ഹരിക്കൈൻസ് വിന്‍റർ ഫുഡ് ഫെസ്റ്റ്
Tuesday, February 21, 2017 7:27 AM IST
റിയാദ്: ഗൃഹാതുരത്വമുണർത്തുന്ന വിവിധ നാടൻ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി റിയാദ് ഹരിക്കൈൻസ് സംഘടിപ്പിച്ച വിന്‍റർ ഫുഡ് ഫെസ്റ്റ് ന്ധഎപ്പിക്യുർ 2017’ ശ്രദ്ധേയമായി.

സുലയയിലെ അൽ സ്വാലിയ ഇസ്തറാഹയിൽ സംഘടിപ്പിച്ച പരിപാടി ജയചന്ദ്രൻ നെരുവന്പ്രം ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭക്ഷണവും ഭക്ഷണരീതിയും രുചി പോലും ബഹുരാഷ്ട്ര കുത്തകകൾ തീരുമാനിക്കുന്ന പുതിയ കാലത്ത് ധീരമായ ഇത്തരം ശ്രമങ്ങൾ മാതൃകാപരവും അനുകരണീയവും ആണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്ക് നമ്മുടെ ഭക്ഷണക്രമം എങ്ങനെയായിരുന്നു എന്നതു പോലും അജ്ഞമാണ്. വേരുകൾ നഷ്ടപ്പെട്ട ഒരു കൂട്ടമായി അവർ മാറാതിരിക്കാൻ ഇത്തരം വീണ്ടെടുപ്പുകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതിൻ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. രാവിലെ മുതൽ അർധരാത്രി വരെ നീണ്ട ഫെസ്റ്റിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ തനി നാടൻ വിഭവങ്ങൾ വീട്ടമ്മമാരടക്കം വിവിധ സ്റ്റാളുകൾ വഴി പരിചയപ്പെടുത്തി. സംഗീത ബാബു, കവിത ഹരീഷ്, സുചിത്ര രാധാകൃഷ്ണൻ, രാഖി കലേഷ്,വിപിൻ കുമാർ,ഷിബു,യാസിർ,വൈശാഖ്, ഷിജു, ദിൽജിത് എന്നിവരുടെ നേതൃത്വത്തിലാണ് നാടൻ വിഭവങ്ങൾ ഒരുക്കിയത്. അനിൽ കുമാർ, അനൂപ്, ലിമേഷ്, റിയാദ്, പ്രശോഭ്, ബൈജു എന്നിവർ ചേർന്ന് ലൈവ് ഡിഷസ് പരിചയപ്പെടുത്തി. റിയാദിലെ പ്രമുഖ കേക്ക് നിർമാതാക്കളായ ഹാഷ് കോർണർ ഒരുക്കിയ സ്റ്റാളിൽ നിന്ന് കേക്ക് നിർമാണത്തിലെ പൊടിക്കൈകൾ ഹാഷിഫ നിസാം വിവരിച്ചു. പരിപാടിയോടനുബന്ധിച്ച് ജ്യോതി പ്രകാശ് നയിച്ച ഗാനമേളയും അരങ്ങേറി. ഭദ്ര പ്രകാശ്, രഞ്ജിനി രാജേഷ്, സുരേഷ് ആലപ്പുഴ, ലേഖ സന്തോഷ്, ഡെന്നിസ് വർഗീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ മിഥുൻ രാജ്, അഷ്റഫ് നരിക്കുനി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ