കോഴഞ്ചേരി: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചു, ഒരാള്‍ മരണമടഞ്ഞു. രണ്ടു പേര്‍ക്കു പരിക്ക്. സ്കൂട്ടർ യാത്രി കനായ പ്ലാങ്കമണ്‍ വെള്ളിയറ കൊച്ചേത്തറയില്‍ ഉണ്ണിക്കൃഷ്ണനാണ് (45) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മല്ലപ്പള്ളി - ചെറുകോൽപ്പുഴ റോഡിൽ അയിരൂര്‍ വാളംപടിക്കും പാലച്ചുവടിനും മധ്യേ അപകടങ്ങളുണ്ടായത്. വാളംപടിക്കു സമീപം തടിയൂര്‍ പുത്തന്‍ശബരിമല പുളിക്കല്‍ പ്രസന്നകുമാറിന്റെ സ്കൂട്ടറിലാണ് കാർ ആദ്യം ഇടിച്ചത്. പ്രസന്നകുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു.
പിന്നീട് ചെറുകോല്‍പ്പുഴ ഭാഗത്തേക്കു വന്ന കാർ പാലച്ചുവടിനു സമീപം ഉണ്ണിക്കൃഷ്ണന് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു. റോഡിലേക്കു തെറിച്ചുവീണ ഉണ്ണിക്കൃഷ്ണൻ തല്‍ക്ഷണം മരിച്ചു. വീണ്ടും 50 മീറ്റർ നീങ്ങിയ കാര്‍ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം എതിര്‍ദിശയില്‍ സ്കൂട്ടറിൽ വന്ന പ്ലാങ്കമണ്‍ വെള്ളിയറ താന്നിയോലിക്കല്‍ കെ. ലക്ഷ്മി(30)യെ ഇടിച്ചു. സ്കൂട്ടറില്‍നിന്നു തെറിച്ചുവീണ ലക്ഷ്മി കാറിനടിയിലായി. സാരമായി പരിക്കേറ്റ ലക്ഷ്മിയെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.