പകുതിയോളം പട്ടിണിയിൽ
പകുതിയോളം പട്ടിണിയിൽ
ഒരു രാജ്യത്തിന്റെ പകുതിയിലേറെയും പട്ടിണിയുടെ കരാളഹസ്തങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള കഠിനശ്രമത്തിൽ. പുതുവർഷത്തിലെ മാർച്ച് വരെയുള്ള കാലയളവിൽ നാലു മില്യണിലേറെ വരുന്ന ജനത ആഹാരത്തിനായുള്ള പരക്കംപാച്ചിലിലായിരിക്കും.

കോളനിവാഴ്ചയുടെ ഫലം, ഭൂമിയുടെ യഥാവിധിയുള്ള ഉപയോഗക്കുറവ്, പണത്തിന്റെ അനാവശ്യ ഉപയോഗം, രോഗങ്ങൾ, സംഘർഷങ്ങൾ, കാലാവസ്‌ഥ വ്യതിയാനം എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാണ് സിംബാബ്വേ എന്ന തെക്കൻ ആഫ്രിക്കൻ രാജ്യത്തെ ഇല്ലായ്മയിലേക്ക് നയിക്കുന്നത്. സിംബാബ്വേ എന്ന പദത്തിന് അർഥം ശിലാഗൃഹം എന്നാണ്. തെക്കൻ റൊഡേഷ്യയായിരുന്ന രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചിതമായതിനുശേഷം ഈ പേര് സ്വീകരിക്കുകയായിരുന്നു.
വെള്ളക്കാരിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന്റെ നായകനായ റോബർട്ട് ഗബ്രിയേൽ മുഗാബെ പിന്നീട് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ആയുസ്സിന്റെ പുസ്തകത്തിൽ 92 പൂർത്തിയായ ഈ മനുഷ്യൻ ഇപ്പോൾ സിംബാബ്വേയുടെ പ്രസിഡന്റാണ്. ഭീകരനായ ഭരണാധികാരിയായി പടിഞ്ഞാറൻ മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രതിപക്ഷ കക്ഷിയോട തൂങ്ങിച്ചാവാൻ ആഹ്വാനം ചെയ്ത ഈ ലോകനേതാവിനെ എതിർത്തും അനുകൂലിച്ചും റാലികളും സമ്മേളനങ്ങളും നടക്കുന്നുണ്ട്. പക്ഷെ, ഇന്ന് ഇതൊന്നുമല്ല ഇവിടത്തെ ജനങ്ങളുടെ പ്രധാന വിഷയം.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളില്ലെന്ന് ഓർമിപ്പിച്ച് ആളുകൾ പാത്രങ്ങളുമായി തെരുവിലിറങ്ങുന്നു. പട്ടിണിയുടെ പരകോടിയിൽ നിന്നും ഏതു വിധത്തിലാണ് രക്ഷപ്പെടാനാവുക എന്നതാണ് അപരിചിതരോട് പോലും നല്ല ആതിഥേയത്വത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഇന്നാട്ടുകാരിൽ പലരുടെയും ആശങ്ക. സിംബാബ്വേയുടെ ഗ്രാമപ്രദേശങ്ങളിൽ കൊടുംവരൾച്ച കൊടികുത്തി വാഴുകയാണ്. എൽ നിനോയാണ് വരൾച്ചയുടെ തോത് കൂടുതൽ വഷളാക്കിയത്. തെക്കനാഫ്രിക്കയിൽ മാത്രം പതിനായിരക്കണക്കിന് വളർത്തുമൃഗങ്ങൾ ചത്തു. ജലസംഭരണികളിൽ എക്കൽ നിറഞ്ഞു. ധാന്യവിളകൾ നശിച്ചു. ഒരു നേരത്തെ ആഹാരത്തിനു മാത്രമല്ല, കുടിവെള്ളത്തിനും നട്ടംതിരിയുന്ന സങ്കടകരമായ സ്‌ഥിതിവിശേഷമാണ് ഓരോ ഗ്രാമത്തിലും.

കുട്ടികളുടെ കാര്യമാണ് പരമദയനീയം. സ്കൂളുകളിൽ കുട്ടികൾ പോകുന്നുണ്ട്. പക്ഷെ, ക്ലാസ്സുകളിൽ ശ്രദ്ധിക്കാനാവുന്നില്ല. ഭക്ഷണമില്ലായ്മയുടെ തളർച്ച അവരുടെ ശരീരത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വിശപ്പും ദാഹവും പിടിമുറുക്കിയ പാവം കുരുന്നുകളുടെ നിസ്സഹായതയ്ക്ക് പരിഹാരമേകാൻ സ്കൂൾ അധികൃതർക്കും സാധിക്കുന്നില്ല. ഗ്രാമങ്ങളിൽ അങ്ങിങ്ങ് അവശേഷിക്കുന്ന ജലസാന്നിധ്യങ്ങളിൽ കൂട്ടത്തോടെയാണ് ഗ്രാമീണർ ചെല്ലുന്നത്. ബക്കറ്റുകളിലും കുടങ്ങളിലുമൊക്കെ ആകാവുന്നത്ര ശേഖരിച്ച് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച് തിരികെ വീട്ടിലെത്തുന്നു. കുഴൽക്കിണർ നിർമിക്കാൻ ഇവിടെ ചെലവ് കൂടുതലാണ്. നിലവിലുള്ളത് പലതും പ്രവർത്തനരഹിതം. വരണ്ട നദിയുടെ മാറിൽ കുഴി കുത്തി വെള്ളം ശേഖരിക്കുന്ന കാഴ്ചയും കാണാനാകും. വെള്ളത്തിന്റെ വൃത്തിയൊന്നും കണക്കിലെടുക്കാതെ ദാഹം അകറ്റാൻ ശ്രമിക്കുന്ന പലർക്കും ജലജന്യരോഗങ്ങളും പിടിപെടുന്നുണ്ട്.


ഓരോ വർഷവും ഭക്ഷണശേഖരത്തിന്റെ അളവ് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പോഷണ വൈകല്യം കുട്ടികളിൽ വ്യാപകമാണ്. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള 28 ശതമാനത്തോളം കുട്ടികളും പോഷകാഹാരക്കുറവിന് ഇരകളാണെന്നാണ് കണക്ക്. ആറു വയസ്സുവരെയുള്ള കുട്ടികളിൽ പകുതിയിലധികവും വിളർച്ച നേരിടുന്നു. കൃഷിക്ക് അനുയോജ്യമായ 4.3 മില്യൺ ഹെക്ടർ ഭൂമിയുണ്ടെങ്കിലും കൂടുതലും തരിശായി കിടന്ന കഥയാണ് നാട്ടുകാർക്ക് പറയാനുള്ളത്. ഇന്ധനച്ചെലവും അപ്രതീക്ഷിത കാലാവസ്‌ഥ വ്യതിയാനവുമൊക്കെ കൃഷിയില്ലാത്തതിന്റെ കാരണങ്ങളുടെ പട്ടികയിലുണ്ട്.

ഇതോടൊപ്പം പെൺകുട്ടികൾ 18 വയസ്സാകുന്നതിനു മുമ്പേ വിവാഹിതരാകുന്നതും പതിവാണ്. ഗ്രാമങ്ങളിലെ പട്ടിണി ജീവിതത്തിന് ആശ്വാസമായി കുടുംബാംഗങ്ങൾ കുട്ടിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നു. തങ്ങളെക്കാൾ ഇരട്ടി പ്രായമുള്ളവരെയാണ് മിക്കവാറും ഇവർക്ക് ജീവിതപങ്കാളിയായി ലഭിക്കുക.

ഗ്രാമങ്ങളിലേതിനെക്കാൾ നഗരങ്ങളിലെ കുട്ടികൾക്ക് ആരോഗ്യപരമായ അന്തരീക്ഷമാണെന്നത് സിംബാബ്വേയുടെ കാര്യത്തിൽ സമ്മതിക്കാനാവില്ല. പ്രായോഗികമായി നഗരങ്ങളിൽ നല്ല ജീവിതത്തിനുള്ള അവസരമുണ്ടാകാം. പക്ഷെ, കുട്ടികളുടെ എണ്ണത്തിലെ വർധന നഗരങ്ങളെയും ദാരിദ്ര്യബാധിതമാക്കിയിരിക്കുന്നു. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. ആവശ്യങ്ങൾ പൂർത്തീകരിക്കാനാവുന്നില്ലായെന്നതും യാഥാർഥ്യം. ചുരുക്കത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്‌ഥിതി ഏറെക്കുറെ ഒരുപോലെ.

ഗിരീഷ് പരുത്തിമഠം