ഉയരുമോ കാക്കൂരിൽ കാളവയലിന്റെ ആരവം
ഉയരുമോ കാക്കൂരിൽ കാളവയലിന്റെ ആരവം
ജെല്ലിക്കെട്ടിനായി ഒരു ജനത ഒന്നിച്ച് സമരം ചെയ്ത് അവരുടെ അവകാശങ്ങൾ നേടിയെടുത്തത് നമ്മൾ കണ്ടതാണ്. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന ഓർഡിനൻസ് വന്നതോടെ കൂത്താട്ടുകുളം കാക്കൂർ ഗ്രാമവും കാളവണ്ടിയോട്ടത്തിനും മരമടി മത്സരത്തിനും കാതോർക്കുകയാണ്. ഒരു നാടിൻറെ സംസ്കാരത്തിൻറെ പ്രതീകമായ കാക്കൂർ കാളവയൽ ഇനിയും നടക്കും എന്ന പ്രതീക്ഷയിലാണ് കൂത്താട്ടുകുളത്തെയും സമീപ ഗ്രാമങ്ങളിലെയും കാളവയലിനെ ഇഷ്‌ടപ്പെടുന്ന ജനങ്ങൾ. വന്യജീവി പ്രദർശന നിരോധന നിയമ പ്രകാരം കാക്കൂർ കാളവയലും കാളവണ്ടിയോട്ട മത്സരവും 2014–ൽ സുപ്രീം കോടതി തടയുകയായിരുന്നു. ഈ നിയമത്തിൻറെ ബലത്തിലാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ടും നിരോധിച്ചത്.
ദക്ഷിണേന്ത്യയിലെ തന്നെ പുരാതനമായ കാർഷിക മാമാങ്കമാണ് കാക്കൂർ കാളവയൽ.

ഒരു ജനതയുടെ സംസ്കാരത്തിൻറെ പ്രതീകം തന്നെയായിരുന്നു ചെളിക്കണ്ടത്തിലെ കാളക്കൂറ്റന്മാരുടെ വീറും മരമടി മത്സരവും. കൊയ്ത്തു കഴിഞ് പാടത്ത് വെള്ളംനിറച്ച് ചെളിയുടെയും, ചേറിൻറെയും ചേരുവ ഉണ്ടാക്കും. ഇങ്ങനെയുണ്ടാക്കുന്ന കളത്തിലാണ് മരമടിമത്സരം നടക്കുന്നത്. വെള്ളം നിറഞ്ഞ ചേറ്റിലൂടെ ശരവേഗത്തിൽ പായുന്ന കാളക്കൂറ്റന്മാരും, അവയെ നിയന്ത്രിക്കുന്നവരുടെ ആവേശവും കാണേണ്ട കാഴ്ച തന്നെയാണ്. നുകം കെട്ടിയ കാളകളും അവയെ നിയന്ത്രിക്കുന്നവരും ചേർന്നതാണ് മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീം. മനുഷ്യരുടെ ഭാഷ കാളകൾക്കും കാളകളുടെ ഭാഷ മനുഷ്യർക്കും മനസിലാകുന്ന സുന്ദര നിമിഷമാണ് മരമടി മത്സരം.

കുംഭമാസത്തിലെ വേനൽച്ചൂടും കാളക്കുറ്റൻമാരുടെ വേഗപോരും ചൂരുമറിഞ്ഞ കർഷകരുടെ കാളവയൽ ആഘോഷത്തിന് 126 വർഷത്തെ ചരിത്രമുണ്ട്.കാളവയലിൻറെ ചരിത്രം വ്യക്‌തമാക്കുന്ന ശിലാലിഖിതം കാക്കൂരിൽ ഇന്നും അവശേഷിക്കുന്നുണ്ട്. തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ കാളവയൽ നഗരിയിൽ ഇന്നും സംരക്ഷിച്ചു പോരുന്ന തിരുവിതാംകൂർ രാജാവിൻറെ അനുമതി കൊത്തിയ ശിലാലിഖിതമാണിത്. തിരുമാറാടി എടപ്ര ഭഗവതി ക്ഷേത്രം, കാക്കൂർ ആന്പശേരിക്കാവ് എന്നീ ക്ഷേത്രങ്ങളിലെ ഉത്സവദിവസങ്ങളോടനുബന്ധിച്ച് കുംഭമാസത്തിലെ അശ്വതി, ഭരണി കാർത്തിക, രോഹിണി നാളുകളിലാണ് കാളവയൽ ആഘോഷങ്ങൾ പരന്പരാഗതമായി നടന്നുവരുന്നത്. ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുന്പ് മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ച് ജന്മിയ്ക്ക് നൂറുമേനി വിളയിച്ചു നൽകിയ കർഷകൻറെ ആഘോഷത്തിന് ആവേശം പകർന്ന് കാളകളെ ഓടിക്കുന്ന പതിവുണ്ടായി. കാക്കൂരിലെ കർഷകത്തൊഴിലാളികളുടെ ഇടയിലുള്ള കാള തുളളിക്കലും ഇതിനോട് ചേർന്നു നിൽക്കുന്നു. ഇതാണ് പിന്നീട് പരിണമിച്ച് കാക്കൂർ കാളവയലായി മാറിയത്.


50 വർഷം മുന്പ് വരെ കൂത്താട്ടുകുളം, കാക്കൂർ, തിരുമാറാടി മേഖലയിൽ കുംഭമാസത്തിൽ എവിടെ നോക്കിയാലും കാളക്കൂട്ടങ്ങളും കച്ചവടക്കാരും കൃഷിക്കാരുമായിരുന്നെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. കാളകളെ മാറ്റിയെടുക്കാനും, പുതിയ ഉരുക്കളെ വാങ്ങാനുമായി കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള കർഷകർ ഒത്തുകൂടിയിരുന്നത് കാക്കൂരിലെ കൊയ്ത്ത് കഴിഞ്ഞ വിശാലമായ വയലിലായിരുന്നു. കാലക്രമേണ വയലുകളിൽ കാളകളുടെ സ്‌ഥാനത്ത് യന്ത്രങ്ങൾ വന്നതോടെ കാളവണ്ടിയും കാളകളും അലങ്കാരമായി മാറി. പഴമയെ കൈവിടാതെ ചുരുക്കം കർഷകർ മാത്രമാണ് ഇപ്പോൾ കാളകളെ വളർത്തുന്നത്.

കാക്കൂരിൽ മരമടി മത്സരം നടക്കുന്നതിനു ആഴ്ചകൾക്ക് മുന്പ് പാലക്കാട്ടെ വാണിയങ്കുളത്തും പൊള്ളാച്ചിയിലും പോയി കാളകളെ വാങ്ങി വയലിൽ ഓടിച്ച് പാരന്പര്യം കാക്കുന്ന കർഷകരാണ് നിലവിലുള്ളത്. നല്ല മത്സര കാളകൾക്ക് ജോഡിക്ക് ഒരു ലക്ഷം മുതൽ മുകളിലേക്കാണ് വില. ഒരു ദിവസത്തെ സംരക്ഷണച്ചെലവ് 500 രൂപയ്ക്കു മുകളിലാണ്.

ട്രാക്കിലൂടെയുള്ള കാളവണ്ടിയോട്ടം, ചെളിയിലൂടെയുള്ള മരമടി മത്സരം എന്നിവയ്ക്കായി തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള കർഷകർ എത്താറുണ്ട്.

വി.ആർ. അരുൺകുമാർ