വിറ്റഴിക്കപ്പെടുന്ന വിയറ്റ്നാം സന്തതികൾ
വിറ്റഴിക്കപ്പെടുന്ന വിയറ്റ്നാം സന്തതികൾ
അവിടെ ചതിയുടെ പൊട്ടാത്ത വലക്കണ്ണികളുമായി എത്തുന്നത് അപരിചിതരല്ല. അയൽക്കാർ മുതൽ അടുത്ത ബന്ധുക്കൾ വരെ... കാമുകൻ മുതൽ കൂടപ്പിറപ്പു വരെ... ഇങ്ങനെ ആരും കെണിയൊരുക്കാം. മധുരത്തിൽ പൊതിഞ്ഞ വാക്കുകൾ. ഭാവിയെ കുറിച്ചുള്ള സുന്ദരസ്വപ്നങ്ങൾ. വമ്പൻ ശമ്പളം ഉറപ്പാക്കുന്ന തൊഴിലിൽ തുടങ്ങി അല്ലലില്ലാതെയുള്ള ആഡംബരപൂർണമായ ജീവിതം വരെ നീളുന്ന വാഗ്ദാനങ്ങൾ. ഇതൊക്കെ മനസിലുടക്കി പോയാൽ, മറ്റൊന്നു ചിന്തിക്കാൻ നേരമില്ലാതായാൽ, കാര്യങ്ങളൊക്കെ ഏറെക്കുറെ തീരുമാനമായെന്ന് തന്നെ കരുതാം. കിയാബിന്റെയും ലാങിന്റെയും മേ നായ്ടെയും ലാനിന്റെയും ഹോങ്തി വാനിന്റെയും ഹെയ്നിന്റെയുമൊക്കെ ജീവിതങ്ങൾ ഇത്തരത്തിലുള്ള എണ്ണമറ്റ ഉദാഹരണങ്ങളായി വിയറ്റ്നാമിനെ വേദനിപ്പിക്കുന്നു.

വധുവിനെ ആവശ്യമുണ്ട്

വടക്കൻ വിയറ്റ്നാമിലെ ഒരു വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാമെന്ന സഹോദരന്റെ വാക്കുകളാണ് പതിനാറുകാരിയായ കിയാബിനെ കുടുക്കിയത്. ചൈനയിലെ ഒരു കുടുംബത്തിലേക്ക് അവളെ ഈ സഹോദരൻ നിർദാക്ഷിണ്യം വധുവായി വിറ്റു. സഹോദരന് കൈനിറയെ പണം കിട്ടി. പക്ഷെ, കഷ്ടതകളുടെയും കൊടുംയാതനകളുടെയും കാലമാണ് അവൾക്കായി വിധിക്കപ്പെട്ടത്. വിയറ്റ്നാമിന്റെ അതിരുകൾക്കുള്ളിൽ നിന്നും അറിയാത്ത ദൂരത്തേക്ക് ആനയിക്കപ്പെട്ട അവൾ എങ്ങനെയോ ചില സന്നദ്ധ സംഘടനകളുടെ തണലിൽ അഭയം പ്രാപിച്ചു. കമ്മ്യൂണിസ്റ്റ് അയൽപക്കക്കാരായ വിയറ്റ്നാമും ചൈനയും നിയമാനുസൃതമായും അനധികൃതമായുമുള്ള പല കടത്തുകളുടെയും രണ്ട് കണ്ണികളാണ്. അതിർത്തിപ്രദേശങ്ങളിലെ കുഞ്ഞുങ്ങളും സ്ത്രീകളും ഏതു നിമിഷവും ആർക്കും വിൽക്കപ്പെട്ടേക്കാം എന്ന സ്‌ഥിതിവിശേഷമാണ് വർഷങ്ങളായി വിയറ്റ്നാമിൽ നിലനിൽക്കുന്നതെന്ന് ലാങ് നിറകണ്ണുകളോടെ പറയുന്നു. കേവലം ഒരു ഉപഭോഗവസ്തു കണക്കെ വിൽക്കപ്പെടുന്നതിന്റെ വേദന നന്നായി തിരിച്ചറിഞ്ഞവളാണ് ലാങ്. അവൾ ജവനു തുല്യം സ്നേഹിച്ച കാമുകനാണ് ലാങിനെ ചൈനയിലേക്ക് വിറ്റത്. ഇന്ന് രക്ഷാകേന്ദ്രത്തിലെ അന്തേവാസിയാണെങ്കിലും ഇന്നലെകളിൽ നേരിടേണ്ടി വന്ന ദുരിതങ്ങളുടെ അധ്യായങ്ങൾ അത്ര പെട്ടെന്ന് മറക്കാനാവുന്നില്ലെന്ന് പതിനെട്ടുകാരിയായ ലാങ് കൂട്ടിച്ചേർത്തു.

വില ഒരു വിഷയമേയല്ല...

ഉറക്കമുണർന്നപ്പോൾ ചൈനയിലായി രുന്നു എന്ന് താൻ അറിഞ്ഞില്ല.. തിരിഞ്ഞുനോക്കാൻ ആഗ്രഹമില്ലെങ്കിലും വിയറ്റ്നാമിലെ സുഹൃത്തുക്കളോടും പുതിയ തലമുറക്കാരോടും ഓരോ ചുവടും ജാഗ്രതയോടെ വേണമെന്ന് ലാൻ ഓർമിപ്പിക്കുന്നു. ബിരുദ വിദ്യാർഥിനിയായി രുന്നപ്പോഴാണ് ആ സംഭവം. ഉത്തര വിയറ്റ്നാമിൽ നിന്നുള്ള കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച് ഒരു സത്കാര ചടങ്ങിൽ സംബന്ധിച്ചു. പാട്ടും നൃത്തവുമൊക്കെ സായാഹ്നത്തിന് കൊഴുപ്പേകി. ഇതിനിടയിൽ അവർ അവൾക്ക് ഒരു പാനീയം നൽകി. ദാഹപരവശയായിരുന്ന ലാൻ മുഴുവനും കുടിച്ചു. പിന്നീടൊന്നും അവൾക്ക് ഓർമയില്ല. സ്വബോധം വീണ്ടെടുത്തപ്പോൾ ജന്മനാട്ടിൽ നിന്നും കാതങ്ങൾ അകലെയായിരുന്നു.
ചൈനയിലെ പുരുഷന്മാർക്കു വേണ്ടിയാണ് വിയറ്റ്നാമിൽ നിന്നും കൊച്ചുസുന്ദരികളെ കടത്തുന്നത്. ചൈനീസ് സ്ത്രീകളെ വിവാഹം ചെയ്യാൻ അവിടത്തെ പുരുഷന്മാർക്ക് ചെലവ് കൂടുതലാണ്. മാത്രമല്ല, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം വളരെ കുറവും. ഒട്ടുമിക്ക ചൈനീസ് ദമ്പതികൾക്കും ആൺകുഞ്ഞു ങ്ങളോടാണ് പ്രതിപത്തി. പെൺഭ്രൂണഹത്യ നടത്താൻ പലരും തയറാകുന്നത് അടുത്ത കുഞ്ഞ് ആണായിരിക്കും എന്ന പ്രതീക്ഷയിലാണ്. മനുഷ്യത്വത്തോടുള്ള ഏറ്റവും വലിയ ക്രൂരതയായി തന്നെയാണ് ഈ നടപടി കണക്കാക്കപ്പെടുന്നത്. സ്ത്രീകളുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ സ്വാഭാവികമായും പല ചൈനീസ് പുരുഷന്മാരും അന്യനാട്ടുകാരികളെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നു. ചൈനയുടെ സംസ്കാരവുമായി സാമ്യമുള്ള വിയറ്റ്നാമുകാർക്കാണ് മുൻഗണന. കുറഞ്ഞത് മൂവായിരം ഡോളർ മുതൽ വധുവിനെ എത്തിക്കുന്ന ഇടപാടുകാരന് പ്രതിഫലമായി ലഭിക്കും. പ്രസവം കഴിഞ്ഞാലുടൻ ഈ വിയറ്റ്നാമുകാരിയെ ഏതെങ്കിലും വേശ്യാലയത്തിലേക്കോ ഫാക്ടറിയിലേക്കോ വിൽക്കും. എതിർക്കുന്നവർക്ക് മൃഗീയമായ മർദനമുറകളായിരിക്കും പ്രതികരണം. കുടിവെള്ളവും ആഹാരവും പോലും നൽകാതെയുള്ള നിരന്തര പീഡനം ജീവനു വരെ ഭീഷണിയായേക്കും.


അക്രമിസംഘങ്ങൾ നിയന്ത്രണാതീതം

തന്റെ അമ്മായിയുമൊരുമിച്ച് വയൽവരമ്പിലൂടെ നടക്കുകയായിരുന്നു ഹോങ് തി വാൻ. പെട്ടെന്നാണ് മൂന്നംഗ സംഘം ചാടിവീണത്. അമ്മായിയെ അടിച്ച് നിലത്തു വീഴ്ത്തിയ അക്രമിസംഘം നിറതോക്ക് ചൂണ്ടി അവളെ സമീപത്തെ മലഞ്ചരിവിലേക്ക് വലിച്ചിഴച്ചു. പോലീസ് വിവരം അറിഞ്ഞ് എത്തുന്നതിനിടയിൽ അക്രമികൾ രക്ഷപ്പെട്ടു. ഊർജിതമായ അന്വേഷണത്തിനൊടുവിൽ അവർ പിടിക്കപ്പെട്ടു. ഒരാൾ വിയറ്റ്നാമുകാരനും രണ്ടു പേർ ചൈനാക്കാരുമാണ്. മുമ്പും പല തവണ അവർ വിയറ്റ്നാമിൽ നിന്നും പെൺകുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച് കീഴ്പെടുത്തി ചൈനയിലേക്ക് വൻതുകയ്ക്ക് വിറ്റിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു.

ചൈനയിലേയ്ക്കു മാത്രമല്ല, കംബോഡിയ, തായ്ലണ്ട്, കൊറിയ, മലേഷ്യ, തായ്വാൻ, മകാവു, ബ്രിട്ടൺ, അയർലൻഡ് മുതലായ രാജ്യങ്ങളിലേയ്ക്കും വിയറ്റ്നാമിലെ സ്ത്രീകളെയും കുരുന്നുകളെയും ലൈംഗിക ചൂഷണത്തിനും മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾക്കും വിവിധ തൊഴിലിടങ്ങളിലേക്കും ഉപയോഗിക്കാൻ യഥേഷ്ടം കൊണ്ടുപോകുന്നുണ്ട്.

പത്തുവയസ്സേയുള്ളൂ ഹെയ്ന്. എവിടെ നിന്ന് വന്നെന്നോ എവിടെയാണെന്നോ അവന് അറിയില്ല. യുകെ യിലെ കഞ്ചാവ് ഫാക്ടറിയിലെ ഒരു തൊഴിലാളിയാണ് അവൻ. അമ്മാവൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ സ്കൂളിൽ നിന്നും അവനെ കൂട്ടിക്കൊണ്ടുപോയത് തീരെ കുഞ്ഞായിരിക്കുമ്പോഴാണ്. ബാങ്കോക്കിൽ നിന്നും ബ്രിട്ടണിലേക്കുള്ള യാത്രക്കിടയിൽ എവിടൊക്കെ ചെലവഴിക്കേണ്ടിവന്നു എന്ന് അവൻ ഓർക്കാനും ഇഷ്ടപ്പെടുന്നില്ല.

പല വീടുകളിലും പണിയെടുത്തിട്ടാണ് ഈ ഫാക്ടറിയിൽ തൊഴിലാളിയായത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടണിലെ ലഹരി ഉത്പാദന യന്ത്രശാലകളിൽ അഹോരാത്രം വിയർപ്പൊഴുക്കുന്ന അസംഖ്യം വിയറ്റ്നാം കുട്ടികളിലൊരാളാണ് ഹെയ്ൻ.

ഇവിടെ വസ്ത്രശാലകളിലും വേശ്യാലയങ്ങളിലുമൊക്കെ വിയറ്റ്നാംകാരായ ഇളംതലമുറക്കാരെ കാണാം. വീടുകളിൽ അടിമകളെപ്പോലെ അധ്വാനിക്കുന്നവരെയും കണ്ടെത്താനാവും. ഉടമകളുടെ മർദനത്തിനും അവർ പലപ്പോഴും വിധേയരാകുന്നു. കുഴഞ്ഞുവീഴുന്നതു വരെ മദ്യം ബലമായി കുടിപ്പിക്കുക എന്നതാണത്രെ ചിലരുടെ ഹോബി.

ഇനി വരുന്നൊരു തലമുറയ്ക്ക്...

നിയമം നടപ്പാക്കുന്നതിലെ അപാകതകളും ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും വിയറ്റ്നാമിലെ തീർത്തും ദു:ഖകരമായ അവസ്‌ഥകൾക്കു കാരണമായി പറയപ്പെടുന്നു. തൊട്ടുമുമ്പേയുള്ള അഞ്ചു വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2011 മുതൽ 2015 വരെയുള്ള കാലയളവിൽ 11.6 ശതമാനം വർധനവാണ് മനുഷ്യക്കടത്തിലുണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 4,500 ലധികം പേർ ഇരകളായി. മനുഷ്യക്കടത്തിനെതിരേ നിയമം കർശനമായി നടപ്പിലാക്കാൻ വിയറ്റ്നാം ഗവൺമെന്റ് ശ്രമിക്കുന്നു.

തദ്ദേശവാസികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് ഈ വർഷം മുതൽ ജൂലൈ 30 മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നു. എങ്കിലും വിയറ്റ്നാമിൽ നിന്നുള്ള അനധികൃത മനുഷ്യക്കടത്തിന് പൂർണമായും വിരാമമിടാൻ ഇനിയും എത്ര നാൾ കഴിയുമെന്നത് പ്രവചിക്കാനാവില്ല.

ഗിരീഷ് പരുത്തിമഠം