നിതീഷിന്‍റെ കുടുംബത്തിന് കേളിയുടെ കൈത്താങ്ങ്
Tuesday, April 18, 2017 8:07 AM IST
റിയാദ്: കഴിഞ്ഞ മാസം സൗദി അറേബ്യയിലെ ലൈല അഫ്ലാജിൽ മരിച്ച നിതീഷിന്‍റെ കുടുംബത്തിന് കേളി ധനസഹായം നൽകി. പികെ ശശി എംഎൽഎ നിതീഷിന്‍റെ വീട്ടിലെത്തി നിതീഷിന്‍റെ പിതാവ് പരിയാരത്ത് രാമകൃഷ്ണന് കേളിയുടെ കുടുംബസഹായം കൈമാറി.

പാലക്കാട് ജില്ലയിലെ കരിന്പുഴ കുലിക്കിലിയാട് പരിയാരത്ത് രാമകൃഷ്ണന്‍റെ മകനായ നിതീഷ് ഒരു വർഷം മുൻപാണ് സൗദിയിലെത്തിയത്.

നിതീഷിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി റിയാദ് കേളി കലാ സ്വാംസ്കാരികവേദി അൽഖർജ് ഏരിയയിലെ ലൈല അഫ്ലാജ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് കുടുംബസഹായം സമാഹരിച്ചത്.

കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് മൂസ മാസ്റ്റർ, ജില്ലാ പ്രസിഡന്‍റ് അഡ്വ: മജീദ്, സെക്രട്ടറി വി.കെ. ഉമ്മർ, കേളി ലൈല അഫ്ലാജ് യൂണിറ്റ് ട്രഷറർ ഫൈസൽ ഒറ്റപ്പാലം, കേളി മുൻ കേന്ദ്ര രക്ഷാധികാരി സമിതി അംഗം ചാമുണ്ണി ആലത്തൂർ, എം. മോഹനൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കുന്നത്ത് മൊയ്തീൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.