, നമ്മുടെ സംസ്കാരത്തേയും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സൌജന്യ മാതൃഭാഷ പഠന പദ്ധതി 27 വർഷം പിന്നിടുകയാണ്. ഈ വർഷം മുതൽ കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്‍റെ കൂടി നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കുവൈത്തിലുടനീളം 80 ക്ലാസ്സുകളിലായി 1000-ൽ പരം കുട്ടികൾ മലയാള പഠനം നടത്തിവരുന്നു.

ഈ വർഷത്തെ പദ്ധതിയിലെ ക്ലാസുകൾ നടത്തുന്ന അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി ജൂലൈ 21 വെള്ളിയാഴ്ച മംഗഫ് കല സെന്‍ററിൽ വെച്ച് രാവിലെ ഒന്പതു മുതൽ നടക്കും. നാട്ടിൽ നിന്നും എത്തുന്ന മലയാളം മിഷൻ അദ്ധ്യാപകൻ ശ്രീ കുഞ്ഞികൃഷ്ണൻ മാഷാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ഇതിനോടനുബന്ധിച്ച് ഈ വർഷത്തെ മാതൃഭാഷ പഠന ക്ലാസ്സിലെ കുട്ടികൾക്കായി അവരുടെ സർഗവാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നാടക കളരിയും ഒരുക്കിയിട്ടുണ്ട്. ജൂലൈ 22,23, 24 തീയതികളിലായി യഥാക്രമം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, സാൽമിയ കല സെന്‍റർ, മംഗഫ് കല സെന്‍റർ എന്നിവിടങ്ങളിലായാണ് നാടക കളരികൾ നടക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ