സ്പോർട്ടി ഏഷ്യ സോക്കർ ചാലഞ്ച്: സ്പോർട്ടി ഏഷ്യ, ഫ്രാങ്കോ എഫ്സി, സ്പോർട്ടി കുവൈത്ത് ജേതാക്കൾ
Thursday, April 20, 2017 5:47 AM IST
കുവൈത്തി സിറ്റി : സ്പോർട്ടി ഏഷ്യ കുവൈത്ത് സംഘടിപ്പിച്ച റേയ്സ് ജനറൽ ട്രേഡിംഗ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് സോക്കർ ചാലഞ്ച് ഫുട്ബോൾ ടൂർണമെന്‍റിൽ അണ്ടർ 16 വിഭാഗത്തിൽ സ്പോർട്ടി ഏഷ്യയും അണ്ടർ 14, 12 വിഭാഗങ്ങളിൽ സ്പോർട്ടി കുവൈത്തും അണ്ടർ 10, 8 വിഭാഗത്തിൽ ഫ്രാങ്കോ എഫ്സിയും ജേതാക്കളായി.

വെള്ളി, ശനി ദിവസങ്ങളിലായി മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ആവേശഭരിതമായി. അണ്ടർ 16 ഫൈനലിൽ സ്പോർട്ടി ഏഷ്യ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ചാന്പ്യൻസ് എഫ്സിയെ പരാജയപ്പെടുത്തി.

അണ്ടർ 14 വിഭാഗത്തിൽ പ്രമുഖ അറബിക് സോക്കർ അക്കാഡമിയായ സ്പോർട്ടി കുവൈത്ത് എ ടീം സ്പോർട്ടി കുവൈത്ത് ബി ടീമിനെ പരാജയപ്പെടുത്തി.

അണ്ടർ 12 വിഭാഗത്തിൽ സ്പോർട്ടി ഏഷ്യയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പോർട്ടി കുവൈത്ത് കപ്പുയർത്തിയത്. അണ്ടർ 10 വിഭാഗത്തിൽ ഫ്രാങ്കോ എഫ്സി പെനാൽറ്റി ഷൂട്ടൗട്ടിൽ ബാർസലോണ എ ടീമിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി വിജയികളായി.

ആവേശകരമായ അണ്ടർ 8 വിഭാഗം ഫൈനലിൽ സ്പോർട്ടി ഏഷ്യയും ഫ്രാങ്കോ എഫ്സിയും തമ്മിൽ നടന്ന മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചെങ്കിലും ഫ്രാങ്കൊ എഫ്സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

വിജയികൾക്ക് റെയ്സ് ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കന്പനി ചെയർമാൻ യൂസുഫ് അൽ ഗുസൈൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെന്‍റിലെ മികച്ച കളിക്കാരായി ഫാസിൽ സ്പോർട്ടി ഏഷ്യ (അണ്ടർ 16) ഖാലിദ് സ്പോർടി കുവൈത്ത് (അണ്ടർ 14) ഷയാൻ അഫ്സൽ സ്പോർട്ടി ഏഷ്യ(അണ്ടർ 12) സുലൈമാൻ ഫ്രാങ്കോ എഫ്സി (അണ്ടർ 10) അബ്ദുള്ള ഫ്രാങ്കോ എഫ്സി (അണ്ടർ 8) എന്നിവരേയും ആൻസ, സുലൈമാൻ ജയ്കെവിൻ, മുആദ് അബ്ദുള്ള എന്നിവർ ടോപ് സ്കോറർമാരായി. സ്പോർട്ടി ഏഷ്യ ചീഫ് വി.എസ്. നജീബ്, സ്പോർട്ടി ഏഷ്യ അഡ്മിൻമാരായ കെ.വി. നൗഫൽ, വി.എസ് നവാസ്, യാസർ, കോച്ചുമാരായ ബിജു ജോണി, നാസർ നൈജീരിയ, ബിലാൽ ഗുനൈമി, ഹാൻസൻ, ജയകുമാർ, അബീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ