അ​ക​ക്ക​ണ്ണാ​ൽ ക​രു​ക്ക​ൾ നീ​ക്കി ആ​യി​ഷ
Monday, August 26, 2024 11:49 PM IST
ആല​പ്പു​ഴ: ക​റു​പ്പും വെ​ള്ള​യും ക​ള​ങ്ങ​ൾ അ​ക​ക്ക​ണ്ണി​ൽ അ​ള​ന്നെ​ടു​ത്തു. തൊ​ട്ടു​നോ​ക്കി ക​രു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ്‌ ആ​യി​ഷ ക​രു​ക്ക​ൾ നീ​ക്കി. ഓ​രോ നീ​ക്ക​വും സ​സൂ​ക്ഷ്‌​മം. സം​സ്ഥാ​ന സ്‌​പോ​ർ​ട്സ് കൗ​ൺ​സി​ൽ ടെ​ക്‌​നി​ക്ക​ൽ ക​മ്മി​റ്റി ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന അ​ണ്ട​ർ-19 ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ഴ്‌​ച​പ​രി​മി​തി മ​റി​ക​ട​ന്നാ​ണ്‌ ഈ ​പ​തി​ന​ഞ്ചു​കാ​രി​യു​ടെ മു​ന്നേ​റ്റം. ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ മ​ത്സ​രി​ച്ച്‌ ഏ​ഴ്‌ റൗ​ണ്ടി​ൽ​നി​ന്ന്‌ നാ​ല്‌ പോ​യി​ന്‍റ് നേ​ടി 13-ാം സ്ഥാ​നം.

പാ​ല​ക്കാ​ട്‌ ഗ​വ. മോ​യ​ൻ​സ്‌ സ്‌​കൂ​ളി​ലെ 10-ാം ക്ലാ​സു​കാ​രി​യാ​യ കെ.​എ. ആ​യി​ഷ സൈ​ന​ബ്‌ ഇ​ന്‍റർ​നാ​ഷ​ണ​ൽ ബ്ലൈ​ൻ​ഡ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റിലേ​ക്ക്‌ അ​വ​സ​രം ല​ഭി​ച്ച ആ​ദ്യ​മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​ണ്. പാ​ല​ക്കാ​ട് ക​രി​മ്പു​ഴ ഹെ​ല​ൻ കെ​ല്ല​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ചെ​സ് ബോ​ർ​ഡി​ന്‌ മു​ന്നി​ലെ​ത്തു​ന്ന​ത്‌. 2022ൽ ​കേ​ര​ള ചെ​സ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദ ​ബ്ലൈ​ൻ​ഡ്‌ ധോ​ണി ലീ​ഡ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച സ്റ്റേറ്റ് സെ​ല​ക‌്ഷ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റിൽ​ത്ത​ന്നെ മി​ക​ച്ച വ​നി​താ താ​ര​മാ​യി. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല​ട​ക്കം മി​ക​ച്ച പ്ര​ക​ട​നം.


2023ൽ ​ബം​ഗ​ളൂ​രു​വി​ൽ സൗ​ത്ത് സോ​ൺ ടൂ​ർ​ണ​മെ​ന്‍റിൽ ആ​യി​ഷ​യ്‌​ക്ക്‌ ഫി​ഡേ റേ​റ്റി​ംഗ് ല​ഭി​ച്ചു. 1506 ആ​ണ് റേ​റ്റി​ംഗ്. സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ല​ട​ക്കം ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ മ​ത്സ​രി​ച്ച്‌ ജി​ല്ല​യി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി.

2023ൽ ​ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന കാ​ഴ്‌​ച​പ​രി​മി​ത​രു​ടെ ദേ​ശീ​യ വ​നി​താ ചെ​സ്‌ ടൂ​ർ​ണ​മെന്‍റിൽ അ​ഞ്ചാം​സ്ഥാ​നം നേ​ടി ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി. ഇ​ന്ത്യ ആ​തി​ഥേ​യ​രാ​കു​ന്ന വേ​ൾ​ഡ് വു​മ​ൺ ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റിൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും.

പാ​ല​ക്കാ​ട് യൂ​ണി​വേ​ഴ്‌​സ​ൽ ല​തേ​ഴ്‌​സ് ആ​ൻ​ഡ്‌ ഫു​ട്‌​വെ​യ​ർ ഉ​ട​മ ക​ള്ളി​ക്കാ​ട്‌ നെ​സ്‌​റ്റ്‌ റാ​ഹി​ന മ​ൻ​സി​ലി​ൽ അ​ൻ​സാ​രി​യു​ടെ​യും ജ​ന്മ​നാ അ​ന്ധ​യാ​യ റ​ജീ​ന​യു​ടെ​യും മ​ക​ളാ​ണ്.