സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ
Tuesday, May 23, 2017 6:49 AM IST
ദമ്മാം: വിവിധ രാജ്യങ്ങളിലുള്ള സൗദി എംബസികളിൽ നിന്നും കോണ്‍സലേറ്റുകളിൽ നിന്നും ടൂറിസം വിസ അനുവദിക്കുന്നതിനെ കുറിച്ച് പഠനം നടത്തുകയാണെന്ന് സൗദി ടൂറിസം പുരാവസ്തു അതോറിറ്റി മേധാവി സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. നാൽപത് ഡോളർ ഈടാക്കി വിസ അനുവദിക്കാനാണ് നീക്കം. നിലവിൽ എല്ലാ വിഭാഗം വിസകൾക്കും രണ്ടായിരം റിയാലാണ് നിരക്ക്.

ഭീമമായ വിസ ഫീസ് കാരണം വിനോദ സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കാത്ത പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് വിസ ഫീസ് കുറയ്ക്കാൻ ആലോചിക്കുന്നത്.എണ്‍പത് ലക്ഷം ഹ്ജ്ജ്, ഉംറ തീർത്ഥാടകരെ സൗദി അറേബ്യ എല്ലാവർഷവും സ്വീകരിക്കുന്നു. ഹജ്ജ്, ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വർഷത്തിൽ ആറു ശതമാനത്തിന്‍റെ വർധനവുണ്ട്.

പദ്ധതികൾ വിപുലീകരിച്ചു 2030ൽ ഹജ്ജ്, ഉംറ തീർത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നത്. ഉംറ കർമ്മത്തിനു ശേഷം സൗദിയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിനു കൂടി ഇവർക്ക് അവസരം നൽകുന്ന പദ്ധതി ഉടൻ നടപ്പിലാക്കും. ഇതിനായി രാജ്യത്തെ പട്ടങ്ങളിലുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലുമായി 20 ലക്ഷം പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം