റിയാദ് നവോദയ ഭവന പദ്ധതി ആദ്യ വീടിന് തറക്കല്ലിട്ടു
Thursday, February 23, 2017 7:37 AM IST
റിയാദ്: രാഷ്ട്രീയ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന റിയാദ് നവോദയ നിർധന പ്രവാസികൾക്ക് ഭവനം നിർമിച്ചു നൽകുന്നു. തലചായ്ക്കാനൊരു വീട് എന്നു നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കണ്ണൂർ ജില്ലയിലെ എടചൊവ്വ സ്വദേശിയും ഷിഫ സനയ്യയിൽ വർക്ഷോപ്പ് ജീവനക്കാരനുമായിരുന്ന വിപിൻ ചന്ദ്രന്‍റെ ഭവന നിർമാണത്തിനുള്ള തറക്കല്ലിടൽ കർമം നടത്തിക്കൊണ്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നിർവഹിച്ചു. നവോദയ സ്ഥാപക നേതാവ് ഉദയഭാനു, മുൻ പ്രസിഡന്‍റ് രതീശൻ, നവോദയ പ്രവർത്തകരായ ബഷീർ, രാജീവൻ തുടങ്ങിയവരും സിപിഎം പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

പ്രവാസി പൊതുസമൂഹത്തിന്‍റെ സഹകരണത്തോടെയാകും ഭവന നിർമാണത്തിനുള്ള ഫണ്ട് സ്വരൂപിക്കുക. വർഷങ്ങളോളം റിയാദ് ഷിഫാ സനയ്യയിലെ ഒരു വർക്ഷോപ്പിൽ ലേബർ ജോലി നോക്കിയിരുന്ന വിപിന്‍റെ തുഛമായ വരുമാനം കുടുംബത്തിന്‍റെ ചെലവുകൾക്കോ ഗൾഫിലേക്ക് വന്ന കടം തീർക്കാൻ പോലുമോ തികയുമായിരുന്നില്ല. ഇതിനിടയിൽ വർക്ഷോപ്പ് അടച്ചതോടെ ജോലിയും നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

വൃദ്ധയായ അമ്മയും സഹോദരിയും അനുജനും അടങ്ങുന്ന കുടുംബം കഴിയുന്നത് ഓലമേഞ്ഞ് പഴകിപൊളിഞ്ഞ ഒരു വീട്ടിലാണ്. ആ വീട് പൊളിച്ച് കുടുംബത്തെ ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റിയാണ് അതേ സ്ഥലത്ത് മറ്റൊരു വീട് നിർമിച്ചു നൽകാൻ നവോദയ തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയിലേക്ക് സഹായങ്ങൾ നൽകാൻ താത്പര്യമുള്ളവർ കുമ്മിൾ സുധീർ 0508898691, സുരേഷ് സോമൻ 0571189535 എന്നീ നന്പരുകളിൽ ബന്ധപ്പെടണമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ