Monday, October 2, 2023 1:30 AM IST
ലോകം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന ആരോഗ്യകരമായ പല പ്രതിസന്ധികളിലും ഗാന്ധിയൻ ദർശങ്ങളുടെ പ്രാധാന്യം പലരും തിരിച്ചറിയുന്നു. ഗാന്ധിജി തന്റെ ആത്മകഥയിൽ മൂന്നു മഹാമാരികളെ അഭിമുഖീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1896ൽ ബോംബെയിലുണ്ടായ പ്ലേഗ് ബാധ, 1905ൽ തെക്കേ ആഫ്രിക്കയിലെ ജോഹാന്നസ്ബർഗിൽ പടർന്നുപിടിച്ച ബ്ലാക്ക് പ്ലേഗ്, 1918ൽ ലോകത്തെയാകെ ഗ്രസിച്ച സ്പാനിഷ് ഫ്ലൂ.
ഈ മഹാമാരികൾ ഗാന്ധിജിക്ക് ചില വിലപ്പെട്ട അനുഭവങ്ങൾ പ്രദാനം ചെയ്തു. ഈ അനുഭവങ്ങളുടെയും സ്വന്തം നിരീക്ഷണ-പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ആരോഗ്യസിദ്ധാന്തം അദ്ദേഹം രൂപപ്പെടുത്തി. തന്റെ സഹപ്രവർത്തകർക്ക് ആരോഗ്യപരിപാലന സംബന്ധമായ നിർദേശങ്ങളും ഉപദേശങ്ങളും നല്കുക മാത്രമല്ല, കുടുംബാംഗങ്ങളെയും ആശ്രമത്തിലെ അന്തേവാസികളെയും അവരുടെ സമ്മതപ്രകാരം ചികിത്സിക്കുകയും ചെയ്തിരുന്നു.
ആരോഗ്യസേവകനായപ്പോൾ
1896ൽ രാജ്കോട്ടിൽ ഗാന്ധിജി എത്തുമ്പോൾ ആ പ്രദേശങ്ങളിൽ പ്ലേഗ് ബാധ പടർന്നുപിടിച്ചിരുന്നു. സർക്കാരുമായി സഹകരിച്ചു സന്നദ്ധസേവകനായി ശുചീകരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ജോഹന്നാസ്ബർഗിലെ പ്ലേഗ് ബാധയെക്കുറിച്ച് കറുത്ത പ്ലേഗ് എന്നപേരിൽ ആത്മകഥയിൽ രണ്ട് അധ്യായങ്ങളിലായി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ഏറ്റവും സാഹസികവും ശ്രദ്ധേയവുമായ ആരോഗ്യസേവന പ്രവർത്തനങ്ങളാണ് അദ്ദേഹം അവിടെ നടത്തിയത്. രോഗികൾക്ക് അദ്ദേഹം മണ്ണു ചികിത്സയാണ് നൽകിയത്. അവിടെവച്ച്് സാമൂഹിക അകലം പാലിക്കൽ പരിപാടി അദ്ദേഹം പരീക്ഷിച്ചു വിജയിച്ചു. 1918ൽ ഗുജറാത്തിലെ ഖേഡായിൽ സത്യഗ്രഹം അനുഷ്ഠിക്കുന്നതിനിടയിലാണ് സ്പാനിഷ് ഫ്ലൂ ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ടത്. ഗാന്ധിജിയും രോഗബാധിതനായി. ഉപവാസവും മിതാഹാരവും അദ്ദേഹം ശീലിച്ചു തുടങ്ങി. റോഡുകളിലും പൊതുസ്ഥലങ്ങളിലും തുപ്പുന്നതും മൂക്ക് ചീറ്റുന്നതും കൊതുകുകൾ പരക്കുന്നതിനുള്ള സാഹചര്യങ്ങളുമെല്ലാം അദ്ദേഹത്തെ 1919 ലേ അലോസരപ്പെടുത്തിയിരുന്നു.
ശുചിത്വപാഠം
1925ൽ തന്നെ നവജീവനിൽ ഗാന്ധിജി ഈ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നു. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം ശിക്ഷാർഹമായ കുറ്റമാക്കണം, ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങൾ ഗാന്ധിജി മുന്നോട്ടുവച്ചു. സ്വാതന്ത്ര്യം നേടി ഇത്രയും കാലമായിട്ടും നാം ഇതൊന്നും പൂർണമായി നടപ്പാക്കിയില്ലെന്നതു വേറെ കാര്യം. ശുദ്ധജലത്തിന്റെ സംരക്ഷണത്തിനും ഗാന്ധിജിക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ഗ്രാമങ്ങളിലെ പൊതുടാങ്കുകളിലെ കുടിവെള്ളം ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഗാന്ധിജി ഊന്നിപ്പറഞ്ഞിരുന്നു. ഇന്നും ശുദ്ധജല ദൗർലഭ്യം കാരണം നാം നട്ടം തിരിയുകയാണെന്നത് യാഥാർഥ്യം. ജലസംരക്ഷണം, നദികളും തോടുകളും വൃത്തിഹീനമാകാതെ സൂക്ഷിക്കുക തുടങ്ങിയവയെല്ലാം ഓരോ പൗരന്റെയും കർത്തവ്യമാണെന്ന് ഗാന്ധിജി ഉറച്ചുവിശ്വസിച്ചിരുന്നു.
പരിസ്ഥിതി സംരക്ഷണം മാനവജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് ഗാന്ധിജി വ്യക്തമാക്കിയിരുന്നു. വായു, വെള്ളം, ആകാശം എന്നിവ മനുഷ്യശരീരത്തിന് ജീവൻ നിലനിർത്താൻ ആവശ്യമാണ്. അവയുടെ ലഭ്യതയ്ക്ക് കുറവുവരാതിരിക്കാൻ പരിസ്ഥിതിക്കു കോട്ടം വരാതെ നോക്കണം. അല്ലെങ്കിൽ ശുദ്ധവായു കാശുമുടക്കി വാങ്ങേണ്ട കാലം വിദൂരമല്ലെന്നും ഗാന്ധിജി സൂചിപ്പിച്ചിരുന്നു.
വായു, ജലം, ഭക്ഷ്യവസ്തുക്കൾ എന്നിവയെ അശുദ്ധമാക്കാതെ സംരക്ഷിക്കേണ്ടത് ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ നിലനിർത്താൻ ആവശ്യമാണെന്ന് ഗാന്ധിജി 1918ൽ തന്നെ നമ്മോടു പറഞ്ഞതാണ്. പരിസരങ്ങളിൽനിന്നും റോഡുകളിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യങ്ങൾ വേർതിരിച്ചു വളമായി ഉപയോഗിക്കാനും മറ്റു പദാർത്ഥങ്ങൾ പുനരുപയോഗിക്കാനുമുള്ള സാധ്യതകൾ പരിശോധിക്കാനും ഗാന്ധിജി നമ്മോട് നിർദേശിച്ചിരുന്നതാണ്. നാമിന്നു ഗ്രാമങ്ങളിലും നഗരങ്ങളിലും നേരിടുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ഗാന്ധിജി അന്നേ പരിഹാരം ചൂണ്ടിക്കാണിച്ചിരുന്നു.
രോഗങ്ങൾക്കെതിരേയുള്ള പോരാട്ടത്തിൽ ഗാന്ധിജി പ്രഥമസ്ഥാനം നൽകിയിരുന്നത് ശുചിത്വത്തിനായിരുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും രോഗം പടരാതിരിക്കാനുള്ള അടിസ്ഥാന മുൻകരുതലായി അദ്ദേഹം കണ്ടു. അതോടൊപ്പം പ്രാധാന്യമുള്ളതാണ് കോവിഡ് കാലത്തു നാം കേട്ട സാമൂഹിക അകലം പാലിക്കൽ. ഭക്ഷണം സമീകൃതമായിരിക്കണം. സ്വാദിന് പ്രാധാന്യം നൽകുമ്പോൾ ഭക്ഷണത്തിന്റെ പോഷകമൂല്യം കുറയും. അത് ആരോഗ്യത്തെ ഹനിക്കുന്നു. സ്വാദിനെ നിയന്ത്രിച്ച് അസ്വാദ ഒരു വ്രതമായി അനുഷ്ഠിക്കണമെന്നു ഗാന്ധിജി നിഷ്കർഷിച്ചു. ഭക്ഷണം മരുന്നാണ്. മരുന്ന് കഴിക്കുന്നതുപോലെ സമയനിഷ്ഠ പാലിച്ച് നിശ്ചിത അളവിൽ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം.
ചിട്ടയായ ജീവിതരീതി
ഗാന്ധിജി സസ്യഭുക്കായിരുന്നു. ശുദ്ധജലം കൂടെ കൊണ്ടുനടക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. ധാന്യങ്ങളും പഴവർഗങ്ങളും നിത്യവും ആഹാരത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. നടത്തമായിരുന്നു ഗാന്ധിജിയുടെ വ്യായാമരീതി. ചിന്തകൾ നിർമലമായിരിക്കണം. അതുപോലെ പ്രധാനപ്പെട്ടതാണ് വായനയും സംസാരവും. അവ ആരോഗ്യമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. നമ്മുടെ മാനസികാരോഗ്യം വർധിപ്പിച്ച് നമ്മിൽ ആത്മീയ ചൈതന്യം നിലനിർത്തും.
ഗാന്ധി ആൻഡ് ഹെൽത്ത് @150
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച ഗാന്ധി ആൻഡ് ഹെൽത്ത്@150 എന്ന പുസ്തകത്തിലാണ് ഗാന്ധിജിയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങളുള്ളത്. 1939ലെ റെക്കോർഡുകൾ പ്രകാരം അദ്ദേഹത്തിന് 165 സെ.മീ. ഉയരവും 46.7 കി.ഗ്രാം ഭാരവുമാണ് ഉണ്ടായിരുന്നത്. 17.1 ആയിരുന്നു ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ). നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഗാന്ധിജി ശരീരഭാരക്കുറവ് അനുഭവിച്ചിരുന്നു.
തൂക്കക്കുറവ് മാത്രമല്ല, ഗാന്ധിജി നേരിട്ടിരുന്ന പല അസുഖങ്ങളെക്കുറിച്ചും ഹെൽത്ത് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. 1925, 1936, 1944 എന്നീ വർഷങ്ങളിലായി മൂന്നു തവണ ഗാന്ധിജിക്ക് മലേറിയ ബാധ സ്ഥിരീകരിച്ചിരുന്നു. പൈൽസ്, അപ്പെൻഡിസൈറ്റിസ് പ്രശ്നങ്ങൾ മൂലം 1937ലും 1940ലും രണ്ടു ശസ്ത്രക്രിയകൾക്കും വിധേയനായിരുന്നു. ലണ്ടനിലായിരിക്കെ നീർവീക്കവും ശ്വാസകോശ അണുബാധയും അലട്ടിയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മരണസമാനമായ സാഹചര്യങ്ങൾ പലപ്പോഴും അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വിശദീകരിക്കുന്നു.
അദ്ദേഹത്തിന്റെ ഇസിജി റിപ്പോർട്ട് സാധാരണതോതിലായിരുന്നു. എന്നാൽ, രക്തസമ്മർദം താരതമ്യേന ഉയർന്ന അളവിലായിരുന്നു. 1940ൽ 220/140 എന്ന തോതിലാണ് ഗാന്ധിജിയുടെ രക്തസമ്മർദനില രേഖപ്പെടുത്തിയത്. ഇത്രയും കൂടിയ രക്തസമ്മർദനില ഉണ്ടായിട്ടും പ്രശ്നങ്ങളെ ശാന്തമായി, സമചിത്തതയോടെ നേരിടാൻ ഗാന്ധിജിക്കായി. രക്തസമ്മർദം നിയന്ത്രിക്കാൻ സർപ്പഗന്ധയുടെ നീര് കഴിച്ചിരുന്നതായും രേഖകളിൽ പരാമർശമുണ്ട്.
ദിവസവും 18 കി.മീ. നടക്കുന്നതായിരുന്നു ഗാന്ധിജിയുടെ ശീലം. 1913 മുതൽ 1948 വരെ അദ്ദേഹം നടത്തിയ സമരങ്ങളുടെയും പ്രചരണങ്ങളുടെയും ഭാഗമായി ഏതാണ്ട് 79000 കിലോമീറ്ററുകൾ അദ്ദേഹം നടന്നുവെന്നാണ് രേഖകൾ.
പശുവിന്റെ പാൽ കുടിക്കില്ലെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. രോഗങ്ങൾക്ക് അലോപ്പതി മരുന്ന് കഴിക്കാൻ വിസമ്മതിച്ചിരുന്ന അദ്ദേഹം പ്രകൃതി ചികിത്സയെയാണ് കൂടുതൽ വിശ്വസിച്ചിരുന്നതെന്നും പല രോഗങ്ങൾക്കും സ്വയം ചികിത്സ നടത്തിയിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
ശുചിത്വ സമത്വ ഇന്ത്യ
ശുചിത്വം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ശുചിത്വം, ദേശീയ സ്വയംഭരണം എന്നിവ തമ്മിലുള്ള പരസ്പരബന്ധം മഹാത്മാഗാ ന്ധി ഉയര്ത്തിക്കാട്ടി. എല്ലാവരും സ്വന്തം തോട്ടിപ്പണി ചെയ്യ ണ്ടതാണെന്ന് ഗാന്ധിജി ഒരിക്കൽ പറഞ്ഞു.
ഇന്ത്യയിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ഗാന്ധിജി നേരിട്ടിറങ്ങിയ നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കോൽക്കത്ത സെഷനിൽ പങ്കെടുക്കാനെത്തി, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ നേരിടുന്ന മോശം അവസ്ഥയ്ക്കെതിരേ വാദിക്കുമ്പോഴാണ് കോൺഗ്രസ് ക്യാമ്പിലെ വൃത്തിയില്ലായ്മ ശ്രദ്ധയില്പ്പെട്ടത്.
അവിടത്തെ സന്നദ്ധപ്രവർത്തകരോട് മെസ് വൃത്തിയാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഇത് “സ്വീപ്പർ ജോലി” ആണെന്നുപറഞ്ഞ് അവർ മാറിനിന്നു. പാശ്ചാത്യവേഷം ധരിച്ചിരുന്ന ഗാന്ധിജി, ചൂലെടുത്ത് പരിസരം വൃത്തിയാക്കിയത് അന്ന് അവിടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെ അത്ഭുതപ്പെടുത്തി. പിന്നീട് അതേ പാർട്ടിയിലെ സന്നദ്ധപ്രവർത്തകർ ഗാന്ധിജിയില്നിന്ന് ആദര്ശമുള്ക്കൊണ്ട് “ഭാംഗി” ഗ്രൂപ്പുകൾ രൂപീകരിച്ചു. ശുചിത്വത്തോടുള്ള മഹാത്മജിയുടെ പ്രതിബദ്ധത തോട്ടിപ്പണിയുമായി ബന്ധപ്പെട്ട സാമൂഹിക വിലക്കുകളെ ഉന്മൂലനം ചെയ്യാനും സഹായിച്ചു.
മറുവശത്ത്, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കിടയിൽ ശുചിത്വം വളർത്തുന്നതിനായി അദ്ദേഹം തീവ്ര പ്രചാരണം നടത്തി. മദ്രാസിലെ ഒരു പ്രസംഗത്തിൽ “ഒരു ശുചിമുറി ഒരു ഡ്രോയിംഗ് റൂം പോലെ വൃത്തിയായിരിക്കണ”മെന്നു ഗാന്ധിജി പറഞ്ഞു. 1920കളിൽ ശുചിത്വവും സ്വരാജും തമ്മിലുള്ള ബന്ധം അദ്ദേഹം ആവർത്തിച്ചു. “നമ്മളുടെ വ്യത്തിയില്ലായ്മ” എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തിൽ “സ്വരാജ് ശുദ്ധരും ധീരരുമായ ആളുകൾക്ക് മാത്രമേ സാധ്യമാകൂ” എന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യപൂർണമായ ഇന്ത്യയെക്കുറിച്ച് മഹാത്മാഗാന്ധി കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വതന്ത്ര ഭാരതത്തിന് ഇനിയും കഴിഞ്ഞിട്ടി ല്ല എന്നത് ദുഃഖകരമാണ്.
ദൈവത്തോടുള്ള സമർപ്പിത ഭാവം
ഒരാൾക്ക് ആരോഗ്യവാനായിരിക്കണമെങ്കിൽ ഇന്ദ്രിയങ്ങളുടെ മേൽ നിയന്ത്രണം ആവശ്യമാണ്. അതിനു ദൈവിക സഹായം കൂടിയേ കഴിയൂവെന്ന് ഗാന്ധിജി മനസിലാക്കി. ആരോഗ്യം സമഗ്രമാക്കുവാൻ പ്രാർത്ഥന അനുപേക്ഷണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാമാരികളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടുകയും അവ പരീക്ഷിച്ചുനോക്കുകയും ചെയ്തു. പ്രകൃതിചികിത്സയോടായിരുന്നു ഗാന്ധിജിക്ക് ഇഷ്ടമെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതികൾ പ്രായോഗികമാക്കുവാൻ അദ്ദേഹം മടിച്ചില്ല. അന്നുണ്ടായിരുന്ന ഭരണകൂടവുമായി സഹകരിച്ച് ശാരീരിക അകലം പാലിക്കൽ, ക്വാറന്റൈൻ തുടങ്ങിയ പല കാര്യങ്ങളും അദ്ദേഹം പരീക്ഷിച്ചു വിജയിച്ചിരുന്നു. അപകടസാധ്യതയുള്ള മേഖലകളിൽ മുൻകരുതലോടെ അദ്ദേഹം ശുചീകരണ പ്രവർത്തനങ്ങൾക്കും ആതുരശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
എല്ലാ ആതുരശുശ്രൂഷകളും സേവനപ്രവർത്തനങ്ങളും ദൈവീകശുശ്രൂഷകളായി അദ്ദേഹം കണ്ടു. ദൈവത്തോടുള്ള സമർപ്പിതഭാവത്തോടെ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഊർജം ആരോഗ്യസമ്പുഷ്ടമാണെന്നും തന്റെ പ്രവൃത്തികളിലൂടെ അദ്ദേഹം കാണിച്ചുതന്നു.
ജോബി ബേബി