മാഗ്നെറ് തുണയായി; നയാസ് പാഷ നാടണഞ്ഞു
Thursday, April 20, 2017 5:44 AM IST
കുവൈത്ത്: ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്താവത്തിൽ കുഴഞ്ഞുവീണു അബോധാവസ്ഥയിലായ നയാസ് പാഷ ഒന്നരമാസത്തെ ആശുപത്രിവാസത്തിനുശേഷം ഒടുവിൽ നാടണഞ്ഞു. കെ കഐംഎയുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ് പ്രവർത്തകരുടെ സഹായമാണ് നയാസ് പാഷക്ക് കുവൈത്തിലും നാട്ടിൽ പോകാനും തുണയായത് .

ബംഗളൂരു സ്വദേശിയായ നയാസ് പാഷ ഒന്നര മാസം മുൻപ് കുവൈത്ത് എയർപോർട്ടിൽ ബോർഡിംഗ് പാസ് കൈപ്പറ്റിയ ശേഷം കാത്തു നിൽക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. പലവിധ രോഗങ്ങളാൽ ക്ഷീണിതനായിരുന്ന ഇദ്ദേഹത്തിന് പൊടുന്നനെ ഷുഗർ കൂടിയതാണ് കുഴഞ്ഞുവീഴാൻ കാരണം. ഉടൻതന്നെ എയർപോർട്ട് അധികൃതരുടെ സഹായത്തോടെ അധാൻ ആശുപത്രിയിലെത്തിച്ചു.

എല്ലാ അവധി ദിവസങ്ങളിലും കുവൈത്തിലെ വിവിധ ആശുപത്രികളിൽ സന്ദർശനവും രോഗീ പരിചരണവും പതിവാക്കിയ മാഗ്നറ്റ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ട നയാസ് പാഷക്ക് ഒന്നരമാസത്തോളം സ്വാന്തനവും സഹായവുമേകിയത് മാഗ്നെറ് പ്രവർത്തകരാണ്.

രോഗം നിയന്ത്രണ വിധേയമാണെന്ന ഡോക്ടർമാരുടെ അഭിപ്രായത്തെ തുടർന്ന് നാട്ടിലേക് പോകാൻ നയാസ് വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ടിക്കറ്റ് എടുക്കാൻ പണം ഇല്ലാതിരുന്ന നയാസിന് മാഗ്നെറ് പ്രവർത്തകർ തന്നെയാണ് തുക സമാഹരിച്ചു നൽകിയത്.

തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീൽ ചെയറിലും സ്ട്രക്ചറിലും നയസിനെ വിമാനത്താവളത്തിൽ എത്തിക്കും വരെ മാഗ്നെറ് പ്രവർത്തകരായ അസീസ്, സത്താർ, ഹമീദ്, ഉമ്മർ,നസീർ,അസീസ് മൗലവി, ഫയാസ്, നൗഫൽ എന്നിവർ കൂടെയുണ്ടായിരുന്നു

കെ കെ എം എ യുടെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി കുവൈത്തിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു സേവനം നടത്തുന്ന മാഗ്നെറ് സ്തുത്യർഹമായ കാരുണ്യ പ്രവർത്തനമാണ് അനുഷ്ഠിക്കുന്നത് .പതിവുള്ള ആശുപത്രി സന്ദർശനത്തിനിടെ കണ്ടെത്തുന്ന നിരാലംബ രോഗികൾക്കു സാധ്യമായ എല്ലാ സഹായങ്ങളും മാഗ്നെറ് നൽകുന്നു. ജാതിയോ മതമോ ദേശമോ ഭാഷയോ നോക്കാതെ മാഗ്നെറ് നൽകുന്ന സേവനത്തിനു താങ്ങായി പലപ്പോഴും ആശുപത്രി ജീവനക്കാരും ഡോക്ടർമാരും കൈകോർക്കുന്നു

മാഗ്നെറ്റിന്‍റെ സേവനം ആശുപത്രിയിൽ മാത്രം ഒതുങ്ങുന്നില്ല. അപകടത്തിലോ അല്ലാതെയോ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങളും ചെയ്തു നൽകും. രേഖകൾ ശരിയാക്കാൻ മരിച്ചവരുടെ ബന്ധുക്കൾക്ക് പലപ്പോഴും എവിടെയാണ് സമീപിക്കേണ്ടതെന്നോ എങ്ങനെയാണ് പൂർത്തീകരിക്കേണ്ടതെന്നോ അറിയില്ല. മാഗ്നെറ്റിന്‍റെ സജീവ പ്രവർത്തകരായ സംസം റഷീദ്, അഷ്റഫ് മാങ്കാവ്, ബഷീർ തുടങ്ങിയവരാണ് ഈ കാര്യങ്ങൾക്കു ഓടിയെത്തുന്നത്. ഇന്ത്യൻ എംബസിയിൽ നിന്നുവേണ്ട സഹായങ്ങൾക്ക് കൂട്ടായി കെ കഐംഎയുടെ ഓർഗനൈസിംഗ് സെക്രട്ടറി കെ.സി. റഫീഖും സജീവമാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും മാഗ്നെറ് ഈ സേവനങ്ങൾ നൽകുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ