ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഏപ്രിൽ 28, 29 തീയതികളിൽ
Friday, April 21, 2017 8:55 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പതിനാലാമത് ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഏപ്രിൽ 28, 29 തീയതികളിൽ അമറാത്ത് പാർക്കിൽ നടക്കും. പ്രമുഖ ചലച്ചിത്ര സംവിധായകൻ കമലാണ് മുഖ്യാതിഥി. ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും. ചടങ്ങിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയെ ആദരിക്കുന്നതിനൊപ്പം ഇക്കൊല്ലത്തെ കൈരളി അനന്തപുരി അവാർഡ് സമർപ്പണവും നടക്കുമെന്ന് കണ്‍വീനർ രതീശൻ കെളന്പേത്ത് പറഞ്ഞു.

ഏതാനും വർഷങ്ങൾക്കു മുന്പ് കേരളോത്സവം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും മുപ്പതോളം കലാകാരൻമാർ എത്തുന്നുണ്ട്. കേരളത്തിന്‍റെ തനതായ വാദ്യ നൃത്ത രൂപങ്ങൾക്ക് പുറമെ കച്ചി, ഒഡീസി, തമിഴ്, നൃത്ത രൂപങ്ങളും പ്രമുഖ ബാൻഡ് ഗ്രൂപ്പായ തിരുവന്തപുരം പ്രഗതിയുടെ മ്യൂസിക് ഫ്യൂഷൻ, ഉത്തര മലബാറിലെ പ്രമുഖ നടൻ പാട്ട് കലാസംഘം താവം ഗ്രാമീണ വേദിയുടെ പരന്പരാഗത കലാരൂപങ്ങളുടെ അകന്പടിയോടെയുള്ള നാടൻ പാട്ടവതരണവും ഒമാന്‍റെ തനതു നൃത്തങ്ങളും അവതരിപ്പിക്കപ്പെടും. എരിഞ്ഞോളി മൂസയുടെയും സസംഘത്തിന്‍റെയും മാപ്പിളപ്പാട്ട്, ഇന്ത്യൻ സ്കൂൾ ഡാർസയിറ്റ് വിദ്യാർഥിനികളുടെ രാജസ്ഥാനി നൃത്തം തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരിക്കും.

മസ്കറ്റ് സയൻസ് ഫെസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദർശനവും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. രാജ്യത്തെ അന്പതോളം സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കും.

സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ ഇടപെടലുകൾ നടത്തുന്ന കേരള വിഭാഗം പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു. അന്പതിനായിരത്തിൽ പരം കാണികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഒരു ഒമാനി റിയാലാണ് ടിക്കറ്റ് നിരക്ക്. പ്രവേശന പാസ് നറുക്കിട്ട് ഒന്നാം സമ്മാനമായി റിനോൾട് കാറും മറ്റനവധി സമ്മാനങ്ങളും നൽകുന്നുണ്ട്. ആദ്യ പാസ് മാർസ്, ബദർ അൽസമാ ഗ്രൂപ്പ് ഡയറക്ടർ വി.ടി.വിനോദ് മുഖ്യ പ്രായോജകരായ ഷാഹി സ്പൈസസ് പ്രതിനിധി അഡ്വ.ഗിരീഷ് കുമാറിന് നൽകി.

വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ പി.എം.ജാബിർ, മാർസ്,ബദർ അൽസമാ ഗ്രൂപ്പ് ഡയറക്ടർ വി.ടി.വിനോദ്, അനന്തപുരി ഷുറൂഖ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബിബി ജേക്കബ്, അഡ്വ.ഗിരീഷ് കുമാർ, കേരള വിഭാഗം കോകണ്‍വീനർ പ്രസാദ് ദാമോദരൻ എന്നിവരും സംബന്ധിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം