കഥപറയുന്ന കാട്ടുചിത്രങ്ങൾ
കഥപറയുന്ന കാട്ടുചിത്രങ്ങൾ
വന്യമായ കാടിന്റെ അകത്തളങ്ങളിൽ നിറയെ സൗന്ദര്യമാണ്. ഓരോ കോണിലെയും വൈവിധ്യമാർന്ന കാഴ്ചകളുടെ നിറവ് ആരെയും ആകർഷിക്കും. അതേ സമയം, കാടിന്റെ വിശാലതയിലേയ്ക്ക്, വിസ്തൃതിയിലേയ്ക്ക്, കാമറയുമായി ഇറങ്ങിച്ചെല്ലുന്ന എല്ലാപേർക്കും കൺമുന്നിൽ അപൂർവമായ പ്രതിഭാസങ്ങൾ തെളിയണമെന്നില്ല. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജീവനായും ജീവിതമായും കലയായും തപസ്യയായും സ്വീകരിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സമയവും സന്ദർഭവും സാഹചര്യവുമൊന്നും ഒരു വിഷയമേയല്ല.

ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ കഴിഞ്ഞ ദിവസം 2016 ലെ മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫുകളുടെ പ്രദർശനം ആരംഭിച്ചു.

ഇൻഡോനേഷ്യൻ മഴക്കാടുകളിലെ സഞ്ചാരത്തിനിടയിൽ അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടിം ലാമാൻ പകർത്തിയ ചിത്രം പുരസ്കാര ധന്യതയ്ക്കപ്പുറം കാഴ്ചക്കാരുടെ മുക്‌തകണ്ഠമായ പ്രശംസയും പിടിച്ചുപറ്റുന്നതാണ്. വംശനാശം നേരിടുന്ന ബോർനിയൻ ഒറാങ് ഉട്ടാന്റെ ചിത്രമാണ് ഈ വർഷത്തെ മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന ബഹുമതി ടിമ്മിന് നേടിക്കൊടുത്തത്. മുപ്പതു മീറ്റർ ഉയരമുള്ള മരത്തിന്റെ മുകളിലേക്ക് ഒറാങ് ഉട്ടാൻ കയറി വരുന്നതാണ് ചിത്രം. സാഹസികതയും സൂക്ഷ്മതയും ജാഗ്രതയുമൊക്കെ ഇഴ ചേർന്ന ചിത്രമെന്ന് കാഴ്ചക്കാർ ഒരുപോലെ വിധിയെഴുതുകയും ചെയ്യുന്നു.

നദീതീരത്തെ കാട്ടുതീയുടെ ആളിക്കത്തലുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒറാങ് ഉട്ടാന്റെയും കുഞ്ഞിന്റെയും ചിത്രവും ടിം പകർത്തിയതാണ്. ഇൻഡോനേഷ്യൻ ബോർനിയോയിലെ സെൻട്രൽ കാലിമന്റാനിൽ നദിയിൽ ബോട്ടിലൂടെ യാത്ര ചെയ്യുന്നതിനിടയിലാണ് ഈ ചിത്രം പ്രാപ്തമായത്. കനത്ത പുകപടലങ്ങൾ സഹിച്ചാണ് ചിത്രം പകർത്തിയതെന്ന് ടിം പറയുന്നു. 2015 –ലുണ്ടായ കാട്ടുതീയിൽ ബോർനിയൻ ഒറാങ് ഉട്ടാൻ അടക്കം നിരവധി ജീവികൾക്ക് ജീവഹാനിയും സംഭവിച്ചു.

വൈൽഡ് ലൈഫ് ഫോട്ടോജേർണലിസ്റ്റ് പുരസ്കാരത്തിന് അർഹനായത് ബ്രിട്ടീഷുകാരനായ പോൾ ഹിൽട്ടനാണ്. നാലായിരത്തോളം ഈനാംപേച്ചികളെ വാരിക്കൂട്ടിയിരിക്കുന്ന ദൃശ്യമാണ് ഹിൽട്ടണിന്റെ കാമറ ഒപ്പിയെടുത്തത്. ഇങ്ങനെ വൻതോതിൽ ഈനാംപേച്ചികളാൽ സമൃദ്ധമായ ചിത്രം പോലും പുതിയൊരു റിക്കാർഡ് സൃഷ്ടിച്ചു. ചൈനയിലും വിയറ്റ്നാമിലും രുചികരമായ ഭക്ഷണത്തിന് ഇരകളാക്കാനും പരമ്പരാഗത ഔഷധക്കൂട്ടുകളിൽ ചേരുവയായി ചേർക്കാനുമാണ് ഇവയെ കൂട്ടത്തോടെ വേട്ടയാടുന്നത്. വംശനാശം നേരിടുന്ന ജീവജാലങ്ങളിൽ ഈനാംപേച്ചികളും ഉൾപ്പെടുന്നു.

ഒഴിപ്പിക്കലിന്റെ പ്രയത്നം എന്ന ശീർഷകത്തിലെ ചിത്രമാണ് പക്ഷികളുടെ വിഭാഗത്തിലെ ഫോട്ടോഗ്രഫി പുരസ്കാരം നേടിയത്. ഇന്ത്യക്കാരനായ ഗണേഷ് എച്ച് ശങ്കറാണ് ഫോട്ടോഗ്രാഫർ. കിയാലാഡിയോ നാഷണൽ പാർക്കിൽ നിന്നാണ് അദ്ദേഹത്തിന് തികച്ചും ആകസ്മികമായി ഈ രംഗം കണ്ണിലുടക്കിയത്. തന്റെ മരപ്പൊത്തിലേക്ക് അധിനിവേശം നടത്തുന്ന കൂറ്റൻ ബംഗാൾ പല്ലിയുടെ വാലിൽ കടിച്ച് അകറ്റാൻ ശ്രമിക്കുന്ന തത്തയുടെ സാഹസികതയാണ് ചിത്രത്തിൽ.




ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗത്തിൽ സ്വീഡൻകാരനായ മാറ്റ്സ് ആൻഡേഴ്സണിനെ സമ്മാനാർഹനാക്കിയ ചിത്രത്തിലെ നായകൻ പിഗ്മി മൂങ്ങയാണ്. സതേൺ സ്വീഡനിലെ ബാഷൾട്ടിലെ വീടിനു പരിസരത്തെ വനത്തിലൂടെ ദിവസവും നടക്കാറുള്ള ആൻഡേഴ്സണിന് മിക്കവാറും ഒരു ജോടി പിഗ്മി മൂങ്ങകൾ സഹയാത്രികരായി എത്താറുണ്ട്. പക്ഷെ, ഒരു രാത്രിയിൽ അവയിലൊന്ന് നിലത്ത് ചത്തു കിടക്കുന്നതും കാണാനിടയായി. ഇല കൊഴിഞ്ഞ മരച്ചില്ലയിൽ മൂങ്ങയുടെ ഇണയുടെ ദൈന്യതയോടെയുള്ള ഇരിപ്പ് ഫോട്ടോഗ്രാഫറുടെ മനസിനെ വല്ലാതെ പിടിച്ചുലച്ചു.




ഇര തേടിയിറങ്ങിയ പുള്ളിപ്പുലിയുടെ ചിത്രമാണ് നയൻ ഖനോൽക്കർ എന്ന ഇന്ത്യൻ ഫോട്ടോഗ്രാഫറിന് അർബൻ കാറ്റഗറിയിൽ ജേതാവാക്കിയത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ഇടയ്ക്കിടയ്ക്ക് ഇവ ആഹാരം തിരഞ്ഞ് എത്തിച്ചേരാറുണ്ട്. അപ്രതീക്ഷിതമായ ആക്രമണങ്ങൾ ഉണ്ടാകുമെങ്കിലും വർലിയിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവുമായി ഈ മൃഗങ്ങൾ ഇഴുകിച്ചേർന്ന മട്ടിലാണ്. നാലു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് നയന് ഈ ചിത്രം പകർത്താൻ അവസരം ലഭിച്ചത്.



അണ്ടർ വാട്ടർ വിഭാഗത്തിൽ അമേരിക്കക്കാരനായ ടോണി വു ആണ് വിജയി. വെസ്റ്റേൺ പസഫിക് സമുദ്രത്തിലെ പലാവുവിൽ ആയിരക്കണക്കിന് സ്പോട്ട് റെഡ് സ്നാപ്പർ മത്സ്യങ്ങൾ ഒരുമിക്കുന്നതാണ് സമ്മാനാർഹമായ ദൃശ്യം. ഇംപ്രഷൻസ് വിഭാഗത്തിൽ ലൂയിസ് ജാവിയർ സാന്റോവലിനെ മികവുറ്റതാക്കിയത് ഗൾഫ് ഓഫ് കലിഫോർണിയയിലെ ഒരു നീർനായയുടെ അഭ്യാസമാണ്. പ്ലാന്റ്സ് ആൻഡ് ഫംഗൈ വിഭാഗത്തിൽ ജേതാവായ ഇറ്റലിക്കാരനായ വാൾട്ടർ ബിനോറ്റോ സമർപ്പിച്ചത് ഹസേൽ മരത്തിന്റെ ചിത്രം. യുവഫോട്ടോഗ്രാഫി പുരസ്കാരം ഗിഡിയോൺ നൈറ്റിനാണ്. പാർക്കിലെ മരത്തിലെ കാക്കയാണ് ഈ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറെ വിജയപീഠത്തിലേക്ക് നയിച്ചത്.

ഗിരീഷ് പരുത്തിമഠം