മാധ്യമ പ്രവർത്തകർ ജനപക്ഷത്തു നിലയുറപ്പിക്കണം: എം.വി. നികേഷ്കുമാർ
Saturday, January 21, 2017 10:34 AM IST
ജിദ്ദ: കേരളത്തിലെ അഭിഭാഷകർ ഏകപക്ഷീയമായി പത്രപ്രവർത്തകർക്കുനേരെ അതിക്രമം അഴിച്ചുവിട്ടിട്ടും പത്രപ്രവർത്തകർക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാതെ പോയത് അവരുടെ അഹന്തകൊണ്ടാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവി എംഡിയുമായ എം.വി. നികേഷ്കുമാർ. ജിദ്ദ ഇന്ത്യൻ മീഡിയഫോറം സംഘടിപ്പിച്ച സൗഹൃദ സംഭാഷണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പത്രലേഖകരുടെ മുഖവും ഭാവവുമെല്ലാം തങ്ങൾ എല്ലാത്തിനും മുകളിലെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് ജനങ്ങളിൽ മടുപ്പുണ്ടാക്കിയിരുന്നു. അതിന്‍റെ ഫലമായാണ് വനിതാ പത്രപ്രവർത്തകരുൾപ്പെടെയുള്ളവർക്കുനേരെ ക്രൂരമായ അതിക്രമം ഉണ്ടായിട്ടും ജനങ്ങൾ അത് ഏറ്റെടുക്കാതിരുന്നതെന്നും ഇതു തിരിച്ചറിയാൻ പത്രപ്രവർത്തകർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഏതു പത്രപ്രവർത്തകർക്കും അബദ്ധങ്ങളും തെറ്റുകളും സംഭവിക്കും. അത്തരം തെറ്റ് തനിക്കും ഉണ്ടായിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വിവാദ കേസിൽ കോഴിക്കോട് പ്രത്യക്ഷപ്പെട്ട ഇരയെയും അവരുടെ കുഞ്ഞിനെയും അന്ന് ടിവിയിൽ കാണിച്ചത് തെറ്റായിരുന്നു. ഇന്ന് അതു കാണിക്കുന്നതിനെതിരെ നിയമമുണ്ട്. അന്ന് നിയമുണ്ടായിരുന്നില്ലെങ്കിലും ഇരയെ കാണിക്കാൻ പാടില്ലായിരുന്നു. തെറ്റു സംഭവിച്ചതിൽ ഖേദം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ കേസിൽ തന്‍റെ നിലപാടിൽ ഒരു തെറ്റും ഉണ്ടായിട്ടില്ല.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങളുടെ കോർപ്പറേറ്റ് വത്കരണമാണ്. പ്രാദേശിക മാധ്യമങ്ങൾ പോലും കോർപറേറ്റുകളുടെതായി മാറുന്ന സ്ഥിതി വിശേഷം അപകടകരമാണ് അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താവതാരകൻ, അല്ലെങ്കിൽ വാർത്തകൾ നിശ്ചയിക്കുന്നയാൾ എന്ന നിലയിൽ ഇനി ടിവിയിൽ പ്രത്യക്ഷപ്പെടില്ല. അതേ സമയം തന്‍റെ രാഷ്ട്രീയം ജനങ്ങൾ മനസിലാക്കിക്കൊണ്ടുതന്നെ എല്ലാവർക്കും സ്വീകാര്യമായ ടെലിവിഷൻ ഷോകളുമായി താമസിയാതെ രംഗത്തുവരുമെന്ന് നികേഷ്കുമാർ പറഞ്ഞു.

മീഡിയ ഫോറത്തിന്‍റെ ഉപഹാരം ഫോറം ഭാരവാഹികൾ നികേഷിന് സമർപ്പിച്ചു.
ഫോറം പ്രസിഡൻറ് പി.എം. മായിൻകുട്ടി അധ്യക്ഷത വഹിച്ചു. ജറൽ സെക്രട്ടറി സാദിഖലി തുവൂർ, ട്രഷറർ സുൾഫീക്കർ ഒതായി എന്നിവർ പ്രസംഗിച്ചു. മീഡിയ ഫോറം അംഗങ്ങളായ ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, കെ.ടി.എ. മുനീർ, അബ്ദുറഹ്മാൻ വണ്ടൂർ, നാസർ കരുളായി, ശരീഫ് സാഗർ, സി.കെ. ശാക്കിർ, ഹാഷിം കോഴിക്കോട്, മുസ്തഫ പെരുവള്ളൂർ, ഹനീഫ ഇയ്യാംമടക്കൽ, പി.കെ. സിറാജുദ്ദീൻ, നിയാസ്, മൂസക്കുട്ടി വെട്ടിക്കാട്ടിരി, കെബീർ കൊണ്ടോട്ടി, നിഷാദ് അമീൻ, ശിവൻ പിള്ള, എം.ഡി. ശുഐബ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ