പിലാത്തറ: കോൽക്കത്തയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്കും കുടുംബാംഗങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊലയാളികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സ്ത്രീ പീഡകർക്ക് താക്കീതുമായി പിലാത്തറയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ രൂപത വനിതാ കമ്മീഷൻ, കെസിവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗതികെട്ട സ്ത്രീത്വം നാടിന്റെ ദുഃഖം എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പിലാത്തറ ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ബംഗാൾ പോലീസിന്റെ ഭാഗത്ത് കടുത്ത വീഴ്ചയു സംഭവിച്ചതായുള്ള കോടതിയുടെ നിരീക്ഷണമെങ്കിലും ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കണം. ഇനിയൊരു സ്ത്രീക്കും ഇത്തരം ദുർഗതി ഉണ്ടാകാതിരിക്കാൻ സർക്കാരുകൾ ജാഗ്രത പുലർത്തണമെന്നും ഫാ. ബെന്നി മണപ്പാട്ട് ആവശ്യപ്പെട്ടു. കണ്ണൂര്‍ രൂപത വനിത കമ്മീഷന് സെക്രട്ടറി പുഷ്പ ക്രിസ്റ്റി വിഷയാവതരണം നടത്തി. കണ്ണൂര്‍ കോർപറേഷൻ ഡപ്യൂട്ടി മേയര്‍ ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം രൂപത പ്രസിഡന്റ് ഫെബിന ഫെലിക്സ്, ഫാ. ഷോബി, ഫാ. ലോറന്‍സ് പനക്കല്‍, സിസ്റ്റർ റൊസീന, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ സാബിറ, സുനിഷ, കെസിവൈഎം സെക്രട്ടറി സെബി പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.