യുടിഎസ്സി സോക്കർ ഫെസ്റ്റ്: ഇഎഫ്എസ് ജേതാക്കൾ
Monday, January 23, 2017 8:02 AM IST
ജിദ്ദ: യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ് (യുടിഎസ്സി) സംഘടിപ്പിച്ച ഫാദിൽ ഗ്രൂപ്പ് സോക്കർ ഫെസ്റ്റിവലിൽ ഇഎഫ്എസ് ജേതാക്കളായി. ഫൈനലിൽ ജഐസ്സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇഎഫ്എസ് കിരീടം നേടിയത്.

ആദ്യ പകുതിയുടെ രണ്ടാം മിനിട്ടിൽ സൽമാനാണ് ഇഎഫ്എസിനുവേണ്ടി ആദ്യം ഗോൾ നേടിയത്. 23, 24 മിനിട്ടുകളിൽ തുടരെ രണ്ടു ഗോളുകൾ നേടിക്കൊണ്ട് വലീദ് ഇഎഫ്എസിന്‍റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ ഉഗ്രനൊരു ഹെഡ്ഡറിലൂടെ ഒരു ഗോൾ മടക്കി ജഐസ്സിയുടെ സാമിർ ലീഡ് കുറച്ചെങ്കിലും കളിയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. സയിദും നസീമുമായിരിന്നു ഇഎഫ്എസിനുവേണ്ടി മറ്റു രണ്ടു ഗോളുകൾ നേടിയത്.

ബാറിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ച ജഐസ്സിയുടെ ഗോൾ കീപ്പർ അഫ്നാൻ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായി. ടൂർണമെന്‍റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഇഎഫ്എസിന്‍റെ നസീം ഫെയർ പ്ലേയ് അവാർഡ് കരസ്ഥമാക്കി. മറ്റു പുരസ്കാരങ്ങൾ ഐബക് (ഐടിഎൽ) മികച്ച ഗോൾ കീപ്പർ, ഷെരീഫ് (യൂത്ത് ഇന്ത്യ) മികച്ച ഡിഫൻഡർ, സക്കീർ (ജഐസ്സി) മികച്ച ഫോർവേഡ്, വലീദ് (ഇഎഫ്എസ്) ഗോൾ സ്കോറർ എന്നിവർ സ്വന്തമാക്കി.

കാണികൾക്കായി നടത്തിയ റീഗൾ മോൾ ഷൂട്ട് ഒൗട്ട് മത്സരത്തിൽ മഖ്ബൂലും ജീപാസ് ഭാഗ്യ സമ്മാനത്തിന് സാദിഖ് എടക്കാടും അർഹരായി.

മുഖ്യാതിഥി അൽഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് കഐസ്എ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടെക്നിക്കൽ ഡയറക്ടർ പി.ആർ. സലിം പ്രസംഗിച്ചു. ഹാഷിർ അമീറുദ്ദീൻ അവതാരകനായ സമ്മാനദാന ചടങ്ങുകൾക്ക് ക്ലബ് പ്രസിഡന്‍റ് ഹിഷാം മാഹി, സെക്രട്ടറി അഷ്ഫാഖ് എന്നിവർ നേതൃത്വം നൽകി. അടുത്തുതന്നെ ഹോക്കി ടൂർണമെന്‍റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ