ദുബായിൽ വിദ്യാരംഭ ചടങ്ങുകൾ സെപ്റ്റംബർ 30 ന്
Tuesday, July 18, 2017 6:11 AM IST
ദുബായ്: യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒഎൻവി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വിജയദശമിയോട് അനുബന്ധിച്ച് സെപ്റ്റംബർ 30ന് വിദ്യാരംഭ ചടങ്ങുകൾ നടത്തും. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഹാളിൽ രാവിലെ ഏഴു മുതൽ 10 വരെ നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ സി. രാധാകൃഷ്ണൻ, പ്രഫ. ചന്ദ്രമതി എന്നിവർ നേതൃത്വം നൽകും. തുടർന്ന് 11 മുതൽ ഉച്ചക്ക് ഒരു മണി വരെ ഇരുവരുടെയും നേതൃത്വത്തിൽ “മലയാള ഭാഷയും തലമുറകളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയും നടക്കും.

ആദ്യാക്ഷരം കുറിക്കാൻ താത്പര്യപ്പെടുന്ന കുഞ്ഞുങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. www.onvfoundation.org എന്ന വെബ്സൈറ്റിലോ www.onvfoundation.org/vidyarambham.html എന്ന ലിങ്കിലോ ആണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന്‍റെ മുൻഗണന ക്രമത്തിലാണ് പ്രവേശനം.

ഒഎൻവി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മയിൽപ്പീലി എന്ന പേരിൽ വിദ്യാർഥികൾക്കായി നടത്തുന്ന മലയാള ഭാഷ പഠന ക്ലാസകൾക്കും ചടങ്ങിൽ തുടക്കം കുറിക്കും. ചിട്ടയായി തയാറാക്കിയിട്ടുള്ള പാഠ്യ പദ്ധതിയുടെ പിൻബലത്തിൽ യുഎഇയിലെ വിവിധ സ്കൂളുകളിലെ പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്ന ക്ലാസുകൾ, രാജ്യത്തെ എല്ലാ എമിറേറ്റുകളിലും അൽഐനിലുമാണ് സംഘടിപ്പിക്കുന്നത്. മലയാളഭാഷയിൽ കരുത്തും തഴക്കവും നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ 10 നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ക്ലാസുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.onvfoundation.org എന്ന വെബ്സൈറ്റിലിലോ www.onvfoundation.org/mayilppeeli.html എന്ന ലിങ്കിലോ രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക്: 056 7680767, 050 7592711.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള