ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഭാരവാഹി തെ​ര​ഞ്ഞെ​ടു​പ്പ് 25 ന്
Sunday, May 19, 2024 6:48 AM IST
പാ​ല​ക്കാ​ട്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ 2024-27 വ​ർ​ഷ​ത്തെ രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 25ന് ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. രൂ​പ​ത പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, നാ​ല് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, (ര​ണ്ട് വ​നി​ത​ക​ൾ) 14 എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 21 അം​ഗ ക​മ്മി​റ്റി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. രൂ​പ​താസ​മി​തി​യു​ടെ കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷ​മാണ്.

ഓ​രോ യൂ​ണി​റ്റി​ലെ​യും രൂ​പ​താ പ്ര​തി​നി​ധിസ​ഭാം​ഗ​ങ്ങ​ളു​ടെ ലി​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​തി​നി​ധിസ​ഭാം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് വോ​ട്ട​വ​കാ​ശം. ഇ​ന്നുരാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ നാ​മ​നി​ർ​ദേ​ശപ​ത്രി​ക​ക​ൾ രൂ​പ​താ വ​ര​ണാ​ധി​കാ​രി​ക​ൾ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ർ​ഥിക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 22ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ന്തി​മ സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 25ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ ന​ട​ത്തും.

വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം പ്ര​ഖ്യാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ ഫാ.​ ബി​ജു ക​ല്ലി​ങ്ക​ൽ, അ​ഡ്വ. റെ​ജി​മോ​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.