കാലത്തിന്റെ കാൽപ്പാടുകൾ
കാലത്തിന്റെ കാൽപ്പാടുകൾ
സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് സുനിൽസുബ്രഹ്മണ്യൻ സംവിധാനം ചെയ്ത കാലത്തിന്റെ കാൽപ്പാടുകൾ എന്ന ഹ്രസ്വചിത്രം. കെ.ജി.അനിൽകുമാറിന്റെ രചനയിൽ അനുഭവങ്ങളുടെ ചൂടും നൊമ്പരവുമുണ്ട്. അതുകൊണ്ടുതന്നെ കാലത്തിന്റെ കാൽപ്പാടുകൾ എന്ന ഹ്രസ്വചിത്രം ജീവിതത്തോട് ചേർന്നു നിൽക്കുന്നു.

ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഈ ഹ്രസ്വചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. പ്രിയങ്കരനായ സുഹൃത്തിന്റെ അകാലമരണത്തിന്റെ ആഘാതം ഉള്ളിലേൽപ്പിച്ച മുറിവുകളും ആ മരണം എന്തിനായിരുന്നുവെന്ന അന്വേഷണവും ഒടുവിൽ ചെന്നെത്തുന്ന ഉത്തരങ്ങളുമാണ് ഈ ഹ്രസ്വചിത്രത്തിന്റെ കാതൽ.

മനസിൽ ഒരുപാട് സ്വപ്നങ്ങൾ കൊണ്ടുനടക്കുന്ന എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന സുഹൃത്തിന്റെ ആത്മഹത്യ എന്തിനായിരുന്നുവെന്ന് കൂട്ടുകാരൻ രഞ്ജു അന്വേഷിച്ചിറങ്ങുന്നു. ഉത്തരങ്ങൾ വഴിമുട്ടി നിൽക്കുമ്പോഴും അയാൾ അന്വേഷിച്ചുകൊണ്ടേയിരുന്നു. പലരോടും. പലതിലൂടെയും. പക്ഷേ വ്യർഥമായ ആ അന്വേഷണങ്ങൾക്കൊടുവിൽ ഉത്തരം പിടിതരാതെ നിൽക്കുമ്പോൾ രഞ്ജുവിന് സമനില നഷ്‌ടപ്പെടുന്ന അവസ്‌ഥയെത്തുന്നു. മരിച്ച കൂട്ടുകാരന് ഒരു പ്രണയമുണ്ടെന്ന് അറിയാമെങ്കിലും അതാരാണെന്നോ എവിടെയാണെന്നോ രഞ്ജുവിനറിയില്ല. അവളെക്കുറിച്ചുള്ള ചില സൂചനകൾ മാത്രമാണ് നാട്ടിടവഴികളിലൂടെയുള്ള യാത്രയിൽ രഞ്ജുവിനോട് അവൻ പങ്കുവെച്ചിരുന്നത്. സൗഹൃദത്തിനപ്പുറത്തേക്ക് പ്രണയം പടർന്നതും അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നുമൊക്കെ പറഞ്ഞിരുന്നുവെങ്കിലും അവളാരാണ് എന്താണ് എന്നൊന്നും വെളിപ്പെടുത്തിയിരുന്നില്ല. അവളെ കണ്ടെത്താൻ രഞ്ജുവെന്ന സുഹൃത്ത് നടത്തുന്ന ശ്രമങ്ങൾ ആദ്യം പരാജയപ്പെടുന്നുവെങ്കിലും ഒടുവിൽ അവൻ അവളെ കണ്ടെത്തുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തുവെച്ചാണ് അവളെ കണ്ടെത്തുന്നത്. സുഹൃത്തിനുണ്ടാകുന്ന ആ ഷോക്ക് പ്രേക്ഷകരിലും അനുഭവപ്പെടുന്നു.



വളരെ നിസാരമായ ഒരു കാര്യത്തിനു വേണ്ടി ജീവിതമൊടുക്കിയവൻ എന്ന് പ്രേക്ഷകർക്ക് തോന്നത്തക്ക വിധമാണ് ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. മിക്ക ആത്മഹത്യകളും നിസാരമായ എന്തെങ്കിലും കാര്യത്തിനു വേണ്ടിയായിരിക്കുമെന്ന യാഥാർഥ്യം ഈ കൊച്ചുചിത്രം ഓർമിപ്പിക്കുന്നു. ഒന്നു ചിന്തിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ ആത്മഹത്യകൾ നമുക്കുചുറ്റുമുണ്ടായിട്ടുണ്ടെന്ന് ഈ ചിത്രം കാണുമ്പോൾ മനസിൽ തോന്നും. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. ജീവിതം വളരെ വിലപ്പെട്ടതാണെന്നും ഒരു മുഴം കയറിലോ വിഷത്തിന്റെ രൂക്ഷഗന്ധത്തിലോ ഇരുമ്പുപാളങ്ങളിലോ അവസാനിപ്പിക്കാനുള്ളതല്ലെന്നും ഈ ചിത്രം അടയാളപ്പെടുത്തുന്നു.

ഇനിയെത്രയാഗ്രഹിച്ചാലും തിരിച്ചുകിട്ടാത്ത ലോകത്തേക്ക് കടന്നുപോയ ആ കൂട്ടുകാരന്റെ ഓർമകൾക്കും ജീവിച്ചിരിക്കുന്നവരുടെ ഒടുങ്ങാത്ത വേദനകൾക്കും മധ്യേ സങ്കടക്കടൽ പതഞ്ഞൊഴുകുന്ന മനോഹരമായ ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്.


മലയാളത്തിലെ ഹ്രസ്വചിത്രങ്ങൾ സിനിമയെ വെല്ലുന്ന തരത്തിൽ സാങ്കേതികമായി മെച്ചപ്പെടുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കാലത്തിന്റെ കാൽപ്പാടുകൾ. ഹെലിക്യാമിന്റെ സാധ്യതകൾ വളരെ മനോഹരമായി ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെയും കഥാപാത്രങ്ങളുടേയും കഥയുടേയും മൂഡിന് പുതിയ തലം നൽകാൻ ഹെലിക്യാം ഷോട്ടുകൾ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് ഈ കൊച്ചുചിത്രം കാണിച്ചുതരുന്നു.

പതിവ് തമാശവേഷങ്ങളിൽ നിന്ന് വെട്ടുകിളി പ്രകാശ് എന്ന നടൻ കൂടുവിട്ടുപറക്കുന്ന മനോഹരമായ കാഴ്ചയും ഇതിലുണ്ട്. മലയാള സിനിമയിൽ ഇന്ദ്രൻസിനെ ഗൗരവമുള്ള കഥാപാത്രങ്ങളിലേക്ക് പറിച്ചുനടാൻ ധൈര്യം കാട്ടിയവർക്ക് വെട്ടുകിളി പ്രകാശിനേയും സധൈര്യം അത്തരം കഥാപാത്രങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. കാലത്തിന്റെ കാൽപ്പാടുകൾ എന്ന ഹ്രസ്വചിത്രത്തിൽ ഒരു സീനിൽ മാത്രമേ വെട്ടുകിളി പ്രകാശ് സ്ക്രീനിൽ വരുന്നുള്ളുവെങ്കിലും അമ്പരപ്പിക്കുന്ന പെർഫോമെൻസാണ് ഈ നടൻ കാഴ്ചവെക്കുന്നത്. കഥയുടെ നിർണായക വഴിത്തിരിവും പ്രകാശിന്റെ എൻട്രിയാണ്. മലയാളസിനിമ ഉപയോഗപ്പെടുത്താതെ പോകുന്ന ഈ പ്രതിഭയെ കാണിച്ചുതന്നതിന് കാലത്തിന്റെ കാൽപ്പാടുകളുടെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കാതെ വയ്യ!!

സൗഹൃദങ്ങൾക്ക് മരണമില്ല എന്ന ടാഗ ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ശ്രീവൈകുണ്ഠം ക്രിയേഷൻസിന്റെ ബാനറിൽ രമേഷ് കൃഷ്ണമൂർത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിഷാദ് ചാലിശേരിയാണ് ഛായാഗ്രഹകൻ. ഡി.കെ.ജിതിൻ എഡിറ്റിംഗ് നിർവഹിച്ചു. സംഗീതം റിജോഷ്് ആലുവ.

ജെസ്ലൻ നെല്ലിശേരി, ഷാജി നമ്പിടി, മത്തായി മണ്ഡപത്തിൽ, കെ.എഫ്.തോംസൺ, സുഗീഷ് അശോകൻ, കെ.സനിൽബാബു, സന്തുഭായ്, സുധീഷ് രാമചന്ദ്രൻ, ജിതേഷ്, ഷൈൻ നെല്ലങ്കര, വി.കെ.ഷറഫുദ്ദീൻ, പരീക്ഷിത്ത്, സിന്ധു, നിഷാദ് ഹസൻ, വിഷ്ണു, സിമി, ബാഷ, സുധ ഉണ്ണി, സുരേന്ദ്രൻ പെരിഞ്ചേരി, ഗോകുൽ, ബിജു, ശ്യാം റോഷ്, ബിജു ചെറുതുരുത്തി, പ്രവീൺ നാരായണൻ, പി.എം.ഷറഫുദ്ദീൻ, ധീരജ് പള്ളിയിൽ, സാദിഖ്, അനൂപ് പാലക്കാട്, അബി, ഇന്ദു തുടങ്ങിയവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.

സനൂപ്, വെട്ടുകിളി പ്രകാശ്, സന്തുഭായ്, രാമൻകുട്ടി, ജിതിൻ, ഡിബിൻ, സജി ഗോപാൽ, സന്ദീപ് ചന്ദ്ര എന്നിവരാണ് അഭിനേതാക്കൾ.

തേടിയെത്തും മുമ്പേ മരണത്തിന് സ്വയം തീറെഴുതി നൽകുമ്പോൾ ജീവിതം എന്ന വിലപ്പെട്ട അവസരമാണ് നഷ്‌ടമാകുന്നതെന്ന് കാലത്തന്റെ കാൽപ്പാടുകൾ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

–ഋഷി