കണ്ണൂരിന്റെ ‘കൊച്ചു പൂമരം’ സിനിമയിൽ പാടുന്നു
കണ്ണൂരിന്റെ ‘കൊച്ചു പൂമരം’ സിനിമയിൽ പാടുന്നു
കണ്ണൂരിന്റെ കൊച്ചുപൂമരം സിനിമയിൽ പാടുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ട് നാലുവയസുകാരൻ സിഫ്രാൻ യൂട്യൂബിൽ പാടി ഹിറ്റാക്കിയതോടെയാണ് സിനിമയിൽ പാടാനുള്ള അവസരം തേടിയെത്തിയത്. നാദിർഷയുടെ പുതിയ സിനിമയിലാണ് സിഫ്രാന് പാടാൻ അവസരം ലഭിക്കുന്നത്. കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് സിഫ്രാൻ. പള്ളിക്കുന്ന് സൗപർണിക അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നിസാം–മെഹ്റു ദമ്പതികളുടെ മകനാണ്. നിസാമും മെഹ്റുവും ചാനലുകളിലെ പട്ടുറുമാൽ, മൈലാഞ്ചി എന്നീ റിയാലിറ്റി ഷോകളിലെ താരങ്ങളായിരുന്നു. നൂറി ഏക സഹോദരിയാണ്.

സിഫ്രാന്റെ പാട്ട് യുട്യൂബിൽ ഹിറ്റായതോടെ സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈൻ സിഫ്രാനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ ജനുവരിയിൽ സ്കൂളിലെത്തി സിഫ്രാനെ നേരിട്ട് കാണാമെന്ന ഉറപ്പും നല്കിയിട്ടുണ്ട്.

അന്തരിച്ച കലാഭവൻ മണിയുടെ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ... എന്ന ഗാനവും സിഫ്രാൻ പാടി യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. അപ്ലോഡ് ചെയ്ത് മൂന്നു ദിവസം പിന്നിട്ടപ്പോൾ അഞ്ചുലക്ഷം പേരാണ് സോഷ്യൽ മീഡിയയിൽ പാട്ടു കണ്ടത്. ഇതിനു മുമ്പും വിവിധ പാട്ടുകൾ പാടി യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഞാൻ ഗാനമേളയിൽ പാടാൻ പാട്ടുകൾ പഠിക്കുമ്പോൾ എന്നെക്കാളും വേഗത്തിൽ പാട്ടു പഠിക്കാനും പാട്ടുപാടാനും സിഫ്രാൻ ഏറെ ഇഷ്‌ടപ്പെട്ടിരുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് പിതാവ് നിസാം പറഞ്ഞു. അങ്ങനെ പഠിച്ച പാട്ടാണ് യൂട്യൂബിൽ വൈറലായ ഞാനും ഞാനുമെന്റാളും. ഇരുപാട്ടുകളും സോഷ്യൽ മീഡിയയിൽ കണ്ടിട്ട് സിനിമാ രംഗത്തും ഗാനരംഗത്തും പ്രശസ്തരായ ഗോപി സുന്ദർ, അഫ്സൽ എന്നിവരുൾപ്പെടെ നിരവധിപ്പേർ വിളിച്ചിരുന്നു. അതിനോടൊപ്പം സിനിമയിൽ അഭിനയിക്കാനും ഈ കൊച്ചു മിടുക്കനെ തേടി അവസരങ്ങൾ വന്നിട്ടുണ്ട്. നാട്ടിലും വീട്ടിലും ഹീറോയായതോടെ പൂമരം ഫെയിം എന്ന ബ്രാൻഡ് നെയിമിൽ സ്റ്റേജ് പരിപാടിയുടെ തിരക്കിലാണ് സിഫ്രാൻ. 25ന് കണ്ണൂർ ചാലിൽ ബീച്ചിൽ നടക്കുന്ന എസ്എസ് ഓർക്കസ്ട്രയുടെ മെഗാ ഷോയിലും 31നു തളിപ്പറമ്പ് വെള്ളിക്കീലിൽ നടക്കുന്ന ഷോയിലും സിഫ്രാൻ പാടുന്നുണ്ട്.


പ്രിയദർശൻ– മോഹൻലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ഒപ്പം എന്ന സിനിമയിലെ ‘‘മിനുങ്ങും മിന്നാമിനുങ്ങേ...’ എന്ന പാട്ട് പഠിച്ച് പാടുന്നതിന്റെ തിരക്കിലാണ് സിഫ്രാൻ.