അല്‍ മുക്താദിര്‍ ജ്വലറിയിലെ റെയ്ഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
Friday, January 10, 2025 3:28 PM IST
തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വലറികളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വിദേശത്തേക്ക് 50 കോടി കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണം നേരത്തേ ബുക്ക് ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് മണി ചെയിന്‍ മാതൃകയില്‍ കോടിക്കണക്കിന് രൂപ ഇവര്‍ ശേഖരിച്ചിരുന്നു. ഇത് പിന്നീട് വ്യക്തി അധിഷ്ഠിത കാര്യങ്ങള്‍ക്ക് വേണ്ടി വക മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തി.
അല്‍ മുക്താദിർ ജ്വലറിയും മുംബൈയിലെ ഒരു ഗോള്‍ഡ് പര്‍ച്ചേസിംഗ് സ്ഥാപനമായ യുണീക്ക് ചെയിനുമായി ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും 400 കോടിയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും മുംബൈയിലും അടക്കം അല്‍ മുക്താദിറിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുകയായിരുന്നു. സംസ്ഥാനത്ത് 30 കടകളിലാണ് പരിശോധന നടത്തിയത്.
അരുണ്‍ കുമാര്‍ ദ്വയാര്‍ഥ പ്രയോഗം നടത്തി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്
Friday, January 10, 2025 3:04 PM IST
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്. കലോത്സവ റിപ്പോര്‍ട്ടിംഗിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയതിനാണ് കേസ്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെയാണ് സംഭവം. ഒപ്പനയില്‍ മണവാട്ടിയായ ഒരു കുട്ടിയോട് ഷാബാസ് എന്ന റിപ്പോര്‍ട്ടര്‍ ദ്വയാര്‍ഥ പ്രയോഗത്തോടെ സംസാരിച്ചെന്നാണ് കേസ്. ഇതേ തുടര്‍ന്ന് നടത്തിയ വാര്‍ത്താ അവതരണത്തില്‍ അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ഥ പ്രയോഗത്തോടെ സംസാരിച്ചെന്നും ബാലാവകാശ കമ്മീഷന് വ്യക്തമാക്കി.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോടും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും; ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
Friday, January 10, 2025 2:47 PM IST
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ റിമാൻഡിലുള്ള ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് കോടതി ചോദിച്ചു. പൊതു ഇടത്തില്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
തനിക്കെതിരേ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ബോബി കോടതിയില്‍ വാദിച്ചു. താന്‍ ഹാജരാക്കിയ രേഖകള്‍ മജിസ്ട്രേറ്റ് കോടതി പരിശോധിച്ചില്ലെന്നും വാദമുയർത്തിയിരുന്നു.
എന്നാൽ സര്‍ക്കാരിന് മറുപടി നല്കാന് സമയം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ചബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. ബോബിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് ബോബി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
കാട്ടാക്കട അശോകന് വധക്കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
Friday, January 10, 2025 3:34 PM IST
തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ അശോകന് വധക്കേസില്‍ എട്ട് ആര്‍എസ്എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്, പ്രശാന്ത്എന്നീ പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 11 പ്രതികളെ കോടതി വെറുതേ വിട്ടു. ഒരു പ്രതി വിചാരണക്കാലയളവില്‍ മരിച്ചു. മറ്റൊരു പ്രതി മാപ്പുസാക്ഷിയായി.
2013 മേയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അശോകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ ശംഭു പലിശയ്ക്ക് കൊടുത്ത പണം തിരികെ ലഭിക്കാത്തതിന് ഒരു യുവാവിനെ മര്‍ദിച്ചിരുന്നു. ഈ വിഷയത്തില്‍ അശോകന് യുവാവിനൊപ്പം നിന്നതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണം.
ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി; ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Friday, January 10, 2025 2:01 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം നേരിയ മഴയ്ക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചുദിവസത്തേക്കുള്ള മഴ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, തിങ്കളാഴ്ച കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മിതമായതോ നേരിയതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി; ഉച്ചയ്ക്കു ശേഷം പരിഗണിക്കും
Friday, January 10, 2025 1:52 PM IST
കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. പന്ത്രണ്ടരയോടെ ഓണ്‍ലൈനായാണ് അഭിഭാഷകന് അപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായതാണെന്നും റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. ഇവിടെനിന്ന് ഓടിപ്പോകുന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
നാളെ രണ്ടാം ശനിയും പിറ്റേന്ന് ഞായറാഴ്ചയുമായതിനാൽ ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ രണ്ടു ദിവസം കൂടി ബോബി ജയിലിൽ കഴിയേണ്ടി വരും.
അതേസമയം, ബോബിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങില്ല. പ്രതിക്കെതിരേയുള്ള നിര്‍ണായക തെളിവുകളെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതുപ്രകാരമാണ് ബോചെയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്. ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അത്തരം സാഹചര്യം വന്നാല്‍ മാത്രം കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് പോലീസ് പറയുന്നത്.
തന്നെ അധിക്ഷേപിച്ചുവെന്നു കാണിച്ച് യുട്യൂബര്‍മാര്‍ക്കെതിരേ ഹണി റോസ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷണം നടത്തുമെന്നും സെന്‍ട്രല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയകുമാര്‍ പറഞ്ഞു.
ബോചെയ്ക്ക് തിരിച്ചടിയായത് ഹണി റോസിന്റെ രഹസ്യമൊഴി
ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയില്‍ തിരിച്ചടിയായത് ഹണി റോസ് എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയായിരുന്നു. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റില്‍ ബോബി ചെമ്മണ്ണൂരിനെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തില്‍ സ്പര്ശിച്ചും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാര്‍ഥ പ്രയോഗം ആവര്‍ത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരേ നടത്തിയ ലൈംഗിക അധിക്ഷേപങ്ങള്‍ അടക്കമാണ് ഹണി റോസിന്റെ പരാതി.
യുഡിഎഫ് സംഘപരിവാറുമായി സഖ്യത്തിനു ശ്രമിക്കുന്നു; നാലുവോട്ടിനു വേണ്ടി എൽഡിഎഫ് രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല
Friday, January 10, 2025 1:34 PM IST
ആലപ്പുഴ: നാലു വോട്ടിനു വേണ്ടി എൽഡിഎഫ് രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയ ശക്തികളുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘപരിവാറുമായി തുറന്ന സഖ്യത്തിന് യുഡിഎഫ് ശ്രമിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൃശൂരിൽ ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ടാണ്. തൃശൂരിൽ എൽഡിഎഫിന് വോട്ട് കൂടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ഒന്നിച്ചാണ് എൽഡിഎഫിനെ നേരിട്ടത്. കോലീബി സഖ്യം ജനം മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരെയും കൂടെക്കൂട്ടാനുള്ള ഗതികേടിലേക്ക് ലീഗ് പോയി. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന സഖ്യത്തിലേക്ക് പോകുന്നത്. ന്യൂനപക്ഷ വർഗീയതയ്ക്കെതിരേ ലീഗ് നിലപാട് എടുത്തില്ലെങ്കിൽ ആത്മഹത്യാപരമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
എൻ.എം.വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി
Friday, January 10, 2025 3:35 PM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.
ജനുവരി 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൻ നിർദേശം നൽകി. വയനാട്
ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചന്റെയും ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോഴാണ് കോടതി നിർദേശം.
ഇവർ ഇരുവർക്കും കെ.കെ.ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് വ്യാഴാഴ്ചയാണ് പോലീസ് കേസെടുത്തത്. കേസിൽ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് കോടതി ഇടപെടൽ.
കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളും വയനാട്ടിലില്ലെന്ന വിവരത്തിന് പിന്നാലെയാണ് കോടതി നിർദേശം വന്നത്. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
പുതിയങ്ങാടിയിലെ ആനയുടെ ആക്രമണം; പരിക്കേറ്റയാള്‍ മരിച്ചു
Friday, January 10, 2025 1:11 PM IST
മലപ്പുറം: തിരൂര്‍ പുതിയങ്ങാടി മസ്ജിദിൽ നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി മസ്ജിദിൽ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്. ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്.
മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. പിന്നീട് പാപ്പാന്മാര് ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്.
മൂന്നാംദിനവും സ്വര്‍ണവില മുകളിലേക്ക്; ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
Friday, January 10, 2025 1:02 PM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വർണവില ഉയർന്നു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 58,480 രൂപയിലും ഗ്രാമിന് 7,285 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,010 രൂപയാണ്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വെള്ളിയാഴ്ചയും വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച സ്വർണവില ഉയർന്നു. പിന്നീട് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വർധിച്ചത് 600 രൂപയാണ്. പത്തുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെയും വിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിനു 2,673.68 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.
വയനാട്ടില്‍ ജനവാസമേഖലയില്‍ എത്തിയ കുട്ടിയാനയെ പിടികൂടി
Friday, January 10, 2025 12:38 PM IST
വയനാട്: തിരുനെല്ലി മുള്ളന്‍കൊല്ലി പ്രദേശത്ത് കൂട്ടം തെറ്റി ജനവാസമേഖലയില്‍ എത്തിയ കുട്ടിയാനയെ പിടികൂടി. ആര്‍ആര്‍ടി സംഘമാണ് ആനയെ കുരുക്കിട്ട് പിടികൂടിയത്. ആനയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും.
ആനയുടെ കാലിലും തുമ്പികൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കടുവയോ മറ്റോ ഓടിച്ചതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസം മുതലാണ് കുട്ടിയാനയെ ജനവാസമേഖലയില്‍ കണ്ടത്. വീടുകള്‍ക്ക് മുന്നിലൂടെ ആന ഓടി നടന്നതോടെ ആനയെ പിടികൂടാന്‍ ആര്‍ആര്‍ടി സംഘം തീരുമാനിക്കുകയായിരുന്നു.
അതിരൂപതാഭവനം കൈയേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ്
Friday, January 10, 2025 12:23 PM IST
കൊച്ചി: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങൾക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കൈയേറി സമരം നടത്തുകയും ചെയ്യുന്നത് അപലപനീയമെന്ന് സീറോ മലബാർ സിനഡ്.
ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്നും സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു. ഇപ്രകാരമുള്ള പ്രവർത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാർ കത്തോലിക്കാ വിശ്വാസികളോടു സിനഡ് ആവശ്യപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ് നിർദേശം നല്‍കിയെന്നും സീറോ മലബാർ സഭ പിആർഒ റവ.ഡോ. ആന്റണി വടക്കേകര വിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വഴിയടച്ചുള്ള സമരം; കോടതിയില്‍ ഹാജരാകുമെന്ന് ബിനോയ് വിശ്വം
Friday, January 10, 2025 12:10 PM IST
തിരുവനന്തപുരം: വഴിയടച്ചുള്ള സമരം നടത്തിയ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് കോടതിയില്‍ ഹാജരാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനഃപൂര്‍വം സംഭവിച്ചതല്ല. ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങള്‍ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കറിയാം. കോടതി വിധിയെ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം തടസപ്പെടുത്തി റോഡിൽ പന്തൽ കെട്ടിയ സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പ്രതികരണം.
സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളോടാണ് കോടതി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. വഴിയടച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ജോയിന്റ് കൗണ്‍സിൽ നടത്തിയ സമരത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾ ഫെബ്രുവരി പത്തിന് നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചത്.
പാര്‍ട്ടി അംഗങ്ങള്‍ മദ്യപാനം വീട്ടില്വച്ചായിക്കൊള്ളണം: ബിനോയ് വിശ്വം
Friday, January 10, 2025 11:48 AM IST
തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങള്‍ക്ക് മദ്യപാനശീലമുണ്ടെങ്കില്‍ അത് വീട്ടില്വച്ചായിക്കൊള്ളണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ല. പാര്‍ട്ടിയുടെ നയം മദ്യവര്‍ജനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനരേഖയിലെ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ബിനോയ് വിശ്വം. പാര്‍ട്ടിയുടെ അന്തസിന് കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറാനോ പൊതുസ്ഥലങ്ങളില്‍ മദ്യപിക്കാനോ പാടില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം.
ഉത്തരവാദിത്വത്തോടെ പൊതുസമൂഹത്തില്‍ പെരുമാറേണ്ട ബാധ്യത ഒരു സിപിഐ പ്രവര്‍ത്തകനുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവഗായകന് മലയാളത്തിന്റെ അന്ത്യാഞ്ജലി; സംഗീത നാടക അക്കാദമിയിൽ പൊതുദർശനം
Friday, January 10, 2025 11:46 AM IST
തൃശൂർ: മലയാളത്തിന്റെ ഭാവഗായകന് അന്ത്യാഞ്ജലിയർപ്പിച്ച് കലാകേരളം. സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം പുരോഗമിക്കുകയാണ്. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകളാണ് പ്രിയഗായകനെ ഒരുനോക്കു കാണാനെത്തുന്നത്.
മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
രാവിലെ പി. ജയചന്ദ്രന്റെ മൃതദേഹം പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ (മണ്ണത്ത് ഹൗസ്) എത്തിച്ചിരുന്നു. ഇതിനുശേഷമാണ് സംഗീതനാടക അക്കാദമിയിലെത്തിച്ചത്. പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.
തുടർന്ന് വൈകുന്നേരം 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
Friday, January 10, 2025 11:49 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുവഴി സംസ്ഥാനത്തിന് വിവിധതരം ധനസഹായത്തിന് അര്‍ഹത ലഭിക്കുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്കി.
ദുരന്തബാധിത മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേരളത്തിന് ലഭിക്കുന്ന ധനസഹായം പലതും കേന്ദ്രം പിടിച്ചുവയ്ക്കുകയാണെന്നും സംസ്ഥാനം കോടതിയില്‍ പറഞ്ഞു. എന്നാല്‍ അത് കേന്ദ്രത്തിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി.
എന്‍ഡിആര്‍എഫിലെ പണം മാനദണ്ഡങ്ങള്‍ കണക്കാക്കാതെ വിനിയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. ഹര്‍ജികള്‍ അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
രാജ്കോട്ടിൽ അയർലൻഡ് വനിതകൾക്ക് ടോസ്, ഇന്ത്യയ്ക്ക് ഫീൽഡിംഗ്
Friday, January 10, 2025 11:08 AM IST
രാജ്കോട്ട്: അയർലൻഡിനെതിരായ പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ഫീൽഡിംഗ്. ടോസ് നേടിയ ഐറിഷ് ക്യാപ്റ്റൻ ഗാബി ലൂയിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഹർമൻപ്രീത് കൗറിന്റെ അഭാവത്തിൽ സ്മൃതിയാണ് മൂന്നു മത്സര ഏകദിന പരന്പരയിൽ ഇന്ത്യയെ നയിക്കുക. ഹർമൻപ്രീത് കൗറിനൊപ്പം പേസർ രേണുക സിംഗും അയർലൻഡിന് എതിരായ പരന്പരയിൽ കളിക്കുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകളും ഐറിഷ് വനിതകളും പരന്പര കളിക്കുന്നത്.
അതേസമയം, യുവതാരം സയാലി സത്ഗരെയുടെ ഏകദിന അരങ്ങേറ്റത്തിനു കൂടി രാജ്കോട്ട് സാക്ഷ്യംവഹിക്കും. കഴിഞ്ഞ ഒക്ടോബറിൽ ഏകദിന ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇടംപിടിക്കാനായിരുന്നില്ല.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ഥാന (ക്യാപ്റ്റൻ), പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, തേജൽ ഹസബ്നിസ്, റിച്ച ഘോഷ്, ദീപ്തി ശർമ, സയാലി സത്ഗരെ, സൈമ താക്കർ, പ്രിയ മിശ്ര, തിത്താസ് സധു.
അയർലൻഡ് പ്ലേയിംഗ് ഇലവൻ: സാറാ ഫോർബ്സ്, ഗാബി ലൂയിസ്, ഉന റെയ്മണ്ട്-ഹോയ്, ഒർല പ്രെൻഡർഗസ്റ്റ്, ലോറ ഡെലാനി, ലീ പോൾ, ക്രിസ്റ്റീന കോൾട്ടൽ റെയ്ലി, അർലീൻ കെല്ലി, ജോർജിന ഡെംപ്സി, ഫ്രേയ സാർജന്റ്, ഐമി മഗ്വയർ.
ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി; 12-ാം ക്ലാസുകാരൻ പിടിയിൽ
Friday, January 10, 2025 10:57 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ പിടിയിൽ. പിടിയിലായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആറ് തവണയെങ്കിലും വിവിധ സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംശയം ഒഴിവാക്കാന്‍ എല്ലാത്തവണയും ഒന്നിലധികം സ്കൂളുകള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഒരു തവണ 23 സ്കൂളുകള്‍ക്ക് വരെ ഭീഷണി സന്ദേശം അയച്ചു. പരീക്ഷ റദ്ദാക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥി ഇത് ചെയ്തത്.
തലസ്ഥാനത്ത് പല സ്കൂളുകൾക്ക് നേരെ പല ദിവസങ്ങളിലായി ഒരേ സമയം ബോംബ് ഭീഷണി ഉയർന്നത് പോലീസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.വിപിഎൻ ഉപയോഗിച്ചുള്ള സന്ദേശമായതിനാൽ കുറ്റകൃത്യം ചെയ്തയാളെ കണ്ടെത്താനും വൈകുകയായിരുന്നു.
"വരുംതലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും': പി. ജയചന്ദ്രന് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
Friday, January 10, 2025 10:30 AM IST
ന്യൂഡൽഹി: ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് പി. ജയചന്ദ്രൻ മരണത്തിനു കീഴടങ്ങിയത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് അന്ത്യം.
"സ്റ്റേജിൽ ആദ്യമായി പാടിയത് അദ്ദേഹത്തിനൊപ്പം': പി. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ചിത്ര
Friday, January 10, 2025 10:17 AM IST
തൃശൂർ: ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗായിക കെ.എസ്. ചിത്ര. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത കേട്ടപ്പോൾ വളരയേറെ ദുഃഖം തോന്നിയെന്നും അദ്ദേഹത്തിനൊപ്പമാണ് താൻ സ്റ്റേജ് ഷോയിൽ ആദ്യമായി പാടിത്തുടങ്ങിയതെന്നും ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹം എന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവിടാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നു. തൃശൂരിൽ വന്നപ്പോൾ വയ്യാതിരിക്കുന്ന അദ്ദേഹത്തെ മൂന്നുതവണ കാണാൻ ശ്രമിച്ചു. എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിനു അവസരം ലഭിച്ചില്ല. അതിൽ സങ്കടമുണ്ടെന്നും ചിത്ര കൂട്ടിച്ചേർത്തു.
ഗുരുവായൂരപ്പ ഭക്തൻ എന്ന നിലയിൽ വൈകുണ്ഠ ഏകാദശിക്ക് തൊട്ടുമുൻപ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അനുഗ്രഹീതമായ ആത്മാവ്, അദ്ദേഹത്തിനു ആത്മശാന്തി നേരുന്നു. കുടുംബാംഗങ്ങളോടു ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും ചിത്ര കുറിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് പി. ജയചന്ദ്രൻ മരണത്തിനു കീഴടങ്ങിയത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് അന്ത്യം.
മാമി തിരോധാനക്കേസിൽ ദുരൂഹതയേറുന്നു; ഡ്രൈവറെ കാണാതായി
Friday, January 10, 2025 10:14 AM IST
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിന്റെ (മാമി -56) തിരോധാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്.
സംഭവത്തിൽ തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകി. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു.
മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രജിത് കുമാറിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. ഇയാൾക്ക് മാമി തിരോധാന കേസിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.
എലത്തൂർ സ്വദേശിയായ രജിത് കുമാറും ഭാര്യ തുഷാരയും കുറച്ച് നാളുകളായി കോഴിക്കോട് മാവൂർ റോഡിലെ എൻവൈകെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് റൂം ഒഴിവാക്കി പുറത്തുപോയ ഇരുവരെയും കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഡിസിസി ട്രഷററുടെ മരണം: കോൺഗ്രസ് നേതാക്കൾ ഒളിവിൽ
Friday, January 10, 2025 10:15 AM IST
വയനാട്: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഒളിവിലെന്ന് റിപ്പോർട്ട്. എംഎൽഎ ഐ.സി. ബാലകൃഷ്ണനും, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും രഹസ്യകേന്ദ്രത്തിലേക്ക് മാറി.
പ്രധാന പ്രതികളായ മൂന്ന് നേതാക്കളും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാനാണ് ഇവർക്ക് കിട്ടിയ നിർദേശം. അതേസമയം, ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റിന് ശ്രമിക്കില്ലെന്ന് പോലീസും അറിയിച്ചു.
എൻ.പ്രശാന്ത് ഐഎസിന്റെ സസ്പെൻഷൻ നീട്ടി
Friday, January 10, 2025 8:46 AM IST
തിരുവനന്തപുരം: എൻ.പ്രശാന്ത് ഐഎസിന്റെ സസ്പെൻഷൻ നീട്ടി സർക്കാർ. നാല് മാസത്തേയ്ക്കാണ് സസ്പെൻഷൻ നീട്ടിയത്.
റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം. എന്‍.പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ്യു കമ്മിറ്റിയുടെ വിലയിരുത്തല്‍.
അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നൽകിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് വിശദീകരണം തേടിയതും വിവാദമായിരുന്നു. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എൻ.പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസും നൽകിയിരുന്നു.
ലോസ് ആഞ്ചലസിലെ കാട്ടുതീ ശമിക്കുന്നില്ല; ഏറ്റവും വിനാശകരമെന്ന് ബൈഡൻ
Friday, January 10, 2025 8:14 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിൽ പടരുന്ന കാട്ടുതീക്കു ശമനമില്ല. അമേരിക്കൻ സിനിമാ വ്യവസായത്തിന്റെ കേന്ദ്രമായ ഹോളിവുഡിലേക്കും തീ വ്യാപിക്കുന്നതായാണു റിപ്പോർട്ട്.
ചൊവ്വാഴ്ചയാണ് ലോസ് ആഞ്ചലസ് കൗണ്ടിയുടെ പല ഭാഗങ്ങളിലായി കാട്ടുതീ വ്യാപിക്കാൻ തുടങ്ങിയത്. അഞ്ചു പേർ മരിക്കുകയും വീടുകളടക്കം നൂറുകണക്കിനു കെട്ടിടങ്ങൾ ചാന്പലാവുകയും ചെയ്തു. ഒരു ലക്ഷത്തിലധികം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. വരണ്ട കാലാവസ്ഥയും കൊടുങ്കാറ്റിനു സമാനമായ കാറ്റും മൂലം കാട്ടുതീ അണയ്ക്കാൻ കഴിന്നില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
ലോസ് ആഞ്ചലസിന്റെ കേന്ദ്രഭാഗത്തുള്ള ഹോളിവുഡ് ഹിൽസിൽ ആരംഭിച്ച കാട്ടുതീ അത്ര വലുതല്ലെന്നാണു റിപ്പോർട്ട്. എന്നാൽ, ഹോളിവുഡ് ഹിൽസിനു തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സിനിമാവ്യവസായ കേന്ദ്രമായ ഹോളിവുഡിലുള്ളവരോട് മുൻകരുതലെന്ന നിലയിൽ ഒഴിഞ്ഞുപോകാൻ നിർദേശം നല്കി.
ലോസ് ആഞ്ചലസിൽ ഉണ്ടായത് കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി. കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു. ലൊസാഞ്ചലസിലെ ആളുകൾ ഒരു പേടിസ്വപ്നത്തിലൂടെയാണ് ജീവിക്കുന്നത് എന്നും അഗ്നിശമന സേനാംഗങ്ങളെ ഹീറോകൾ എന്ന് വാഴ്ത്തുന്നതായും ബൈഡൻ പറഞ്ഞു.
പി.ജയചന്ദ്രന്റെ മൃതദേഹം രാവിലെ വീട്ടിലെത്തിക്കും; ഇന്ന് സംഗീത നാടക അക്കാദമിയിൽ പൊതു ദർശനം, സംസ്കാരം ശനിയാഴ്ച
Friday, January 10, 2025 7:36 AM IST
തൃശൂർ: ഗായകൻ പി.ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ചേന്ദമംഗലം പാലിയത്തെ വീട്ടിൽ നടക്കും. മൃതദേഹം ഇന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. ഇന്ന് രാവിലെ പത്തു മുതൽ 12 വരെ തൃശൂർ സംഗീത നാടക അക്കാദമിയിൽ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കും.
വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും
Friday, January 10, 2025 7:30 AM IST
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ വ്യാഴാഴ്ച അറിയിച്ചത്.
ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്. റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ വ്യാഴാഴ്ച അറിയിച്ചത്.
ഹൈക്കോടതിയിൽ ഹർജി നൽകുന്നതും പരിഗണനയിലുണ്ട്. റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഉയർന്നുവന്നത് വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്.
10 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
Friday, January 10, 2025 6:40 AM IST
കൊല്ലം: 10 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ. കൊല്ലം ഓച്ചിറയിൽ ആണ് സംഭവം. വയനകം സ്വദേശി രാജേഷ്കുമാർ, ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ, സുശാന്ത് കുമാർ, രാജേഷ്കുമാർ പോലായി എന്നിവരാണ് പിടിയിലായത്.
അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്.
പ്രദേശത്ത് വിദ്യാർഥികൾക്ക് അടക്കം വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആണ് പ്രതികളെ പിടികൂടിയത്.
കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ
Friday, January 10, 2025 6:35 AM IST
കന്യാകുമാരി : കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ. സംഭവത്തിൽ മൂന്ന് മലയാളികൾ അടക്കം ഒൻപത് പേരെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാർ, ജയപ്രകാശ്, സൈൻറോ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. അറസ്റ്റിലായവരിൽ 5 തമിഴ്നാട് സ്വദേശികളും ഒരു അസം സ്വദേശിയും ഉൾപ്പെടുന്നു. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും എതിരെ കേസെടുത്തു.
നേരത്തെ കേരളത്തിൽ നിന്നുളള ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയെടുത്തിരുന്നു. കേരളത്തിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രൈബ്യൂണൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യിപ്പിച്ചു.
കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഇതുണ്ടാകരുതെന്ന് ആവർത്തിക്കുന്നതിനിടെയാണ് കന്യാകുമാരിയിൽ നിന്നും മാലിന്യങ്ങളുമായെത്തിയ ലോറി പിടിച്ചത്.
എഫ്എ കപ്പ്: പീറ്റർബറോക്കെതിരെ എവർട്ടണ് ജയം
Friday, January 10, 2025 5:48 AM IST
ലിവർപൂൾ: എഫ്എ കപ്പ് ഫുട്ബോളിലെ മൂന്നാം റൗണ്ട് മത്സരത്തിൽ എവർട്ടണ് ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ പീറ്റർബറോയെ എതിരില്ലാത്ത രണ്ട് ഗോളുകൾ വിജയിച്ചു.
ബെറ്റോയും ലിമാൻ എൻഡിയായെയും ആണ് എവർട്ടണ് വേണ്ടി ഗോളുകൾ നേടിയത്. ബെറ്റോ 42-ാം മിനിറ്റിലും എൻഡിയായെ 90+8 ാം മിനിറ്റിലുമാണ് ഗോളുകൾ സ്കോർ ചെയ്തത്.
മലപ്പുറത്തെ സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസ്: രണ്ട് ആസാം സ്വദേശികൾ പിടിയിൽ
Friday, January 10, 2025 5:04 AM IST
കോഴിക്കോട്: മലപ്പുറത്തെ സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസിൽ രണ്ട് ആസാം സ്വദേശികൾ പിടിയിൽ. വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ആസാം സ്വദേശികളായ ഇജാജുൽ ഇസ്ലാം, റഈസുദ്ദീൻ എന്നിവരാണ് പിടിയിലായത്.
നടക്കാവ് ഇരുവരേയും പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി നടക്കാവ് പോലീസ് പറഞ്ഞു. 2024 ജനുവരി 18നായിരുന്നു സംഭവം. സ്വർണ്ണക്കട്ടി എന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് 12 ലക്ഷം രൂപയ്ക്ക് അസം സ്വദേശികൾ സ്വർണ വ്യാപാരിയുമായി വില ഉറപ്പിച്ചു.
വ്യാപാരി ആദ്യഗഡുവായി 6 ലക്ഷം രൂപ കോഴിക്കോട് ബസ്റ്റാൻഡിൽ വച്ച് ഇരുവര്‍ക്കും കൈമാറുകയും ചെയ്തു. വ്യാജ സ്വർണ്ണം നൽകി പ്രതികൾ സ്ഥലംവിട്ടു. പിന്നീടാണ് മലപ്പുറം സ്വദേശി താൻ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിയെടുത്ത പണവുമായി നാടുവിട്ട പ്രതികൾക്കായി അന്വേഷണത്തിലായിരുന്നു നടക്കാവ് പോലീസ്.
മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റി മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍ മറ്റൊരു തട്ടിപ്പിനായി തൃശൂരിൽ എത്തിയപ്പോഴാണ് നടക്കാവ് പോലീസ് ഇരുവരെയും പിടികൂടിയത്. തട്ടിപ്പ് സംഘത്തില്‍ മറ്റൊരാള്‍ക്കൂടി ഉണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. സമാനരീതിയിൽ സംഘം വെറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
യുക്രെയ്നിൽ ആക്രമണം നടത്തി റഷ്യ; 13 പേർ കൊല്ലപ്പെട്ടു
Friday, January 10, 2025 4:33 AM IST
കീവ്: യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 113 പേർക്കാണു പരിക്കേറ്റത്. ഇതിൽ 60 പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാവിലെ നഗരത്തിലെ വ്യവസായകേന്ദ്രത്തിനും ജനവാസകേന്ദ്രങ്ങളിലും ബോംബ് പതിക്കുകയായിരുന്നു. അത്യുഗ്ര സ്ഫോടനത്തിൽ മൃതദേഹങ്ങളും പരിക്കേറ്റവരും നിരത്തുകളിൽ ചിതറിക്കിടന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പിന്നാലെ സാപ്പോറിഷ്യക്കടുത്ത ഒരു പട്ടണത്തിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർകൂടി കൊല്ലപ്പെട്ടു.
റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ
Friday, January 10, 2025 3:53 AM IST
റിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ ഫൈനലിലെത്തി റയൽ മാഡ്രിഡ്. സെമിഫൈനലിൽ ആർസിഡി മല്ലോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ ഫൈനലിലെത്തിയത്.
ജൂഡ് ബെല്ലിംഗ്ഹാം,റോഡ്രിഗോ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. ബെല്ലിംഗ്ഹാം 63-ാം മിനിറ്റിലും റോഡ്രിഗോ 90+5ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. മല്ലോർക്ക താരം മാർട്ടിന് വാല്ലന്റിന്റെ സെൽഫ് ഗോളും റയലിന്റെ ഗോൾ പട്ടികയിലുണ്ട്.
ജനുവരി 12ന് നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡ് എഫ്സി ബാഴ്സലോണയെ നേരിടും.
ആലപ്പുഴയിൽ പാടശേഖരത്തിന്റെ മോട്ടോർ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Friday, January 10, 2025 3:18 AM IST
മാന്നാർ: ചെന്നിത്തലയിൽ പാടശേഖരത്തിന്റെ മോട്ടോർ ഷെഡ്ഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറ് തോണ്ടുതറയിൽ രാഹുൽ (31) ആണ് മരിച്ചത്. മാവേലിക്കര എഫ്സിഐ ഗോഡൗൺ ജീവനക്കാരനായിരുന്നു.
ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിന്റെ മോട്ടോർപുരയിലാണ് തൂങ്ങിമരിച്ച നിലയിൽ രാഹുലിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മോട്ടോർപുരക്കുള്ളിൽ രാഹുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: ആതിര. മക്കൾ: അതുല്യ, ആദവ്. മാന്നാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
Friday, January 10, 2025 2:29 AM IST
തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവ കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.
26 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
തലസ്ഥാനത്ത് നിന്നും സ്വർണക്കപ്പുമായി എത്തിയ ടീമിന് ജില്ലയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ മന്ത്രി കെ.രാജൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി.
കടയിൽ എത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; വയോധികന് പിടിയിൽ
Friday, January 10, 2025 1:14 AM IST
ചാരുംമൂട്: കടയിൽ സാധനം വാങ്ങാൻ എത്തിയ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികന് പിടിയിൽ. താമരക്കുളം മേക്കുംമുറി നെടിയവിള വീട്ടിൽ ഷംസുദീൻ (60) ആണ് പിടിയിലായത്.
താമരക്കുളം ഭാഗത്തുള്ള കടയിൽവച്ചാണ് സംഭവം. വിദ്യാർഥിനി കടയ്ക്കുള്ളിൽ കയറിയപ്പോൾ പ്രതി ഉപദ്രവിച്ചതായാണ് പരാതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി
Friday, January 10, 2025 12:48 AM IST
ഇടുക്കി: ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. തൊടുപുഴയിൽ ആണ് സംഭവം. കുമാരമംഗലം സ്വദേശികളായ കണ്ണന് എന്ന് വിളിക്കുന്ന ഫ്ളെമന്റ് (23), കൊച്ചാപ്പി എന്നു വിളിക്കുന്ന ഷെമന്റ് (23) എന്നിവരെയാണ് നാടുകടത്തിയത്.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്കാണ് ഇരുവരെയും വിലക്കിയിരിക്കുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയതോടെയാണ് നടപടി.
ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളില്‍ നിന്നും ഇവരെ തടയുന്നതിനായാണ് ഈ പുറത്താക്കല്‍ നടപടി. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്നും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.
ജയചന്ദ്രൻ തനിക്ക് ജേഷ്ഠ സഹോദരൻ; ഈ ശബ്ദം താനും എല്ലാ കാലത്തും നെഞ്ചോടു ചേർത്തുപിടിച്ചുവെന്ന് മോഹൻ ലാൽ
Friday, January 10, 2025 12:29 AM IST
കൊച്ചി: എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ പി. ജയചന്ദ്രൻ തനിക്ക് ജേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് നടൻ മോഹൻ ലാൽ. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും എല്ലാ കാലത്തും നെഞ്ചോടു ചേർത്തുപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു.
ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം എന്നും മോഹൻ ലാൽ കുറിച്ചു.
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു
Friday, January 10, 2025 12:23 AM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശിപാർശയിലാണ് നടപടി.
വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരായ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ. മല്ലു ഹിന്ദു, മല്ലു മുസ്ലീം എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വൻ വിവാദമായിരുന്നു.
വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തു എന്നു പറഞ്ഞ് ഗോപാലകൃഷ്ണൻ പരാതി നൽകിയിരുന്നു. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ. ഗോപാലകൃഷ്ണൻ ഹാജരാക്കിയത്.
പി.ജയചന്ദ്രന്റേത് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന ശബ്ദം: വി.ഡി.സതീശൻ
Thursday, January 9, 2025 11:50 PM IST
തിരുവനന്തപുരം: ഗായകൻ പി.ജയചന്ദ്രനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് ജയചന്ദ്രന്റേത്.
കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് അദ്ദേഹത്തിന്റേത്. പാട്ടിൽ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി.ജയചന്ദ്രന് മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചുവെന്നും വി.ഡി.സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പി.ജയചന്ദ്രന്റെ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല: മുഖ്യമന്ത്രി
Thursday, January 9, 2025 11:07 PM IST
തിരുവനന്തപുരം: അന്തരിച്ച ഗായകന് പി.ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റേത്.
പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി. ജയചന്ദ്രന്.
ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന് ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.
ജയചന്ദ്രന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ ദുഃഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പി. ജയചന്ദ്രന് വിടവാങ്ങിയത് അനശ്വര ഗാനങ്ങളുടെ വസന്തം തീര്‍ത്ത്
Thursday, January 9, 2025 10:57 PM IST
തൃശൂർ: അനശ്വര ഗാനങ്ങളിലൂടെ വസന്തം തീര്‍ത്ത മലയാളത്തിന്റെ ഭാവഗായകന് പി.ജയചന്ദ്രന് (81) വിടവാങ്ങി. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം വിടപറഞ്ഞത്.
1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിട്ടാണ് അദ്ദേഹം ജനിച്ചത്. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു.
1958 ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി.1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി.
അതേവര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരന് -ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തിൽ ഏറ്റെടുത്തു. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി.
പി.ഭാസ്കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ.ഹരിനാരായണന് വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന് തുടിച്ചു. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം... എന്ന ഗാനം ശബ്ദതരംഗമായി തമിഴ്സിനിമയെ കീഴടക്കി.
1986ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയത്.
1972ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്കി, 2004 ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015 ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ.
1994 ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും ജയചന്ദ്രന് സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി.
2021ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്കാരം നല്കി ആദരിച്ചു. തൃശൂർ സ്വദേശിയായ ലളിതയാണ് ഭാര്യ. മക്കൾ: ലക്ഷ്മി, ദിനനാഥ്.
ശബ്ദസാഗരം ബാക്കി; പി.ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച
Thursday, January 9, 2025 9:57 PM IST
തൃശൂർ: ഗായകൻ പി.ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ചേന്ദമംഗലം പാലിയത്തെ വീട്ടിൽ നടത്തും. രാവിലെ പത്തു മുതൽ 12 വരെ തൃശൂർ സംഗീത നാടക അക്കാദമിയിൽ മൃതദേഹം പൊതു ദർശനത്തിനു വയക്കും.
വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ജയചന്ദ്രന്റെ
നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു.
ഫോർത്ത് എസ്റ്റേറ്റ് നല്ല രീതിയിൽ നിലനിൽക്കണം: മന്ത്രി കെ.എൻ.ബാലഗോപാൽ
Thursday, January 9, 2025 9:42 PM IST
തിരുവനന്തപുരം: മാധ്യമ മേഖലയേയും മാധ്യമ പ്രവർത്തകരേയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ പോസിറ്റീവായാണ് കാണുന്നത്.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ഡയറി, കലണ്ടർ എന്നിവ പുറത്തിറക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോർത്ത് എസ്റ്റേറ്റ് നല്ല രീതിയിൽ നിലനിൽക്കണമെന്ന നിലപാടാണുള്ളത്.
വ്യവസായം എന്ന നിലയിലും ഈ മേഖലയിലെ സ്ഥാപനങ്ങൾ നിലനിൽക്കണം. മാധ്യമസ്ഥാപനങ്ങൾക്കുള്ള പരസ്യ ഇനത്തിലെ കുടിശിക നൽകാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്. പെൻഷൻ വിഷയത്തിലടക്കം നിലനിന്ന അവ്യക്തതകൾ പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പിആർഡി ഡയറക്ടർ ടി.വി.സുഭാഷിന് കൈമാറി ഡയറിയുടേയും മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പ്രഭാകരന് നൽകി കലണ്ടറിന്റേയും വിതണോദ്ഘാടനം മന്ത്രി നിർവഹിച്ചു. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ട്രഷറർ കെ.മധുസൂദനൻ കർത്ത എന്നിവർ സംബന്ധിച്ചു.
യുദ്ധം ജയിച്ച ആഹ്ലാദത്തിലല്ല; പ്രതികരിച്ചത് നിവര്‍ത്തികെട്ട്: ഹണി റോസ്
Thursday, January 9, 2025 9:23 PM IST
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിനു പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താൻ.
നിർത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്ന് ഹണി റോസ് പറഞ്ഞു. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല.
ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ഥിക്കുന്നു.
നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭാവഗാനം നിലച്ചു; പി.ജയചന്ദ്രൻ അന്തരിച്ചു
Thursday, January 9, 2025 10:24 PM IST
തൃശൂർ: ഗായകൻ പി.ജയചന്ദ്രൻ (80) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുതവണ തമിഴ്നാട് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന് തമ്പുരന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായിട്ടാണ് ജയചന്ദ്രന്റെ ജനനം. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ.
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ, സ്മൃതിതൻ ചിറകിലേറി ഞാനെൻ തുടങ്ങിയ ലളിതഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആൽബ ഗാനവും ശ്രദ്ധിക്കപ്പെട്ടു.
കേരള ഹൗസ് ആക്രമണം; വി.ശിവദാസന്‍ എംപി ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു
Thursday, January 9, 2025 8:07 PM IST
ന്യൂഡല്‍ഹി: കേരള ഹൗസ് ആക്രമിച്ച കേസിൽ വി.ശിവദാസന്‍ എംപി ഉള്‍പ്പെടെ 10 പേരെ കോടതി വെറുതെവിട്ടു. എസ്എഫ്ഐ ദേശീയ ഉപാധ്യക്ഷൻ നിതീഷ് നാരായണൻ ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്.
ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. 2013ൽ സോളാർ സമരകാലത്തായിരുന്നു സംഭവം. കേരള ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ച് എസ്എഫ്ഐ - ഡിവൈഎഫ്ഐക്കാർ പ്രതിഷേധിച്ചിരുന്നു.
കാർ പോർച്ചിൽ കോലം കത്തിച്ചതിനെ തുടർന്ന് കേരള ഹൗസ് തീവെച്ചു നശിപ്പിക്കാൻ ശ്രമിച്ചു എന്നതുൾപ്പടെയുള്ള കുറ്റങ്ങളിലാണ് ശിവദാസൻ ഉൾപ്പടെയുള്ള പത്ത് പ്രതികൾ വിചാരണ നേരിട്ടത്. 24 പ്രതികളിൽ 14 പേരെ കണ്ടെത്താത്താനായില്ല.
10 പ്രതികളുടെ വിചാരണ മാത്രമാണ് നിലവിൽ റൗസ് അവന്യൂവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ നടന്നത്. പ്രതി ചേർത്ത പത്ത് പേരുമാണ് അതിക്രമം നടത്തിയതെന്ന് തെളിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ കണ്ടെത്താനാകാത്ത പതിനാല് പേർക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടു.
അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ മേയ് അഞ്ചിന് തുടങ്ങും
Thursday, January 9, 2025 8:06 PM IST
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ മേയ് അഞ്ചിന് ആരംഭിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുകയെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവിൽ പറയുന്നു.
ആദ്യഘട്ടത്തിൽ 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയിൽ ഷുക്കൂർ ചെറുകുന്ന് കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്.
അന്നേ ദിവസം സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ഷുക്കൂറിനെ ബന്ദിയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിലാണ് കേസ് സിബിഐക്ക് വിട്ടത്.
ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: ഇ.എ.സുകുവിന് ജാമ്യം
Thursday, January 9, 2025 7:22 PM IST
മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡിഎംകെ നേതാവ് ഇ.എ.സുകു ഉൾപ്പടെയുള്ളവർക്ക് ജാമ്യം. നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ ഡിഎംകെ നടത്തിയ മാർച്ചിൽ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചിരുന്നു. സംഭവത്തിൽ പി.വി.അന്‍വർ എംഎൽഎയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്‍വറിന് ജാമ്യം കിട്ടിയതിന് പിന്നാലെ സുകു ഉൾപ്പടെ നാല് ഡിഎംകെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ അൻവർ ഉൾപ്പടെ 11 പ്രതികളാണുള്ളത്.
ബോബി ചെമ്മണ്ണൂരിനെ ജയിലിലേക്ക് മാറ്റും; പ്രതിഷേധിച്ച് ബോചെ ഫാൻസ്
Thursday, January 9, 2025 7:23 PM IST
കൊച്ചി: റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച ആശുപത്രിയിൽ നാടകീയ രംഗങ്ങൾ. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബിയെ കാക്കനാട്ടെ ജയിലിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം പോലീസ് വാഹനം തടയുകയായിരുന്നു.
തുടർന്ന് കൂടുതൽ പോലീസെത്തി പ്രതിഷേധക്കാരെ നീക്കി. പോലീസിന്റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായി പരിശോധന നടന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ശ്രീകാന്ത് പറഞ്ഞു.
അതേസമയം ബോബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എക്സറേ, ഇസിജി, ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ജാമ്യ ഉത്തരവ് വായിച്ചു തുടങ്ങിയപ്പോഴാണ് ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ആരോഗ്യ നില തൃപ്തികരം; ഉമ തോമസിനെ റൂമിലേക്ക് മാറ്റി
Thursday, January 9, 2025 6:53 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസിനെ റൂമിലേക്ക് മാറ്റി. എംഎൽഎയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പരസഹായത്തോടെ നടക്കാനാരംഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു.
അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ല. തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റിയതോടെ ഇനി ഫിസിയോതെറാപ്പിയടക്കമുള്ള മറ്റ് ചികിത്സകളിലേക്ക് കടക്കും. അപകടം നടന്ന് പതിനൊന്നാം ദിവസമാണ് ഉമ തോമസിനെ മുറിയിലേക്ക് മാറ്റിയത്.
ഡിസംബര്‍ 29ന് ആയിരുന്നു ഉമ തോമസ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് 15 അടി താഴേക്ക് വീഴുന്നത്.
ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും
Thursday, January 9, 2025 6:41 PM IST
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ എത്തിക്കും. കോടതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും ജില്ലാ ജയിലിലേക്ക് മാറ്റുക.
നാളെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ പറഞ്ഞു. ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ബോബിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് വയനാട്ടിൽ നിന്നും കൊച്ചി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
Thursday, January 9, 2025 6:10 PM IST
തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവ കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.
26 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
തലസ്ഥാനത്ത് നിന്നും സ്വർണക്കപ്പുമായി എത്തിയ ടീമിന് ജില്ലയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ മന്ത്രി കെ.രാജൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ: ഹണി റോസ്
Thursday, January 9, 2025 5:45 PM IST
കൊച്ചി: ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കൂടുതൽ പ്രതികരിക്കാനില്ലെന്നും ഹണി റോസ് പറഞ്ഞു.
നടിയുടെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബിയുടെ അറസ്റ്റ് ഇന്നലെ വൈകുന്നേരം എട്ടിനാണ് കൊച്ചി സെൻട്രൽ പോലീസ് രേഖപ്പെടുത്തിയത്.
ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഡിജിറ്റൽ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കോടതിയിൽ നാടകീയ രംഗങ്ങൾ; ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം
Thursday, January 9, 2025 6:54 PM IST
കൊച്ചി: നടി ഹണി റോസിനെ അപമാനിച്ച കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബി തളർന്ന് പ്രതികൂട്ടിലേക്ക് ഇരിക്കുകയായിരുന്നു.
കോടതിയിൽ വിശ്രമിച്ച ബോബിയെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റും. പിന്നീട് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി. റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹര്‍ജി തള്ളിയത്. ഉച്ചയ്ക്ക് 12.30ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്.
ജാമ്യഹർജി തള്ളി; ബോചെ അഴിക്കുള്ളിലേക്ക്
Thursday, January 9, 2025 9:17 PM IST
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഉയർന്നുവന്നത് വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്.
നടിയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറയുന്നത് തെറ്റാണ്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നതെന്നും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ വാദിച്ചു.
പ്രതി നടിയെ നിരന്തരമായി അവഹേളിക്കുന്ന സമീപനമാണു തുടരുന്നത്. ബോബിയുടെ ഫോൺ പരിശോധിക്കണം. പരാതിക്കാരിയെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ശബരിമലയിൽ നിന്ന് പിടികൂടി
Thursday, January 9, 2025 4:38 PM IST
പത്തനംതിട്ട: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ശബരിമലയിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. മധുര സ്വദേശി രാജു ആണ് അറസ്റ്റിലായത്. ഒന്നര കിലോ കഞ്ചാവുമായി 2019ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
ഇതിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥലം വിടുകയായിരുന്നു. ശബരിമലയിൽ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലിയിലായിൽ പ്രവേശിച്ച പ്രതിയുടെ ഫോണ്‍ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
പ്രതി സന്നിധാനത്തുണ്ടെന്ന് മനസിലാക്കിയ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ജാമ്യത്തിലിറങ്ങിയശേഷം ഉപാധികള്‍ പാലിക്കാതെ ഇയാൾ മുങ്ങുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അന്‍വറിന്റെ യുഡിഎഫ് പ്രവേശനം വൈകും
സ്വന്തം ലേഖകന്‍
Thursday, January 9, 2025 7:26 PM IST
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ യുഡിഎഫ് പ്രവേശനം നീളാന്‍ സാധ്യത. ഇക്കാര്യത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി ഭാരവാഹി യോഗം അന്‍വറിന്റെ വിഷയം ചര്‍ച്ച ചെയ്തേക്കും.
രാഹുല്‍ ഗാന്ധിക്കെതിരേ അന്‍വര്‍ നടത്തിയ പരാമര്‍ശത്തിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായി നടത്തിയ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനുശേഷം മതി തീരുമാനമെന്ന് ഒരു വിഭാഗം നേതാക്കള്‍ കെപിസിസിയെ അറിയിച്ചിട്ടുണ്ട്.
അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അന്‍വര്‍ നല്ല സുഹൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നാണ് സുധാകരന് പറഞ്ഞത്.
അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്നങ്ങളില്‍ യോജിപ്പുണ്ടെങ്കിലും മുന്നണി പ്രവേശനകാര്യം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഫോറസ്റ്റ് ഓഫീസിലെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായശേഷം ജയിലില്‍ നിന്നിറങ്ങിയ അന്‍വര്‍ താന്‍ യുഡിഎഫിന് ഒപ്പമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ഇത് ആശയകുഴപ്പത്തിന് ഇടയാക്കിയിരുന്നു.
മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, സതീശന്റെ മയപ്പെടുത്തിയുള്ള പ്രതികരണം ഇതെല്ലാം അന്‍വര്‍ വേഗത്തില്‍ യുഡിഎഫില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞിട്ടില്ല. കെപിസിസി ഭാരവാഹി യോഗത്തിലും നിര്‍വഹക സമിതി യോഗത്തിലും ചര്‍ച്ച ചെയ്തശേഷം മതി തീരുമാനമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാട് എടുത്തിട്ടുണ്ട്.
അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതിനോട് ആര്യാടന് ഷൗക്കത്ത് അടക്കം മലപ്പുറം ജില്ലയിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അവരുടെ വികാരം പരിഗണിക്കാതെ മുന്നണിയില്‍ എടുത്താല്‍ പാര്ട്ടിയിലുണ്ടാവുന്ന അനുരണനങ്ങളും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കാണാന്‍ അന്‍വര്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.
അന്‍വര്‍ വിഷയത്തില്‍ എടുക്കുന്ന ഏതു തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ മുന്നണയില്‍ ഭിന്നസ്വരം ഉയരുന്നതിനോടു ലീഗിനു താത്പര്യമില്ല. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള നിലപാട് വേണ്ടെന്നാണ് ലീഗ് സ്വീകരിച്ചിട്ടുള്ളത്.
ബോചെയ്ക്കെതിരേ കുരുക്ക് മുറുക്കി പോലീസ്
സ്വന്തം ലേഖിക
Thursday, January 9, 2025 4:06 PM IST
കൊച്ചി: നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ കുരുക്ക് മുറുക്കി പോലീസ്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഇന്ന് പുലർച്ചെ അഞ്ചിന് ഇയാളെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബുധനാഴ്ച രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു.
കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ച ബോബി കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. പരാമര്‍ശങ്ങള്‍ ദുരുദ്ദേശപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പോലീസിനോടു പറഞ്ഞു.
15 ഓളം കാരണങ്ങള്‍ നിരത്തി ജാമ്യത്തെ എതിർത്ത് പോലീസ്
കേസിന് ആസ്പദമായ 15 ഓളം കാരണങ്ങള്‍ കോടതിയില്‍ കാണിച്ച് ബോചെയുടെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെ നടി ഹണി റോസിനെ ലൈംഗികമായ അധിക്ഷേപിച്ചതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കൈയിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇത് കാണിച്ച് ബോചെയുടെ ജാമ്യത്തെ പോലീസ് എതിര്‍ത്തു.
ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബോചെയ്ക്കു വേണ്ടി വാദിക്കുന്നത് മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ളയാണ്.
മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. പരാതിക്കാരിയോട് മറ്റെതെങ്കിലും തരത്തില്‍ മോശമായ സംഭാഷണം നടത്തിയിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.
അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകിട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് ഇന്ന് പോലീസിന് ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. പകര്‍പ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.
ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1) (1), 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും പ്രകാരമാണ് ബോചെയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാല്‍ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും.
കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ നടപടിയെന്ന് പോലീസ്
ബോചെയ്ക്ക് എതിരെയുള്ള പരാതിക്കു പുറമേ നടി ആദ്യം നല്കിയ പരാതിയില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
അതേസമയം നിലവില്‍ നടി കൂടുതല്‍ പരാതി നല്‍കിയിട്ടില്ലെന്നും പരാതികള്‍ ലഭിച്ചാല്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
കമ്മീഷണര്‍ നിയന്ത്രിച്ചു; പോലീസ് എത്തിയത് 50 മുറികള്‍ ബുക്ക് ചെയ്യാനെന്ന രീതിയില്‍
എറണാകുളം സെന്‍ട്രല്‍ എസിപി സി. ജയകുമാറിന് നടി ഹണി റോസ് പരാതി നല്‍കിയതിനു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിക്ക് വയനാട്ടിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന് എസ്ഐ അനൂപ് ചാക്കോ, എഎസ്ഐ ഷാജി, സിപിഒമാരായ ഗിരീഷ്, ഉണ്ണികൃഷ്ണന്, ഷിബു എന്നിവരുള്‍പ്പെട്ട സംഘം ബുധനാഴ്ച വൈകിട്ടോടെ വയനാട്ടിലേക്ക് തിരിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള യാത്രയില്‍ കമ്മീഷണര്‍ പുട്ട വിമലാദിത്യയും ഡിസിപി അശ്വതി ജിജിയും എസിപി സി.ജയകുമാറും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശം നല്കി.
വ്യാഴാഴ്ച പുലര്‍ച്ചെ ആറിന് വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള "ബോചെ ആയിരമേക്കര്‍' എസ്റ്റേറ്റില്‍ എത്തിയ പോലീസ് സംഘം ബോചെ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനാകാതെ നാലു മണിക്കൂറോളം അതിനുള്ളില്‍ ചെലവഴിച്ചു. ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ എറണാകുളം സെന്‍ട്രല്‍ പോലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേര്‍ന്നായിരുന്നു ബോചെയ്ക്കെതിരെ നീങ്ങിയത്.
രണ്ടുവശവും തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ കഴിയുന്ന ഇടുങ്ങിയ വഴിയായിരുന്നു അവിടെ. ഈ സ്ഥലത്ത് ബോചെ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുക ദുസഹം തന്നെയായിരുന്നു.
ഒടുവില്‍ എസ്ഐ അനൂപ് മറ്റൊരു ബുദ്ധിയിറക്കി. തങ്ങള്‍ക്ക് 50 പേര്‍ക്കുള്ള മുറി ആവശ്യമുണ്ട്. അതൊന്നു കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം തിരിച്ചു നിര്‍ത്തി. മുറി കാണുന്നതിനായി നീങ്ങുന്നതിനിടെയാണ് ബോചെയുടെ വാഹനം പോലീസിന്റെ കണ്ണില്‍പ്പെട്ടത്. ഈ സമയം റിസോര്‍ട്ടില്‍നിന്ന് ബോബി ചെമ്മണ്ണൂര്‍ പുറത്തുപോകാനുള്ള നീക്കത്തിലായിരുന്നു.
തുടര്‍ന്ന് എസ്ഐ അനൂപും സംഘവും കാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ട് കൂടിയായിരുന്നു ഈ നീക്കം. തുടര്‍ന്ന് കഴിഞ്ഞ രാത്രി എട്ടോടെ ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
വഴിയടച്ച് പന്തൽ കെട്ടി.., എം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങിയവർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
Thursday, January 9, 2025 4:06 PM IST
കൊച്ചി: പൊതുഗതാഗതം തടസപ്പെടുത്തി റോഡിൽ പന്തൽ കെട്ടിയ സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മൂന്ന് കേസുകളിലായി സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളോടാണ് കോടതി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.
വഞ്ചിയൂർ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡ് കെട്ടിയടച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ തുടങ്ങിയവർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.
വഴിയടച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ജോയിന്റ് കൗണ്‍സിൽ നടത്തിയ സമരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളും ഫെബ്രുവരി പത്തിന് നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി കോർപ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ടി.ജെ. വിനോദ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അന്നേദിവസം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. എല്ലാ ദിവസവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ഇതിനെ ചെറുതായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സിബിഐയിൽ വിശ്വാസമില്ല; നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
Thursday, January 9, 2025 3:52 PM IST
പാലക്കാട്: യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ കഴിയാത്തതുകൊണ്ടാണ് സിബിഐ തങ്ങളെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവ് തരട്ടെ. ഇതിലും ഭേദം കേരളാ പോലീസായിരുന്നെന്നും അവര്‍ പ്രതികരിച്ചു.
സിബിഐയില്‍ വിശ്വാസമില്ല. തങ്ങളുടെ നിരപരാധിത്വം തെളിയിക്കും. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.
വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.പെണ്‍കുട്ടികള്‍ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം പോലീസിനെ അറിയിച്ചില്ല. ചൂഷണം തുടർന്നതോടെയാണ് പെൺകുട്ടികൾ ജീവനൊടുക്കിയതെന്ന് കൊച്ചി സിബിഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഐപിസി വകുപ്പുകളും പോക്സോ വകുപ്പുകളും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. കേസന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ടുള്ള ആറ് കേസുകളിലെ കുറ്റപത്രം സമര്‍പ്പിച്ചത്.
തൃശൂർ ഡിസിസി പ്രസിഡന്റ്: തീരുമാനം ഉടൻ
Thursday, January 9, 2025 3:47 PM IST
തൃശൂർ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഈയാഴ്ച അവസാനമോ അടുത്തയാഴ്ച പകുതിയിലോ തീരുമാനമാകുമെന്നു സൂചന. ജില്ലയിലെ മുതിർന്ന നേതാക്കളിൽനിന്നടക്കം കെപിസിസി റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ഈയാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ചർച്ചയ്ക്കെടുക്കും. മറ്റു ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണു തൃശൂരിലും തടസമാകുന്നത്.
നേരത്തേ, യുഡിഎഫ് കണ്‍വീനറെയും ഡിസിസി പ്രസിഡന്റിനെയും എഐസിസി നേതൃത്വം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ തൃശൂരിൽനിന്നുള്ള നാൽവർസംഘം ഇടപെട്ടു നടപടി വൈകിപ്പിച്ചെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ട് തീരുമാനം നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരോടു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ തോൽവിക്ക് പിന്നാലെയാണു ജില്ലാ ഘടകത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്. തോൽവിക്കു പിന്നാലെ സ്ഥാനം നഷ്ടപ്പെട്ടവരും ആരോപണ വിധേയരായവരും തങ്ങൾക്കു സ്വീകാര്യനായ വ്യക്തിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാൻ കെ.സി. വേണുഗോപാലോ കെപിസിസി പ്രസിഡന്റോ തയാറായിട്ടില്ല.
പലരുമായും ചർച്ച ചെയ്താണു പുതിയ ഡിസിസി പ്രസിഡന്റിനെയും കണ്‍വീനറെയും പ്രഖ്യാപിക്കുന്ന ഘട്ടമെത്തിയത്. ഇതാണ് എതിർപ്പിനെ തുടർന്നു വൈകുന്നത്. ചേലക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ സ്ഥാനത്തു തുടരാൻ താത്പര്യമില്ലെന്നു തൃശൂരിന്റെ ചുമതലയുള്ള വി.കെ. ശ്രീകണ്ഠൻ എംപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന നിലപാടിലാണു ശ്രീകണ്ഠനും. നാൽവർ സംഘത്തിനെതിരേ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ തോറ്റ രമ്യ ഹരിദാസും പരാതി നൽകിയെന്നാണു വിവരം.
സ്വർണക്കപ്പുമായി തൃശൂരിന്റെ ചുണക്കുട്ടികൾ പൂരത്തിന്റെ നാട്ടിലെത്തി
Thursday, January 9, 2025 3:45 PM IST
കൊരട്ടി: ലോകകപ്പ് നേടിയ ടീമിന് ആരാധകർ നൽകിയ വരവേൽപ്പു പോലെയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാൽനൂറ്റാണ്ടിനു ശേഷം സ്വർണക്കപ്പു നേടി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെത്തിയ തൃശൂർ ജില്ല ടീമംഗങ്ങൾക്ക് നൽകിയ സ്വീകരണം.
കലോത്സവത്തിൽ ഒരേ ഒരു പോയന്റിന്റെ വ്യത്യാസത്തിൽ തൃശൂരിന്റെ കുട്ടികൾ കപ്പടിച്ചതു മുതൽ ജില്ല കാത്തിരിക്കുകയായിരുന്നു, സ്വർണക്കപ്പിന്റെ തങ്കത്തിളക്കം നേടിത്തന്ന കുട്ടിക്കലാപ്രതിഭകളെ മനംനിറഞ്ഞ് വരവേൽക്കാൻ.
തൃശൂർ ജില്ല അതിർത്തിയായ കൊരട്ടിയിൽ ഇന്നുരാവിലെ സ്വർണക്കപ്പുമായി തൃശൂരിന്റെ ഗഡികൾ എത്തുന്നതിനും മണിക്കൂറുകൾക്കു മുന്‍പേ തന്നെ ആർപ്പും ആരവവുമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും രക്ഷിതാക്കളും ജനപ്രതിധികളുമടങ്ങുന്ന ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൊരട്ടിയിലേക്ക് കപ്പുമായി തൃശൂർ ടീം എത്തിയതോടെ ആർപ്പുവിളികളും കൈയടികളും ഉയർന്നു.
വർണബലൂണുകൾ വാനിലേക്കുയർത്തി തൃശൂർ ടീമിന്റെ പേരും പെരുമയും വാഴ്ത്തുന്ന കമന്ററികൾ കൊണ്ട് ആവേശം വിതറിയാണ് സാംസ്കാരിക തലസ്ഥാനത്തിന്റെ മണ്ണിലേക്ക് കലയുടെ പൂരം കഴിഞ്ഞ് സ്വർണത്തിടന്പേറ്റിയെത്തിയ ടീമിനെ സ്വീകരിച്ചാനയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമല്ല തൃശൂരിനാകെ ഇന്ന് വിജയ ദിനമാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കൊരട്ടിയിൽ ആവേശോജ്വലമായ സ്വീകരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്കൂൾ തലത്തിലും പഞ്ചായത്ത് തലങ്ങളിലും മികവു പുലർത്തിയ കുട്ടികളെ അനുമോദിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിൽ ചക്രവാതച്ചുഴി; ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Thursday, January 9, 2025 3:37 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം നേരിയ മഴയ്ക്കും ഞായർ, തിങ്കൾ ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചുദിവസത്തേക്കുള്ള മഴ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ തിങ്കളാഴ്ച എല്ലാ ജില്ലകളിലും മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോടു ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ചയും ഞായറാഴ്ചയും തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഗിന്നസ് റിക്കാർഡ് നൃത്തം: സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്
Thursday, January 9, 2025 3:40 PM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. തൃശൂരിലെ ഓസ്കര് ഇവന്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്‍ന്നായിരുന്നു പരിശോധന. ഗിന്നസ് റിക്കാര്‍ഡിനായി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,000-ത്തോളം നര്‍ത്തകരെയാണ് അണിനിരത്തിയത്. പരിപാടിൽ സംഘടിപ്പിച്ചതിൽ വലിയ സാന്പത്തിക ക്രമക്കേഡുകൾ നടന്നതായി ആരോപണം ഉണ്ടായിരുന്നു.
ഈ നൃത്തപരിപാടിക്കിടെയാണ് വേദിയില്‍നിന്നുവീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.
ചോദ്യപേപ്പര്‍ ചോർച്ച; ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Thursday, January 9, 2025 3:31 PM IST
കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇതോടെ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് പ്രോസിക്യൂഷന് കോടതിയിൽ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ മറ്റൊരു ഓൺലൈൻ സ്ഥാപനത്തിലെ അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരേ കേസെടുത്തതെന്നും അതിന് കസ്റ്റഡി ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷുഹൈബിന്റെ നീക്കം.
ശംഭുവിൽ സമരം ചെയ്ത ഒരു കർഷകൻ കൂടി ജീവനൊടുക്കി
Thursday, January 9, 2025 3:14 PM IST
ന്യൂഡൽഹി: ശംഭു അതിർത്തിയിൽ പ്രതിഷേധവുമായി എത്തിയ ഒരു കർഷകൻ കൂടി ജീവനൊടുക്കി. രേഷം സിംഗ് (55) ആണ് ജീവനൊടുക്കിയത്. വിഷം കഴിച്ച ഇയാളെ പട്യാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമരങ്ങൾ നടത്തിയിട്ടും കേന്ദ്രസർക്കാർ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ രേഷം സിംഗ് അതൃപ്തനായിരുന്നുവെന്ന് കർഷക നേതാക്കൾ പറഞ്ഞു. ഡിസംബർ 18ന് ശംഭു അതിർത്തിയിൽ മറ്റൊരു കർഷകനായ രഞ്ജോദ് സിംഗ് ജീവനൊടുക്കിയിരുന്നു.
സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിലാണ് കർഷകരുടെ പ്രതിഷേധം.
തിരുപ്പതി ദുരന്തത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും
Thursday, January 9, 2025 3:06 PM IST
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി.
അപകടമുണ്ടായശേഷം മരിച്ച ആറുപേരിൽ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പോലീസ് ആദ്യം നൽകിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നല്‍കുകയായിരുന്നു.
നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്. തിരക്കിലും തിരക്കിലും പെട്ട് നിർമല മരിച്ച വിവരം വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്.
ബുധനാഴ്ച രാത്രി വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലാണ് അപകടമുണ്ടായത്. ആയിരകണക്കിന് പേര് കൂപ്പണ്‍ വിതരണ കൗണ്ടറിലെ ക്യൂവിലേക്ക് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിൽ കലാശിച്ചത്. അപകടത്തിൽ ആറു പേരാണ് മരിച്ചത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ
Thursday, January 9, 2025 3:14 PM IST
പാലക്കാട്: വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ. ഇവര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍കുട്ടികള്‍ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം പോലീസിനെ അറിയിച്ചില്ല. ചൂഷണം തുടർന്നതോടെയാണ് പെൺകുട്ടികൾ ജീവനൊടുക്കിയതെന്ന് കൊച്ചി സിബിഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഐപിസി വകുപ്പുകളും പോക്സോ വകുപ്പുകളും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. കേസന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ടുള്ള ആറ് കേസുകളിലെ കുറ്റപത്രം സമര്‍പ്പിച്ചത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാപ്പുപറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ; കോടതിയിൽ ഹാജരാക്കി
Thursday, January 9, 2025 4:42 PM IST
കൊച്ചി: മാപ്പു പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബിയെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോടു വീണ്ടും പ്രതികരിച്ചത്. ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നും ബോബി കൂട്ടിച്ചേർത്തു.
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. അഡ്വ. ബി രാമന്‍പിള്ളയാണ് പ്രതിക്കുവേണ്ടി ഹാജരായത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും അത് അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടു.
തനിക്കെതിരേ ഉയരുന്നത് വ്യാജ ആരോപണമാണെന്ന് കോടതിയിലും ബോബി ആവർത്തിച്ചു. ശരീരത്തിൽ സ്പർശിച്ചു എന്നുപറയുന്നത് തെറ്റാണ്. 30 മണിക്കൂറായി പോലീസ് കസ്റ്റഡിയിലാണെന്നും ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ തെളിവ് ഹാജരാക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചപ്പോൾ ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരി തന്നെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ടെന്നും വിവാദ പരാമർശത്തിനു ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് ഹണി റോസിന്റെ പരാതി കോടതിയിൽ വായിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കേസിൽ ഉച്ചയ്ക്കുശേഷം വിധി പറയുമെന്ന് അറിയിച്ചു.
പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് കർഷകത്തൊഴിലാളി മരിച്ചു
Thursday, January 9, 2025 1:16 PM IST
കൊല്ലം: പന്നിക്കുവച്ച കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകത്തൊഴിലാളി മരിച്ചു. പോരുവഴി സ്വദേശി സോമൻ (52) ആണ് മരിച്ചത്.
പന്നിയെ തുരുത്താനുള്ള വൈദ്യുതിക്കെണിയിൽപെട്ടാണ് മരണം. സംഭവത്തിൽ പോലീസ് മേൽ നടപടികൾ സ്ഥിരീകരിച്ചു.
മൂർഖൻ കഴുത്തിൽ ചുറ്റി; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Thursday, January 9, 2025 1:01 PM IST
നെടുമങ്ങാട് : തൊഴിലുറപ്പ് ജോലിക്കിടെയുള്ള വിശ്രമത്തിനിടയിൽ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി. കഴുത്തിൽ ചുറ്റിയ മൂർഖനെ വലിച്ചെറിഞ്ഞായിരുന്നു തൊഴിലാളി രക്ഷപ്പെട്ടത്.
വെള്ളനാടിനു സമീപം കടിയൂർകോണം സിഎൻ ഭവനിൽ സി. ഷാജി (51) യാണ് പാമ്പിന്റെ കടിയേൽക്കാതെ അപകടത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെ കാരിക്കോണത്തെ തൊഴിലുറപ്പ് ജോലി സ്ഥലത്താണ് സംഭവം.
ഭക്ഷണം കഴിച്ച ശേഷം ജോലിസ്ഥലത്ത് തന്നെ കിടക്കുകയായിരുന്ന ഷാജിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ഇഴഞ്ഞ് കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഷാജി ഉടൻതന്നെ കഴുത്തിൽ ചുറ്റിയ പാമ്പിനെ കൈ കൊണ്ട് വലിച്ചെറിയുകയായിരുന്നു.
ഭാഗ്യത്തിന് ഷാജിക്ക് കടിയേറ്റില്ല. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ലെന്ന് ഷാജി പറഞ്ഞു.
കമ്മിൻസ് വിശ്രമിക്കും, സ്മിത്ത് നയിക്കും, കോണോലി അരങ്ങേറും: ലങ്കയിലേക്ക് പറക്കാനുള്ള ഓസീസ് ടീമായി
Thursday, January 9, 2025 12:59 PM IST
സിഡ്നി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് നായകൻ പാറ്റ് കമ്മിൻസിനു വിശ്രമം അനുവദിച്ചപ്പോൾ പകരം സ്റ്റീവ് സ്മിത്താകും ടീമിനെ നയിക്കുക. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 29ന് ആരംഭിക്കും.
ഓസ്ട്രേലിയ അണ്ടർ 19 ലോകകപ്പ് നായകനായിരുന്ന ഓൾറൗണ്ടർ കൂപ്പർ കോണോലി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. അതേസമയം, ഓപ്പണർ നഥാൻ മക്സ്വീനി ടിമിലേക്ക് തിരിച്ചെത്തി. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ നിറം മങ്ങിയ താരം അവസാന രണ്ട് ടെസ്റ്റിൽ പുറത്തിരിക്കുകയായിരുന്നു.
സ്പിന്നര്‍മാരായ മാറ്റ് കുനേമാന്‍, ടോഡ് മര്‍ഫി എന്നിവരും ടീമില്‍ തിരിച്ചെത്തിയപ്പോൾ പരിക്ക് അലട്ടുന്ന ജോഷ് ഹേസില്‍വുഡിനെയും മിച്ചല്‍ മാര്‍ഷിനെയും ഒഴിവാക്കി. അതേസമയം, യുവതാരം സാം കോൺസ്റ്റാസും ബ്യൂ വെസ്റ്ററും ടീമിൽ തുടരും.
ഓസ്ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കൂപ്പര്‍ കോണോലി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന് ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് കുനേമാന്‍, മാര്‍നസ് ലബുഷെയ്ന്, നഥാന്‍ ലയോണ്‍, നഥാന്‍ മക്സ്വീനി, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.
മുഖ്യമന്ത്രി ആരെന്നതില്‍ അനവസരത്തില്‍ ചര്‍ച്ച വേണ്ട: എ.കെ.ആന്റണി
Thursday, January 9, 2025 12:57 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചര്‍ച്ചയ്ക്കെതിരേ എ.കെ.ആന്റണി. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ദിരാഭവനില്‍ നടന്ന കെപിസിസിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എടുത്ത് ചാടരുത്. 2026 അവിടെ നില്ക്കട്ടെ. കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് കെപിസിസിക്ക് തീരുമാനിക്കാം.
നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച പിന്നെ മതി. അനവസരത്തിലെ ചർച്ച ഇപ്പോൾ വേണ്ട. നേതാക്കൾക്ക് തന്റെ ഉപദേശം വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ തള്ളിക്കളയാമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിരഹിത കലോത്സവം കൂട്ടായ്മയുടെ വിജയം: മന്ത്രി വി. ശിവൻകുട്ടി
Thursday, January 9, 2025 12:54 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും പരാതിരഹിത കലോത്സവമായി ഈ കലോത്സവം മാറിയെന്നും മന്ത്രി വി.ശിവൻകുട്ടി. എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. 19 കമ്മറ്റികളും വളരെ നന്നായി പ്രവർത്തിച്ചുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഭക്ഷണ കമ്മറ്റി പ്രശംസ പിടിച്ചു പറ്റിയെന്നും കൂട്ടിച്ചേർത്തു.
മുപ്പതിനായിരം പേരാണ് സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നത്. ഒരു പ്രതിഷേധം പോലും അവിടെ ഉണ്ടായില്ല. അച്ചടക്കം പാലിക്കാൻ കഴിഞ്ഞുവെന്നത് തന്നെ വലിയ നേട്ടമാണ്. മാധ്യമങ്ങൾ നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നു.
ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു കൗമാര മേള ഇല്ല. കലോത്സവത്തെ അടുത്തവർഷം ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സ്കൂൾതല മത്സരത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കണം. അടുത്ത സ്കൂൾ കലോത്സവം ഗ്രാമ അന്തരീക്ഷമുള്ള ഒരു ജില്ലയിൽ വച്ച് നടത്തണമെന്ന് നിർദ്ദേശങ്ങൾ വരുന്നുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കടുവപ്പേടിയിൽ പുൽപ്പള്ളി; ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ പരിശോധന
Thursday, January 9, 2025 12:34 PM IST
വയനാട്: പുൽപ്പള്ളി അമരക്കുനിയിൽ കടുവയിറങ്ങിയ പശ്ചാത്തലത്തിൽ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. കൂട് വയ്ക്കുന്നതിനു മുന്നോടിയായാണ് ഡോക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
പത്ത് വയസുള്ള പെണ്‍കടുവയാണ് മേഖലയിൽ എത്തുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കർണാടകയിൽനിന്നും അതിർത്തി കടന്നാണ് കടുവ വരുന്നതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
ബുധനാഴ്ച രാത്രിയാണ് കടുവ അമരക്കുനിയിൽനിന്നും ആടിനെ പിടികൂടിയത്. ഒരാഴ്ച മുൻപും മേഖലയിൽനിന്നും കടുവ ആടിനെ പിടികൂടിയിരുന്നു. പ്രദേശത്ത് ഒരു കൂട് വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ കാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിന്റെ കരണം അടിച്ചുപൊളിക്കാൻ ആളില്ലാതായിപ്പോയി: ജി.സുധാകരന്
Thursday, January 9, 2025 12:27 PM IST
ആലപ്പുഴ: ലൈംഗിക അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെതിരേ രൂക്ഷവിമർശനവുമായി മുൻമന്ത്രി ജി. സുധാകരൻ. ബോബി ചെമ്മണ്ണൂരിന്റെ കരണം അടിച്ചുപൊളിക്കാൻ ആളില്ലാതായിപ്പോയി. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ തങ്ങൾ തല്ലിയേനെയെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജി.സുധാകരന്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് വിചാരം. അവൻ പരനാറിയാണ്. വെറും പ്രാകൃതനും കാടനുമാണ്.
അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയെന്നും സുധാകരൻ ചോദിച്ചു.
അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ തന്നെ പോലീസ് സ്വമേധയാ കേസെടുത്ത് അയാളെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നിട്ട് അറസ്റ്റ് ചെയ്തോ എന്നും സുധാകരന് ചോദിച്ചു.
പടയപ്പ വീണ്ടും ജനവാസമേഖലയിൽ
Thursday, January 9, 2025 12:12 PM IST
മൂന്നാർ: പടയപ്പയെന്ന കാട്ടാന വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. നയമക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്.
ഒരാൾചയായി പടയപ്പ ജനവാസമേഖലയിൽ തന്പടിച്ചിരിക്കുകയാണ്. ആന പ്രകോപിതനാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം ഇന്ന് കണ്ണൂർ ഇരുട്ടിയിലും പാലക്കാട് പായത്തും കാട്ടാനകൾ ഇറങ്ങിയിരുന്നു.
സ്കൂട്ടർ മറിഞ്ഞു റോഡിൽ വീണു, പിന്നാലെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കണ്ണൂരില്‍ വിദ്യാര്‍ഥി മരിച്ചു
Thursday, January 9, 2025 12:16 PM IST
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥി മരിച്ചു. കല്യാശേരി പോളിടെക്നിക് വിദ്യാര്‍ഥി ആകാശ് ആണ് മരിച്ചത്.
രാവിലെ കോളജിലേക്ക് പോകുംവഴി പാപ്പിനിശേരിയില്‍ വച്ചാണ് അപകടം. സ്കൂട്ടര്‍ തെറ്റി മറഞ്ഞ് റോഡിലേക്ക് വീണ ആകാശിന്റെ ശരീരത്തിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരിട്ടിയിൽ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി; പ്രദേശവാസികൾ ഭീതിയിൽ
Thursday, January 9, 2025 11:51 AM IST
കണ്ണൂർ: ഇരിട്ടി പായം, കരിയാൽ, വട്ട്യറ, എരുമതടം മേഖലയിൽ കാട്ടാനകൾ ഭീഷണി പരത്തുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് പായം കര്യാൽ മേഖലയിൽ പത്രവിതരണം നടത്തുന്നവർ ആനയെ ആദ്യം കണ്ടത്. പിന്നീട് കൂടുതൽ ജനവാസ മേഖലയിലേക്ക് ആനകൾ മാറുകയായിരുന്നു.
തുടർന്ന് വനപാലകരും പോലീസുമെത്തി ആനയെ തുരത്താൻ ശ്രമിച്ചതോടെ രണ്ടു ഭാഗത്തേക്ക് ആനകൾ തിരിയുകയും കൂടുതൽ പ്രദേശങ്ങൾ ഭീതിയിലാവുകയും ചെയ്തു.
എരുമത്തടം പുഴയരികിലെ അക്കേഷ്യ കാട്ടിൽ ഒരാനയും മറ്റൊന്ന് ജബ്ബാർ കടവ് കരിയാൻ മെയിൻ റോഡ് മുറിച്ചുകടന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ പരിസരപ്രദേശത്തെ പറമ്പിലേക്കും ഓടിക്കയറി. ജനവാസ മേഖലയിൽ ആന ഇറങ്ങിയതോടെ പായം ഗവ. യുപി സ്കൂളിനും വട്ട്യറ എൽപി സ്കൂളിനും അവധി പ്രഖ്യാപിച്ചു.
ആന ഇറങ്ങിയതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് മേഖലയിൽ തടിച്ചുകൂടിയിരിക്കുന്നത്. പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പായം മേഖലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അനൗൺസ്മെന്റ് വാഹനം ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആറളം ഫാം പുനരധിവാസ മേഖലയിലും ഫാമിനുള്ളിലും കാട്ടാനകളുടെ താണ്ഡവം തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം ആറളം ഫാമിലെ ഓടന്തോട് കാട്ടാനയെ കണ്ടു ഭയന്നോടിയ രണ്ടു സ്ത്രീകൾക്ക് വീണു പരിക്കേറ്റിരുന്നു.
പാലക്കാട്ട് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
Thursday, January 9, 2025 11:49 AM IST
പാലക്കാട്: പുതുശേരിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. ചുള്ളിമടയിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. ഇന്ന് പുലർച്ചെയോടെയാണ് 14 ആനകൾ മേഖലയിലെത്തിയത്.
ആനകൾ കൊങ്ങൻപാടം ശങ്കരന്റെ ഒരേക്കർ കൃഷി നശിപ്പിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ പട്ടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് മടക്കി.
കഴിഞ്ഞ മാസവും ആനകൾ മേഖലയിൽ ഇറങ്ങിയിരുന്നു.