അക്ഷരങ്ങളിലെ ആകാശം
അക്ഷരങ്ങളിലെ ആകാശം
റെയിൽവേ ഗുഡ്സ്ഷെഡിലെ വളം ചാക്കുകൾക്കിടയിൽ നിന്ന് ഇ.എ.ഷാജു ചുമന്നുകൊണ്ടുപോകുന്ന കിലോക്കണക്കിന് ഭാരമുള്ള ചാക്കുകളേക്കാൾ കനമുണ്ട് ഷാജു ചുമക്കുന്ന ജീവിതഭാരത്തിന്. എങ്കിലും അക്ഷരങ്ങളെ അത്താണിയാക്കി ആ ജീവിതഭാരത്തെ കണക്കിലെടുക്കാതെ കവിതയിൽ മനസ് നട്ട് ഷാജു ജീവിതഭാരം അട്ടിയിട്ട് തീർക്കുന്നു. ഇടവേളകളിൽ എവിടെയൊക്കെയോ കുറിച്ചിട്ട വാക്കുകളും വരികളും ഗുഡ്സ് വാഗണുകൾ കൂട്ടിഘടിപ്പിക്കും പോലെ കൂട്ടിഘടിപ്പിച്ചപ്പോൾ കടലാസിൽ വിരിഞ്ഞ കവിതകൾക്കും ഇന്ന് പുസ്തകരൂപം കൈവന്നിരിക്കുന്നു. ആകാശങ്ങൾ എന്നു പേരുള്ള കവിതസമാഹാരം മലയാളത്തിലെ പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന അക്ഷരജ്വാലയാണ്.

പൊള്ളുന്ന കനൽപോലെയുള്ള ജീവിതത്തിലൂടെ കടന്നുവന്ന് അക്ഷരങ്ങളെ പ്രണയിച്ച് ഷാജു എഴുതിയ കവിതകൾ സാഹിത്യമികവിനപ്പുറം ഉയർന്നു നിൽക്കുന്നു. കവിതകളിൽ ഷാജുവിന്റെ ജീവിതത്തിന്റെ പല നേർക്കാഴ്ചകളും അക്ഷരരൂപത്തിൽ കാണാം. കവിതയുടെ വൃത്തനിബന്ധനകളിൽ നിന്നെല്ലാം പൊട്ടിത്തെറിച്ച് നേരിട്ട് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ് ഓരോ കവിതയും.
കർക്കടകത്തിലെ ഒരു കൊടും പോയ്ത്തിലേക്ക് വന്നു കയറിയപ്പോൾ കവിതയോടുളള ഭ്രാന്തൻ മുഴക്കങ്ങൾ അവന്റെ കൺകളിൽ ഞാൻ വായിച്ചെടുത്തുവെന്ന് കവി പവിത്രൻ തീക്കുനി ആമുഖത്തിൽ എഴുതിയിട്ടുണ്ട്. ജീവിതത്തിന്റെ വേദനകൾക്കും സങ്കടങ്ങൾക്കുമിടയിൽ കവിതയെ ചേർത്തുപിടിച്ചുകൊണ്ട് എല്ലാ ഭാരങ്ങളും അക്ഷരങ്ങളാൽ തീർത്ത അത്താണിയിൽ ഇറക്കിവെച്ച് ഷാജു ജീവിതത്തിന് പുതിയ നിറം പകരുന്നു. ജീവിതം വിലപിടിച്ചതാണെന്നും അതിനെ ഇല്ലാതാക്കരുതെന്നും ഷാജു സ്വന്തം ജീവിതം കൊണ്ട് ഓർമിപ്പിക്കുന്നു. ഷാജുവിന്റെ കവിതയേക്കാൾ ഷാജുവിനെക്കുറിച്ചാണ് അറിയേണ്ടത്. എഴുത്തിൽ പാരമ്പര്യത്തിന്റെ മഹത്വങ്ങളും പേരും പെരുമയുമൊന്നും അവകാശപ്പെടാനില്ലാതെ ശരിക്കും ഒറ്റയാനായാണ് ഷാജു വരുന്നത്. പഠിച്ചു നന്നാവണമെന്ന് ഉമ്മ എപ്പോഴും പറയാറുണ്ടത്രെ. പത്താംക്ലാസ് ജയിക്കുമ്പോൾ ഉമ്മയും ബാപ്പയും കാൻസറിന് മുന്നിൽ തോറ്റിരിക്കുകയായിരുന്നു.


പിന്നെ പഠനമെന്ന മോഹവും സ്വപ്നവും മറന്ന് ജീവിതത്തിലേക്ക് ഷാജു ഇറങ്ങി നടന്നു. ലോറി ക്ലീനർ, കിണർ പണിക്കാരൻ, മരം മുറിക്കൽ, കച്ചവടക്കാരൻ, രാത്രിയിൽ സെക്യൂരിറ്റിക്കാരനായും ഷാജുവിന്റെ ജീവിതത്തിലെ അധ്യായങ്ങൾ കാലം വായിച്ചുകൊണ്ടേയിരുന്നു. അങ്ങിനെയാണ് ഇരുമ്പുപാളങ്ങളും വാഗണുകളും സംഗമിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഷാജു എത്തി ച്ചേരുന്നത്. തൃശൂർ റെയിൽവേ ഗുഡ്സ് ഷെഡിൽ അച്ഛന്റെ ജോലി മകനും കിട്ടി. ചുമട്ടുതൊഴിലാളി. ജീവിതഭാരങ്ങൾ ചുമന്നേന്തിയവന് ചാക്കുകെട്ടുകൾ ഒരു ഭാരമേ അല്ലായിരുന്നു. പതിയെപ്പതിയെ ജീവിതത്തിന് നിറങ്ങൾ വരാൻ തുടങ്ങി. ഗുഡ്സ് ഷെഡിൽ പണി കുറയുമ്പോൾ റെയിൽവേ പാർസൽ ഓഫീസിൽ സ്വന്തം ഗുഡ്സ് ഓട്ടോ ഓടിച്ച് ജീവിതത്തിന്റെ താളം നിലനിർത്തും. മകൻ പഠിച്ച് വലിയ ആളാകണമെന്ന് സ്വപ്നം കണ്ട അമ്മയും അച്ഛനും കാലത്തിന്റെ ചുരം കടന്നുപോയപ്പോൾ ഈ ഭൂമുഖത്ത് ഷാജുവിന് സ്വന്തമെന്ന് പറയാൻ ജ്യേഷ്ഠൻ മാത്രമായി. പിന്നെ കൂട്ടിന് പുസ്തകങ്ങളും. 1996ൽ എക്സ്പ്രസ് സപ്ലിമെന്റിൽ ഒരു കഥ അച്ചടിച്ചു വന്നു.

നോട്ടുപുസ്തകങ്ങളിലെ അക്ഷരങ്ങളിലൂടെ വിരലോടിച്ച് ബാല്യകാലസഖി അമ്മുവും ഷാജുവിനെ പ്രോത്സാഹിപ്പിച്ചു. ഓർക്കാൻ ഒരുപാടുപേരുണ്ടെന്ന് ഷാജു ആകാശത്തിന്റെ മുഖമൊഴിയിൽ കുറിച്ചിട്ടു. 20 വർഷം കൊണ്ട് കുത്തിക്കുറിച്ചതാണ് ഇപ്പോൾ ആകാശമെന്ന പേരിൽ കവിതാ സമാഹാരമായത്. മലയാളത്തിനാണ് ഷാജു ആകാശങ്ങൾ സമർപ്പിക്കുന്നത്. സമർപ്പണം എന്ന കവിതയാകട്ടെ അമ്മയ്ക്കും അച്ഛനും ജ്യേഷ്ഠനും വേണ്ടിയാണെഴുതിയിരിക്കുന്നത്. ആകാശത്തിലെ അവസാനത്തെ കവിതയിലെ അവസാന വരികൾ ആത്മാവിനെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും. വായിച്ചു കഴിഞ്ഞാലും...