ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ്: ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ പോലീസ് നി​ര്‍​ദേ​ശം
Monday, August 26, 2024 6:57 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ തട്ടി​പ്പി​ല്‍പ്പെ​ട്ട​വ​ര്‍​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക പൂ​ര്‍​ണ​മാ​യും തി​രി​ച്ചു​ന​ല്‍​കാ​മെ​ന്ന പേ​രി​ല്‍ ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശം.

ഓ​ള്‍ ഇ​ന്ത്യ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി എ​ന്ന പേ​രി​ല്‍ ഒ​രു സം​ഘ​ട​ന ഇ​ത്ത​രം വാ​ഗ്ദാ​ന​വു​മാ​യി ത​ട്ടി​പ്പി​നി​ര​യാ​യ​വ​രെ സ​മീ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണി​ത്. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രെ തേ​ടി​യെ​ത്തു​ന്ന വാ​ട്ട്‌​സാ​പ്പ് കോ​ള്‍ അ​ഥ​വാ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ല്‍ നി​ന്നാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം.

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട തു​ക മു​ഴു​വ​നാ​യും ത​ന്നെ മ​ട​ക്കി​ക്കി​ട്ടാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്നാ​യി​രി​ക്കും വാ​ഗ്ദാ​നം. കാ​ര്യ​ങ്ങ​ള്‍ വി​ദ​ഗ്ധ​മാ​യി ഇ​ര​യെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം ര​ജി​സ്‌​ട്രേ​ഷ​നാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​തു​ക​യ്ക്ക് ജി​എ​സ്ടി ബി​ല്‍ ന​ല്‍​കു​മെ​ന്നും ന​ഷ്ട​മാ​യ തു​ക 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തി​രി​കെ ല​ഭി​ക്കു​മ്പോ​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ക​യും അ​തി​നൊ​പ്പം മ​ട​ക്കി ന​ല്‍​കു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്യു​ന്നതാ ണ് സംഘത്തിന്‍റെ രീതി.


ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രി​ല്‍ നി​ന്നു​ത​ന്നെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ഇ​ക്കൂ​ട്ട​ര്‍ ത​ട്ടി​പ്പ് വ്യാപകമായി തട്ടിപ്പ് ന​ട​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന തു​ക വീ​ണ്ടെ​ടു​ത്തു ന​ല്‍​കു​ന്ന​തി​നാ​യി ആ​ള്‍ ഇ​ന്ത്യ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോറി​റ്റി എ​ന്ന സം​ഘ​ട​ന​യെ​യോ മ​റ്റ് ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളെ​യോ സ്ഥാ​പ​ന​ത്തെ​യോ പോ​ലീ​സോ മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളോ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് 1930 എ​ന്ന ന​മ്പ​റി​ല്‍ വിളിച്ച് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണം. ത​ട്ടി​പ്പ് ന​ട​ന്ന ഒ​രു മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​ര​മ​റി​യി​ച്ചാ​ല്‍ പ​ണംതി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഡി​ജി​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.