അബുദാബി അന്താരാഷ്ട്ര സുരക്ഷാ സഖ്യത്തിന്‍റെ ആസ്ഥാനം
Thursday, February 23, 2017 7:51 AM IST
അബുദാബി: അന്തരാഷ്ട്രതലത്തിലുള്ള ആസൂത്രിത കുറ്റകൃത്യങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് യുഎഇ അടക്കം ഏഴു രാജ്യങ്ങൾ ചേർന്ന് സുരക്ഷാസഖ്യത്തിനു രൂപം നൽകി. അബുദാബി ആസ്ഥാനമായി രൂപം നൽകിയ സഖ്യത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, സെനഗൽ, ബഹറിൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ഷെയ്ഖ് സയിഫ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അംഗ രാജ്യങ്ങൾക്കിടയിലെ സുരക്ഷാസേനകൾ തമ്മിലുള്ള സഹകരണം വർധിപ്പിച്ച് വിവിധ തരത്തിലുള്ള ആസൂത്രിത കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ധാരണകളാണ് തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ചു സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുകയും ആഭ്യന്തര സേനകളുടെ വൈദഗ്ധ്യവും പരിശീലനമുറകളും പരസ്പരം പങ്കുവയ്ക്കും.

ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ മറവിൽ അന്താരാഷ്ട്ര സുരക്ഷാ രംഗത്തു ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള യുഎഇയുടെ നിശ്ചയദാർഢ്യത്തിനനുസരണമായി രൂപപ്പെടുത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് പുതിയ സഖ്യമെന്ന് ഷെയ്ഖ് സയിഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

പ്രഖ്യാപന സമ്മേളനത്തിൽ ബഹറിൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ലാഹ് അൽ ഖലീഫ, സെനഗൽ, ഇറ്റലി, സ്പെയിൻ മൊറോക്കോ എന്നീ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതോദ്യഗസ്ഥരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള