പ്രബോധനത്തിൽ ഭീകരവാദത്തിന് ഇടമില്ല
Wednesday, February 22, 2017 8:01 AM IST
ജിദ്ദ: മതപ്രബോധനം ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും ഭീകരതയ്ക്കോ തീവ്രവാദത്തിനോ അതിൽ സ്ഥാനമില്ലെന്നും പ്രമുഖ ഇസ് ലാമിക പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനുമായ ബഷീർ പട്ടേൽത്താഴം അഭിപ്രായപ്പെട്ടു. വിനയത്തോടെയും സദുപദേശത്തോടെയുമാകണം പ്രബോധനം നിർവഹിക്കൽ. പ്രബോധനത്തിലേർപ്പെടുന്നവർക്ക് പരീക്ഷണങ്ങൾ സംഭവിക്കുമെന്നും അത്തരം ഘട്ടങ്ങളിൽ ക്ഷമയവലംബിക്കുന്നവർക്കാണ് വിജയമെന്നുമദ്ദേഹം ഓർമിപ്പിച്ചു.

ഏകദൈവവിശ്വാസം ഒരിക്കലും പ്രശ്നമല്ല, മറിച്ച് എല്ലാ പ്രശ്നങ്ങൾക്കും വർഗീയതയ്ക്കുമുള്ള പരിഹാരമാണ്. എന്നാൽ ബഹുസ്വരസമൂഹത്തോട് ഇണങ്ങിച്ചേർന്നുകൊണ്ടാകണം പ്രബോധകർ വർത്തിക്കേണ്ടത്. ഇസ് ലാഹി പ്രസ്ഥാനത്തിന്‍റെ നേതാക്കളെല്ലാം ഇത്തരക്കാരായിരുന്നു. മാതൃഭൂമിയുടെ കെ.പി. കേശവമേനോനും കെ.എം. മൗലവിയുമുള്ള സൗഹൃദം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള-വക്കം മൗലവി കൂട്ടുകെട്ട്, എംപി നാരായണമേനോന് കട്ടിലശേരി മുഹമ്മദ് മൗലവിയുമായുള്ള അടുപ്പം, വക്കം മൗലവിക്ക് ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, ജയിലിൽവച്ച് പാണക്കാട് പൂക്കോയ തങ്ങൾ എൻ.വി. അബ്ദുസലാം മൗലവിയുടെ ഖുർആൻ ക്ലാസിൽ പങ്കെടുത്ത ചരിത്രം തുടങ്ങിയവ ഇത്തരം രീതികൾക്കുദാഹരണമായി അദ്ദേഹം എടുത്തു പറഞ്ഞു. ഇസ് ലാഹി പ്രസ്ഥാനത്തിന്‍റെ പുനരേകീകരണത്തിലുള്ള സന്തോഷം അദ്ദേഹം സദസുമായി പങ്കുവച്ചു. യോഗത്തിൽ അബാസ് ചെന്പൻ, ഷാജഹാൻ എളങ്കൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ