ഹഫീത് ഇന്ത്യൻ സ്കൂൾ ഓഗസ്റ്റ് ആദ്യവാരം തുടങ്ങും
Wednesday, May 24, 2017 7:35 AM IST
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ നിയന്ത്രണത്തിൽ ഇരുപതാമത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഗസ്റ്റ് ആദ്യവാരത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ നിയന്ത്രണത്തിലുള്ള ഇരുപതാമത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളാണ്. നോർത്ത് ബാറ്റിനയിലെ ഹഫീത്തിലാണ് പുതിയ സ്കൂളിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ കെട്ടിടത്തിലാണ് കിൻഡർ ഗാർട്ടൻ മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസ്സുകൾ ആരംഭിക്കുന്നത്.

ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ ആരംഭിക്കുന്ന സ്കൂൾ സിബിഎസ്ഇ യോട് അഫിലിയേറ്റ് ചെയ്തായിരിക്കും പ്രവർത്തിക്കുക. നിലവിൽ കുറഞ്ഞത് അറുപതു കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ പ്രദേശത്തെ കുട്ടികൾ സ്കൂളിൽ പോകുന്നത്. നോർത്ത് ബാറ്റിനയിലെ രക്ഷിതാക്കളുടെ ചിരകാലാഭിലാഷമാണ് സ്കൂളിന്‍റെ പ്രവർത്തനാരംഭത്തോടെ പൂവണിയുന്നത്.

ഒമാൻ ഇന്‍ററീരിയറിലെ മികച്ച വിദ്യാലയമാണ് ലക്ഷ്യമാക്കുന്നതെന്നു ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാൻ സി.എം നജീബ് വ്യക്തമാക്കി. പരിചയ സന്പന്നരായ അധ്യാപരെ കണ്ടെത്താനും നിയമിക്കാനുള്ള നടപടികൾ തുടർന്നു വരുന്നു.

ഏഴ് ക്ലാസ്സുകളിലായി ഇരുന്നൂറോളം കുട്ടികൾക്കുള്ള പഠനസൗകര്യമാണ് ഈ വർഷം ഒരുക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ച അറ്റകുറ്റപ്പണികൾ താൽക്കാലിക കെട്ടിടത്തിൽ നടന്നുവരികയാണ്. റോയൽ ഒമാൻ പോലീസിന്‍റെ അനുമതിയ്ക്കായുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത് ഈ ആഴ്ചയോടെ പൂർത്തിയാകും.

മേയ് 20 നു ആരംഭിച്ചു ജൂണ്‍ 15 നു കുട്ടികളുടെ പ്രവേശന രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കും. പൂരിപ്പിച്ച സമ്മതിപത്രങ്ങൾ അവസാന തീയതിക്ക് മുന്പായി സ്കൂൾ പ്രവർത്തകരെ ഏൽപ്പിക്കുകയോ ishafeet@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കണം. സമൂഹത്തിന്‍റെ നാനാതുറകളിലുംപെട്ട വ്യക്തികളും കൂട്ടായ്മകളുമാണ് സ്കൂൾ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്. സ്കൂളിന്‍റെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സ്കൂൾ നിർമ്മാണക്കമ്മറ്റി കണ്‍വീനർ രജിലാൽ കോക്കാടൻ അഭ്യർത്ഥിച്ചു. പരിചയ സന്പന്നരായ അധ്യാപരെ കണ്ടെത്താനും നിയമിക്കാനുള്ള നടപടികൾ തുടർന്നു വരുന്നു.


റിപ്പോർട്ട്: സേവ്യർ കാവാലം