ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (19641996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 1996 ഏപ്രിലിൽ എവറസ്റ്റ് പര്യടനസംഘത്തിലെ ഗൈഡായിരുന്നു. ആ സംഘത്തിൽനിന്നുള്ള ഹാലിസ്, അനറ്റോളി ബുക്ക്റീവ്, ജോണ് ക്രാക്കവർ എന്നിവർ 1996 മേയ് പത്തിന് എവറസ്റ്റ് കൊടുമുടി കീഴടക്കി.
എന്നാൽ, മടക്കയാത്രയിൽ മേയ് 11ന് ഹാരിസ് മരിച്ചു. ഹാരിസിനെക്കൂടാതെ ആ പര്യടനസംഘത്തിലെ മറ്റ് ഏഴുപേർകൂടി മേയ് 10, 11 തീയതികളിലായി മരിച്ചു. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. ഈ പര്യടനസംഘത്തിൽ ഗൈഡായി പ്രവർത്തിച്ച ആളായിരുന്നു ക്രാക്കവർ. അമേരിക്കക്കാരനായ അദ്ദേഹം പർവതരോഹണത്തിലെന്നപോലെ പത്രപ്രവർത്തനത്തിലും പ്രശോഭിച്ച പ്രതിഭയാണ്.
ഓക്സിജൻ തീർന്നപ്പോൾ 1996 മേയിൽ നടന്ന എവറസ്റ്റ് ദുരന്തത്തെക്കുറിച്ച് ക്രാക്കവർ ’ഇൻടു തിൻ എയർ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 1997ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ടൈം മാസികയുടെ ബുക്ക് ഓഫ് ദ ഇയർ അവാർഡ് നേടി.
ന്യൂയോർക്ക് ടൈംസിന്റെ നോണ്ഫിക്ഷൻ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഏറെക്കാലം ഈ പുസ്തകം ഉണ്ടായിരുന്നു. ഈ പുസ്തകത്തെ ആധാരമാക്കി 2015ൽ എവറസ്റ്റ് എന്ന പേരിൽ ഒരു ടെലിഫിലിമും പുറത്തിറങ്ങി.
"ഇൻ ടു തിൻ എയർ'' എന്ന പുസ്തകത്തിൽ ക്രാക്കവർ വിവരിക്കുന്നതനുസരിച്ച്, ഓക്സിജന്റെ അഭാവംമൂലം ഉണ്ടാകുന്ന ഹൈപോക്സിയ എന്ന അവസ്ഥയാണത്രേ ഹാരിസിന്റെ മരണത്തിനു വഴിതെളിച്ചത്. ഹാരിസിന്റെ ഓക്സിജൻ കാനിസ്റ്ററിൽ ഓക്സിജൻ തീർന്ന സമയത്ത് വഴിയിൽ മറ്റു പർവതാരോഹകർ ഉപേക്ഷിച്ചുപോയ ഓക്സിജൻ കാനിസ്റ്ററുകൾ അദ്ദേഹം കണ്ടിരുന്നു.
എന്നാൽ, അവ ശൂന്യമാണെന്നാണു ഹാരിസ് ബേസ് ക്യാന്പിലേക്കു വിളിച്ചുപറഞ്ഞത്. അപ്പോൾ, അവ ശൂന്യമല്ലെന്നും അവയിൽ ഓക്സിജൻ ഉണ്ടെന്നും ബേസ് ക്യാന്പിലുള്ളവർ പറഞ്ഞിട്ടും അദ്ദേഹം വിശ്വസിക്കാൻ തയാറായില്ല. അതിന്റെ കാരണം, ഓക്സിജന്റെ അഭാവംമൂലം അദ്ദേഹത്തെ ബാധിച്ച ഹൈപോക്സിയ ആയിരുന്നത്രേ.
ശരിയായ രീതിയിൽ ചിന്തിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. ഓക്സിജന്റെ അഭാവം മൂലം അദ്ദേഹത്തിന്റെ ബ്രെയിൻ ജീവനറ്റ നിലയിലായിരുന്നു.
ആത്മാവിന്റെ ഓക്സിജൻ നമ്മുടെ ശരീരം നിലനിൽക്കണമെങ്കിൽ നമുക്ക് ഓക്സിജൻ വേണം. അതുപോലെ, നമ്മുടെ ആത്മാവിന്റെ ജീവൻ നിലനിൽക്കണമെങ്കിൽ അതിന് ആത്മീയ ഓക്സിജനും വേണം. എന്നാൽ, ജീവിതത്തിൽ വിജയങ്ങൾ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ നാം പലപ്പോഴും നമ്മുടെ ആത്മാവിന്റെ പരിപോഷണത്തിന്റെ കാര്യം മറന്നുപോകുന്നു.
അപ്പോൾ നമുക്കു സംഭവിക്കുന്നത് എന്താണ്? ഓക്സിജന്റെ അഭാവം മൂലം ഹാരിസിനു ശരിയായ രീതിയിൽ ചിന്തിക്കാൻ കഴിയാതിരുന്നതുപോലെ, ആത്മാവിന്റെ ശോഷണംമൂലം ധാർമികതയിൽ അടിയുറച്ച ശരിയായ തീരുമാനങ്ങൾ എടുക്കാനും അതു നടപ്പാക്കാനും നമുക്കു സാധിക്കാതെ പോകുന്നു. അപ്പോഴാണ്, നമ്മുടെ ജീവിതത്തിൽനിന്നു സമാധാനവും സന്തോഷവും സംതൃപ്തിയുമൊക്കെ ചോർന്നുപോകുന്നത്.
എന്താണ് ഇതിനു പ്രതിവിധി? പ്രധാന പ്രതിവിധി ആത്മാവിനു ശരിയായ പോഷണം നൽകുക എന്നതാണ്. അതു സാധിക്കുന്നതാകട്ടെ ദൈവവുമായി അടിയുറച്ച ബന്ധം സ്ഥാപിക്കുന്നതിലൂടെയും. ശരീരത്തിന് ഓക്സിജൻ ആവശ്യമായിരിക്കുന്നതുപോലെ ദൈവത്തിന്റെ കൃപ നമ്മുടെ ആത്മാവിനു നിരന്തരം ആവശ്യമാണ്. പ്രാർഥന വഴി ദൈവവുമായി ബന്ധപ്പെടുന്പോഴാണ് അവിടത്തെ കൃപ ലഭിക്കുക.
ഇല്ലാത്തതും ഉള്ളതും ഫ്രഞ്ച് ചിന്തകനും ഗ്രന്ഥകാരനുമായിരുന്ന ബ്ലേയ്സ് പാസ്കൽ ഒരിക്കൽ എഴുതി, "നിശബ്ദനായി ഒരു റൂമിൽ അല്പസമയം ഇരിക്കാൻ മനുഷ്യനു സാധിക്കാത്തതാണ് മനുഷ്യരാശിയുടെ സകല പ്രശ്നങ്ങളുടെയും കാരണം.''
അതായത്, നമ്മുടെ അനുദിന ജീവിതത്തിൽ കുറേ സമയമെങ്കിലും ദൈവവുമായി ബന്ധപ്പെടാൻ നമുക്കു സാധിക്കുകയാണെങ്കിൽ നമ്മുടെ പല പ്രശ്നങ്ങളും അവസാനിക്കും എന്നു സാരം. സങ്കീർത്തനത്തിലൂടെ ദൈവം ഇപ്രകാരം പറയുന്നു, "ശാന്തമാകുക. ഞാൻ ദൈവമാണെന്നറിയുക'' (46:10).
ദൈവത്തിന്റെ മുന്പിൽ ശാന്തമായിരുന്ന് അവിടത്തെ ജീവനും കൃപയും സ്വീകരിക്കാൻ നാം തയാറാകണം.
അപ്പോൾ പൗലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം'' (ഫിലിപ്പി 4:7) നമ്മുടെ ഹൃദയത്തെയും ചിന്തകളെയും നിറയ്ക്കും.
നമ്മുടെ ആത്മാവിനെ പരിപോഷിപ്പിക്കുന്നതിനു പ്രാർഥന പോലെ നമ്മെ സഹായിക്കുന്നതാണ് എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക എന്നത്. നാം നന്ദിയുള്ളവരാണെങ്കിൽ, ദൈവത്തിൽനിന്നും മറ്റുള്ളവരിൽനിന്നും ലഭിക്കുന്ന അനുഗ്രഹങ്ങൾ ഒരിക്കലും കാണാതെപോകില്ല. അപ്പോൾ, ഇല്ലാത്തവയെക്കുറിച്ചെന്നതിലേറെ നമുക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ചായിരിക്കും നാം ചിന്തിക്കുക. ആ ചിന്തതന്നെ ഹൃദയത്തിനു സന്തോഷവും സമാധാനവും നൽകും.
നന്ദിയുള്ളവരായിരിക്കുക എന്നതുപോലെ പ്രധാനപ്പെട്ടതാണു നാം സ്നേഹവും കരുണയും സേവനസന്നദ്ധതയുമൊക്കെ ഉള്ളവരായിരിക്കുക എന്നത്. നാം ഇങ്ങനെയൊക്കെ ആയിരിക്കുന്പോഴാണ് ദൈവവുമായുള്ള നമ്മുടെ ആത്മബന്ധം ശക്തിപ്പെടുന്നത്. അപ്പോൾ, നാം അറിയാതെതന്നെ നമ്മുടെ ആത്മാവിന് ആവശ്യമായ ഓക്സിജൻ ലഭിച്ചുകൊള്ളും.
ജീവിതത്തിലെ നിരവധി തിരക്കുകൾക്കിടയിൽ ദൈവവുമായുള്ള നമ്മുടെ ആത്മബന്ധം നഷ്ടപ്പെട്ടുപോകാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ, നമ്മുടെ ആത്മാവ് സജീവമായിത്തന്നെ നിലനിന്നുകൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ