നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസികളാൽ ഏറെ ആദരിക്കപ്പെട്ടിരുന്ന ഒരു പുണ്യപുരുഷനായിരുന്നു അദ്ദേഹം. ഒരിക്കൽ യുവസന്യാസികളിലൊരാൾ അദ്ദേഹത്തോടു ചോദിച്ചു: ""ഏതു പുണ്യപ്രവൃത്തിയാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്?''
അപ്പോൾ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ""പ്രാർഥന !'' ദിവസവും നിരന്തരം മണിക്കൂറുകൾ പ്രാർഥിച്ചിരുന്ന വ്യക്തിയായിരുന്നു ആബാ ആഗത്തോൺ. അദ്ദേഹത്തിന് പ്രാർഥന ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു കേട്ടപ്പോൾ അവർ അന്പരന്നു. അപ്പോൾ, വിശദീകരണമെന്നവണ്ണം അദ്ദേഹം പറഞ്ഞു: ""മറ്റ് എന്തു പ്രവൃത്തിയാണെങ്കിലും അതു നമുക്കു തൃപ്തികരമായി ചെയ്തുതീർക്കാനാകും.
എന്നാൽ, പ്രാർഥനയുടെ കാര്യം അങ്ങനെയല്ല. അതു മനസും ഹൃദയവും ദൈവത്തിൽ ഉറപ്പിച്ചുനിർത്താനുള്ള ഒരു പോരാട്ടമാണ്. അതിനിടെ എന്തെല്ലാം പലവിചാരങ്ങളാണു കടന്നുവരുന്നത്. ഇതിനിടയിൽ പ്രാർഥനയിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ പിശാചും ശ്രമിച്ചെന്നു വരും. തന്മൂലമാണ് പ്രാർഥന ഏറെ ക്ലേശകരമായ പ്രവൃത്തിയായി മാറുന്നത്.''
യുവസന്യാസിമാർ ശ്രദ്ധാപൂർവം കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ""നമ്മൾ മറ്റ് എന്തു കാര്യം ചെയ്താലും അത് ഏറെക്കുറെ തൃപ്തികരമായി പൂർത്തിയാക്കാനാകും. എന്നാൽ, പ്രാർഥന അങ്ങനെയല്ല. മനസും ഹൃദയവും അവിരാമം ദൈവത്തിൽ ഉറപ്പിച്ചുനിർത്താനുള്ള ഒരു യുദ്ധമാണത്. മരണംവരെ അതു നീണ്ടുനിൽക്കുകയും ചെയ്യും.''
പുണ്യപുരുഷനായിരുന്ന ആബാ ആഗത്തോണിനു പ്രാർഥന ഏറെ ശ്രമകരമായ കാര്യമായിരുന്നെങ്കിൽ സാധാരണക്കാരായ നമ്മുടെ കാര്യമോ? നമ്മെ സംബന്ധിച്ചിടത്തോളം പ്രാർഥന ഒരു മഹായുദ്ധംതന്നെയായിരിക്കും. തന്മൂലമല്ലേ പ്രാർഥനയുടെ കാര്യം വരുന്പോൾ നാം പിന്നോട്ടുമാറുന്നത്.
ഗാന്ധിജിയുടെ പ്രാർഥന എന്നാൽ, പ്രാർഥന കൂടാതെ നമുക്കു ജീവിക്കാൻ സാധിക്കുമോ? ഭാരതത്തിൽ സ്വാതന്ത്ര്യസമരം നടക്കുന്ന സമയത്തു യംഗ് ഇന്ത്യ എന്ന മാസികയിൽ ഒരിക്കൽ ഗാന്ധിജി ഇപ്രകാരം എഴുതി: ""പ്രാർഥനയാണ് എന്റെ ജീവിതത്തെ രക്ഷിച്ചത്. പ്രാർഥനയില്ലായിരുന്നെങ്കിൽ ഞാൻ പണ്ടേതന്നെ ഭ്രാന്തനായിത്തീരുമായിരുന്നു.
എന്റെ ആത്മകഥയിൽ ഞാൻ വിവരിച്ചിരിക്കുന്നതുപോലെ, പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും കയ്പേറിയ നിരവധി അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അവയൊക്കെ എന്നെ നിരാശയിലേക്കു തള്ളിയിട്ടിട്ടുണ്ട്. എന്നാൽ, അതിൽനിന്നു കരകയറാൻ എനിക്കു സാധിച്ചത് പ്രാർഥനയിലൂടെയാണ്.''
ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം പ്രാർഥന അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു. തന്നോടുതന്നെയും മറ്റുള്ളവരോടും യുദ്ധം ചെയ്യാൻ അദ്ദേഹം ഉപയോഗിച്ച ആയുധം.
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധം പ്രാർഥനയായിരിക്കണം. എന്തുകൊണ്ടാണ് നിരന്തരം പ്രാർഥിക്കുവിൻ (2 തെസലോനിക്ക 5:17) എന്ന് പൗലോസ് അപ്പസ്തോലൻ പഠിപ്പിച്ചത്. ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചുകൊണ്ട് ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശുനാഥൻ അവതരിപ്പിക്കുന്നതും (ലൂക്ക 18:18) നാം ഓർമിക്കുന്നതു നല്ലതാണ്.
ഹൃദയവും മനസും ദൈവത്തിൽ ഉറപ്പിച്ചുനിർത്തിക്കൊണ്ടു പ്രാർഥിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അതുവഴിയുണ്ടാകുന്ന നന്മകൾ മറക്കാൻ സാധിക്കുമോ? മർത്യരായ നമ്മെ അമർത്യനായ ദൈവവുമായി ബന്ധിപ്പിക്കുന്ന വിശുദ്ധമായ ഒരു പാലമല്ലേ പ്രാർഥന.
പ്രപഞ്ചത്തിന്റെ അധിനാഥനോട് തൊട്ടടുത്തെന്നപോലെ സംസാരിക്കാൻ പ്രാർഥനവഴി മാത്രമല്ലേ സാധിക്കുക. പ്രാർഥനയിലൂടെ അവിടത്തോടുള്ള കൂട്ടായ്മകൊണ്ട് നമുക്കുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെനിന്നെങ്കിലും ലഭിക്കുമോ?
അതുകൊണ്ടല്ലേ, പേർഷ്യൻ കവിയും സൂഫി മിസ്റ്റിക്കുമായിരുന്ന റൂമി എഴുതിയത്: ""പ്രാർഥന നമ്മുടെ ഹൃദയത്തിലെ മൂടൽമഞ്ഞ് മാറ്റി നമുക്കു സമാധാനം നൽകും.'' എന്ന്. ജീവിതത്തിൽ വഴിയറിയാതെ അശാന്തരായി നാം അലയുന്പോൾ പ്രാർഥനപോലെ നേർവഴിയിലൂടെ നമ്മെ നടത്തുന്ന മറ്റേതൊരു വടക്കുനോക്കിയന്ത്രമുണ്ട് നമ്മുടെ കൈകളിൽ. അങ്ങനെ മറ്റൊന്ന് ഇല്ല എന്നതല്ലേ പരമാർഥം.
നിർഭയം പൗലോസ് അപ്പസ്തോലൻ എഴുതുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ.'' അപ്പോൾ എന്താണ് സംഭവിക്കുന്നതെന്നല്ലേ? അപ്പസ്തോലൻ തുടർന്ന് എഴുതുന്നു: ""അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും (ഫിലിപ്പി 4:67).''
ജീവിതത്തിൽ മറ്റെല്ലാം ഉണ്ടെങ്കിലും സമാധാനം ഇല്ലെങ്കിൽ എന്തുകാര്യം? ആ സമാധാനം ലഭിക്കുക പ്രാർഥനവഴി നാം ദൈവത്തോട് ഒന്നുചേരുന്പോഴാണ്. രണ്ടാം ലോകമഹായുദ്ധകാലത്തു നാസി ഭീകരരാൽ പീഡിപ്പിക്കപ്പെട്ടെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ച ഓസ്ട്രിയൻ സൈക്യാട്രിസ്റ്റാണ് വിക്ടർ ഫ്രാങ്കൽ. അദ്ദേഹം എഴുതുന്നു: ""മനുഷ്യരെ കൊലചെയ്യാനായി ഔഷ്വിറ്റ്സിലെ ഗ്യാസ് ചേന്പറുകൾ കണ്ടുപിടിച്ചതു മനുഷ്യരാണ്. എന്നാൽ, മനുഷ്യർതന്നെയാണ് തല ഉയർത്തിക്കൊണ്ട് ആ ചേന്പറുകളിൽ പ്രവേശിച്ചു വധിക്കപ്പെടാൻ നിർഭയം നിന്നുകൊടുത്തതും.''
അങ്ങനെ നിർഭയം തലയുയർത്തി മരണത്തിനു തങ്ങളെ വിട്ടുകൊടുക്കാൻ അവർക്കു സാധിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. അതു പ്രാർഥനവഴി അവർക്കു ലഭിച്ച മനസമാധാനവും ശാന്തിയുമാണത്രേ. പ്രാർഥനവഴി ദൈവത്തിന്റെ ശക്തി നമ്മിലേക്കു പ്രവഹിക്കുന്പോൾ മാത്രമേ, ജീവിതത്തിലെ ദുരന്തങ്ങളെ നേരിടാൻ നമുക്കു സാധിക്കൂ.
അതു മാത്രമല്ല, ദൈവം കാണിച്ചുതരുന്ന നന്മയുടെ വഴി അറിയുന്നതിനും ദൈവത്തിന്റെ കൈപിടിച്ച് ആ വഴി നടക്കുന്നതിനും നമുക്കു പ്രാർഥന കൂടിയേ തീരൂ. തന്മൂലം പ്രാർഥന എത്ര ബുദ്ധിമുട്ടുള്ള പ്രവൃത്തിയാണെങ്കിലും നാം അതു മുടക്കരുത്.