വെറുതെ ഒരു രസത്തിന് അരുംകൊല
വെറുതെ ഒരു രസത്തിന് അരുംകൊല
വളരെ പേടിപ്പെടുത്തുന്ന, തികച്ചും വൃത്തികെട്ട ഈ കുറ്റകൃത്യത്തിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഈ നീതിപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും അസഹനീയമായ കേസാണിത്... ലിവിംഗ്സ്റ്റൺ ഹൈക്കോടതി മുറിയിൽ ജഡ്ജി ലേഡി റേ കഴിഞ്ഞ ദിവസം ഈ വാചകങ്ങൾ വായിക്കുന്പോൾ പ്രതികളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. ഏറെ നിന്ദ്യവും ഹൃദയശൂന്യവുമായ പ്രവൃത്തിയാണ് നിങ്ങൾ രണ്ടുപേരുടെയും ഭാഗത്തുനിന്നുണ്ടായത്. അശരണയായ ഒരു പാവം വീട്ടമ്മയെ മൃഗീയമായി കൊല ചെയ്തതിനു നിങ്ങൾക്ക് പ്രത്യേകിച്ച് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഈ കോടതി മനസിലാക്കുന്നു. ശിക്ഷയുടെ കാലാവധി പൂർത്തിയാകുന്നതു വരെ നിങ്ങൾ രണ്ടുപേർക്കും ജാമ്യം അനുവദിക്കുന്നതുമല്ല.

മകളെ കാണാനില്ല

മൂന്നു മക്കളുടെ മാതാവും 37 കാരിയുമായ വീട്ടമ്മയാണ് കിംബർലി മക്കൻസി. 2015 ഒക്ടോബർ 28ന് മോൺട്റോസ് പോലീസിൽ മക്കൻസിയുടെ പിതാവ് ടെറൻസ് മക്കൻസി ഒരു പരാതി നൽകി. കഴിഞ്ഞ മൂന്നു ദിവസമായി മകളെ കാണുന്നില്ല. മോൺട്റോസിലെ ഹൈ സ്ട്രീറ്റിൽ മൂന്നു ദിവസം മുന്പ് രാവിലെ ഏകദേശം പതിനൊന്നരയോടെയാണ് ഏറ്റവും ഒടുവിൽ അവളെ കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു. മക്കൻസിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ നിരീക്ഷിച്ചു. അതിനിടയിലാണ് മോൺട്റോസിലെ പൊതുനിരത്തുകളിലെ ചില ചവറുവീപ്പകളിലെ അസഹനീയമായ ദുർഗന്ധം അന്വേഷണ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികളും ഇക്കാര്യം ചൂണ്ടിക്കാട്ടി. ആ വീപ്പകൾ പരിശോധിച്ചപ്പോൾ കണ്ടതോ, ചില ശരീരാവശിഷ്‌ടങ്ങൾ... സിസി ടിവി ദൃശ്യങ്ങൾ ദിവസങ്ങൾക്കു മുന്പ് കാണാതായ മക്കൻസിയുടെ ഉടൽ ഭാഗങ്ങളാണ് അയെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ആരാണ് കൊലപാതകി... ? എന്താണ് ദാരുണമായ ഈ കൃത്യത്തിനു കാരണം... ?

എല്ലാവിധ പഴുതുകളും അടച്ചുകൊണ്ടുള്ള ഊർജിതമായ അന്വേഷണം തുടർന്നു. മക്കൻസിയുടെ ശരീരാവശിഷ്‌ടങ്ങൾ കാണപ്പെട്ട ചവറുവീപ്പകൾ വച്ചിരുന്ന പൊതുനിരത്തിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. ഒരു യുവാവും യുവതിയും തോൾസഞ്ചിയും സ്യൂട്ട്കേസുമായി പോകുന്ന ദൃശ്യം അക്കൂട്ടത്തിലുണ്ടായിരുന്നു. അധികം വൈകാതെ, ഇരുവരും പോലീസിൻറെപിടിയിലായി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ തങ്ങളാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് അവർ സമ്മതിച്ചു.

പ്രതികളുടെ ഏറ്റുപറച്ചിൽ

മക്കൻസിയുടെ പൂർവ കാമുകനാണ് സ്റ്റീവൻ ജാക്സൺ. ആള് മോശക്കാരനൊന്നുമല്ല. മോഷണം, ഭവനഭേദനം, ഗതാഗത നിയമ ലംഘനം, സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തൽ, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെ ഇയാളുടെ പേരിൽ 21 പോലീസ് കേസുകളുണ്ട്. സ്‌ഥിരമായി ഒരു കാമുകി വേണമെന്ന നിർബന്ധമൊന്നും ജാക്സണിനില്ല. മക്കൻസിയുമായി അകന്നതോടെ ബാർബറാ വൈറ്റിനെ ജീവിതപങ്കാളിയാക്കി. മിഷേൽ ഹിഗ്ഗിൻസ് ജാക്സണിൻറെ കാമുകി പദവിയിലെത്തിയതോടെ ഇരുവരും ഒന്നിച്ചായി യാത്രകളും മറ്റും.

മിഷേലും കേമിയാണ്. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടകളിൽ കയറി മോഷണം നടത്തുകയാണ് മിഷേലിൻറെ ഇഷ്‌ടവിനോദം. മിഷേലും മക്കൻസിയും പരിചയക്കാരുമാണ്. സംഭവ ദിവസം മക്കൻസി മിഷേലിൻറെഫ്ളാറ്റിലെത്തി. ഇരുവരും തമ്മിൽ സംസാരിച്ചിരിക്കവേ ജാക്സൺ കടന്നുവന്നു. ചാരുകസാരയിലിരുന്ന മക്കൻസിയുടെ അടുത്തെത്തിയ ജാക്സൺ അവരുടെ ശിരസിൻറെ വലതുഭാഗത്ത് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ മക്കൻസി നിലത്തു വീണു. നിസഹായയായി നിലത്തു കിടന്ന മക്കൻസിയുടെ ശരീരത്തിൽ നാൽപ്പതു തവണ കുത്തി. ഇതിനിടയിൽ വീണ്ടും ചുറ്റിക കൊണ്ട് അവരുടെ ശിരസസിൽ അടിച്ചു. ഏറ്റവും ഒടുവിൽ കൈച്ചിരവയാൽ തല തല്ലിപ്പൊളിച്ചു.


മുറിക്കുള്ളിൽ മക്കൻസിയുടെ ജീവൻ ചോർന്നു പോകുന്പോഴും ജാക്സണിൻറെ മനസസിന് യാതൊരു ഇളക്കവും തട്ടിയില്ല. മിഷേലിനെയും കൂട്ടി അയാൾ പുറത്തു പോയി. ഹെറോയിനും വാങ്ങി തിരിച്ചെത്തി. ഹൈ സ്ട്രീറ്റിൽ കൈകൾ പരസ്പരം കോർത്ത് ഈ പ്രണയജോടികൾ നടന്നുനീങ്ങുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. തിരിച്ചെത്തിയ ജാക്സണും മിഷേലും ചേർന്ന് മക്കൻസിയുടെ മൃതശരീരം കുളിമുറിയിലേക്ക് വലിച്ചുമാറ്റി. അടുത്ത ദിവസം മിഷേൽ ഒരു ഈർച്ചവാൾ കൊണ്ടുവന്നു. മക്കൻസിയുടെ ശരീരം വിവിധ കഷണങ്ങളായി വെട്ടിനുറുക്കി. ഉടലിൻറെ ചില ഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി മോൺട്റോസിലെ ചവറ്റുവീപ്പകളിൽ നിക്ഷേപിച്ചു. മറ്റു ചില ബാഗുകൾ നഗരത്തോട് ചേർന്ന ചളിക്കുഴികളിൽ വലിച്ചെറിഞ്ഞു. തലയും തുടകളും തോൾസഞ്ചിയിലും സ്യൂട്ട്കേസിലും നിറച്ചു. സിസി ടിവി ദൃശ്യങ്ങളിൽ ജാക്സണും മിഷേലും ഈ സഞ്ചികളുമായി പോകുന്ന രംഗങ്ങളും പതിയുകയുണ്ടായി. ഹിഗ്ഗിൻസിനൻറെ ഉടമസ്‌ഥതയിലുള്ള മറ്റൊരു വീട്ടിൽ ഈ ശരീരഭാഗങ്ങൾ ഒളിപ്പിച്ചു. മക്കൻസിയുടെ ദേഹമാകെ വെട്ടിനുറുക്കിയ സമയം താൻ വല്ലാത്തൊരു ലൈംഗികോന്മാദത്തിലായിരുന്നുവെന്ന് ജാക്സൺ അന്വേഷണ ഉദ്യോഗസ്‌ഥരോട് വെളിപ്പെടുത്തി. അതേ സമയം, വിചാരണയുടെ പല ഘട്ടങ്ങളിലും മക്കൻസിയെ കൊന്നതിന് ജാക്സണും മിഷേലും തമ്മിൽതമ്മിൽ പഴി ചാരുന്നുമുണ്ടായിരുന്നു. ജാക്സണിനെ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് മക്കൻസിയുടെ ശരീരഭാഗങ്ങൾ മറവു ചെയ്യാൻ സഹായിച്ചതെന്നുമാണ് മിഷേലിൻറെ വാദം. മക്കൻസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയത് മിഷേലാണെന്നാണ് ജാക്സൺ പോലീസിന് മൊഴി നൽകിയത്. താൻ കഴുത്തറുത്ത് ആ ജീവിതം അവസാനിപ്പിച്ചു, അത്രമാത്രം. ജാക്സൺ ലാഘവത്തോടെ പറഞ്ഞു. തൻറെ ആദ്യ ഭാര്യയായ ബാർബറാ വൈറ്റിനോടും ജാക്സൺ കുറ്റസമ്മതം നടത്തി.

മയക്കുമരുന്നിന് അടിമ

ജാക്സണിൻറെ വീടിൻറെ ജാലകങ്ങളോട് ചേർന്ന് ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. തൻറെ വീട്ടിലേക്കു വരുന്നവരെ കാണാനായിട്ടാണ് ഇത്. ദിവസവും രാവിലെ ഇയാൾക്ക് ഹെറോയിൻ ഇഞ്ചക്്്ഷൻ നൽകാൻ ഒരാൾ വരാറുണ്ടത്രെ. പ്രതിഫലമായി അയാൾക്ക് കൊടുക്കുന്നതും മയക്കുമരുന്നുകളാണ്. കിംബർലി മക്കൻസിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് സ്റ്റീവൻ ജാക്സണിന് ജീവപര്യന്തവും കൃത്യത്തിന് അകമഴിഞ്ഞ് സഹായിച്ച കൂട്ടുകാരി മിഷേൽ ഹിഗ്ഗിൻസിന് എട്ടു വർഷം തടവും കോടതി വിധിച്ചു. ശിക്ഷാവിധി കേട്ടപ്പോഴും ജാക്സണിന് ഭാവവ്യത്യാസമുണ്ടായില്ല. പക്ഷെ, മിഷേൽ കോടതിമുറിയിൽ തല കുന്പിട്ടിരുന്ന് പൊട്ടിക്കരഞ്ഞു. അഞ്ച് ആഴ്ചയോളം നീണ്ടുനിന്ന വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും മക്കൻസിയുടെ മാതാവ് ഹെലൻ മക്കൻസി മൂകസാക്ഷിയായി കോടതിയിലുണ്ടായിരുന്നു. വിധിന്യായം കേട്ട് നിറകണ്ണുകളോടെ ഹെലൻ പറയുന്നുണ്ടായിരുന്നു... ജാക്സണും മിഷേലും... അവരൊന്നും മനുഷ്യരല്ല... എൻറെ പൊന്നുമകളോട് ഈ മഹാപാപമൊക്കെ ചെയ്യാനും മാത്രം ആ പാവം എന്തു തെറ്റു ചെയ്തു... ?

–ഗിരീഷ് പരുത്തിമഠം