നിരത്തുകൾ കൈയടക്കി വഴിവാണിഭക്കാർ; കർശന നടപടിയുമായി അധികൃതർ
Thursday, May 25, 2017 8:19 AM IST
കുവൈറ്റ് : അബ്ബാസിയയിലെ പാതകൾ വഴിയോരക്കച്ചവടക്കാർ കൈയടുക്കുന്നതിനെതിരെ കർശന നടപടികളുമായി കുവൈറ്റ് അധികൃതർ. കഴിഞ്ഞ ദിവസം നടന്ന തെരച്ചിലിനിടയിൽ അനധികൃതമായ നാല് ട്രക്ക് പച്ചക്കറികളും ഫ്രൂട്സും ഉദ്യോഗസ്ഥൻ കണ്ടെടുത്തു. പൊതുനിരത്തുകൾ ഇത്തരം കച്ചവടക്കാർ കൈയടക്കുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വഴിവാണിഭക്കാരെ പിടികൂടാനും അനധികൃത കച്ചവടം അവസാനിപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥ·ാർ അടങ്ങിയ പ്രത്യേക സംഘത്തെ നിയമിച്ചതായി പബ്ലിക് ഹൈജിൻ ആൻഡ് റോഡ് ഒക്കുപ്പൻസി ഡിപ്പാർട്ട്മെൻറ് അറിയിച്ചു. അതിനിടെ റമദാനിന്‍റെ ഭാഗമായി കുവൈറ്റ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ന്ധ നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഉത്തരവാദിത്വം ന്ധ എന്ന പേരിൽ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ വിൽക്കുന്നതെന്നും വഴിയോരക്കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങാതിരിക്കുവാൻ വിദേശികളും സ്വദേശികളും ജാഗ്രത കാണിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മാർക്കറ്റിൽ നിന്ന് കച്ചവടക്കാർ ഒഴിവാക്കുന്ന പഴംപച്ചക്കറികൾ ശേഖരിച്ച് വിൽക്കുന്ന സംഘങ്ങളും വഴിവാണിഭക്കാരിൽ സജീവമാണ്. വ്യാപാരികൾ ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായ പച്ചക്കറികളൾ സോപ്പുപൊടിയും മറ്റും ഉപയോഗിച്ച് കഴുകി തെരുവുകച്ചവടത്തിനായി കൊണ്ടുപോകുന്ന നിരവധി പേരെയാണ് ഈയടുത്തായി പിടികൂടിയത്. നിയമം ലംഘിച്ച് നടത്തുന്ന തെരുവുകച്ചവടം ഒരു രീതിയിലും അംഗീകരിക്കില്ലെന്നും ഇത്തരമൊരു പ്രതിഭാസത്തിന് അറുതിയുണ്ടാകുന്നത് വരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ