ദേശീയ സ്മാരകമാകാൻ തയാറെടുത്ത് ജനാർദനഗുഡി
ദേശീയ സ്മാരകമാകാൻ തയാറെടുത്ത് ജനാർദനഗുഡി
ദേശീയ സ്മാരകങ്ങളുടെ ഗണത്തിലേക്ക് വയനാട്ടിൽനിന്ന് ഒരു ശിലാനിർമിതിയും ഇടം പിടിക്കുന്നു. നടവയലിന് സമീപം പുഞ്ചവയലിൽ സ്വകാര്യ കാപ്പിത്തോട്ടത്തിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാനിർമിതി ജനാർദ്ദനഗുഡിയാണ് ദേശീയസ്മാരകമായി മാറാൻ പോകുന്നത്. ജനാർദ്ദനഗുഡിയെ ദേശീയസ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം അന്തിമദശയിലാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ടി. ശ്രീലക്ഷ്മി പറഞ്ഞു.

രണ്ട് കല്ലമ്പലങ്ങളാണ് പുഞ്ചവയലിൽ സ്‌ഥിതിചെയ്യുന്നത്. ഇതിൽ വിഷ്ണുഗുഡി എന്ന് പേരുള്ള കല്ലമ്പലം ദേശീയ സ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2015 സെപ്റ്റംബറിൽ വിജ്‌ഞാപനം ചെയ്തതാണ്. ഇതിന്റെ പരിപാലന, അറ്റകുറ്റപ്പണികൾ തുടങ്ങാനിരിക്കെയാണ് 700 മീറ്റർ മാറി സ്വകാര്യഭൂമിയിലുള്ള ജനാർദ്ദനഗുഡിയും ദേശീയ സ്മാരകമാക്കുന്നത്. ശിലാപാളികളും തൂണുകളും ഉപയോഗിച്ചുള്ളതാണ് രണ്ട് നിർമിതികളും. കാലപ്രയാണത്തെ അതിജീവിച്ച കൽതൂണുകളിലും കൽപാളികളിലുമായി 300ലധികം കൊത്തുപണികളാണുള്ളത്്. ജനാർദനഗുഡിയിലെ ശിലാപാളികളിലൊന്നിൽ കന്നഡയിലുള്ള എഴുത്തും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ നിർമിച്ചതാണ് വിഷ്ണുഗുഡിയും ജനാർദ്ദനഗുഡിയുമെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.

പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്സാല രാജാക്കന്മാരാണ് ഇവ പണിതതെന്നാണ് ചരിത്രകാരന്മാരിൽ ഒരു വിഭാഗത്തിന്റെ പക്ഷം. ദക്ഷിണ കന്നഡയിൽനിന്ന് വയനാട് വഴി പടിഞ്ഞാറൻ കടൽത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങൾ പണിതതെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. മുത്തുകളുടെയും രത്നങ്ങളുടെയും വ്യാപാരത്തിനു പുകൾപെറ്റതായിരുന്നു പുഞ്ചവയലിനോടു ചേർന്നുള്ള പ്രദേശങ്ങളെന്നും ചരിത്രകാരന്മാർ പറയുന്നു.



നാശംനേരിടുന്ന കല്ലമ്പലങ്ങൾ എൻഷ്യന്റ് മോണുമെന്റ്സ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് റിമൈൻസ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശിപാർശചെയ്ത് എഎസ്ഐ ഡയറക്ടർക്ക് തൃശൂർ സർക്കിൾ ഓഫീസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാർദ്ദനഗുഡിയും ദേശീയശ്രദ്ധ പിടിച്ചുപറ്റാൻ ഇടയായത്. രണ്ട് കല്ലമ്പലങ്ങളുടേയും ചരിത്രപരമായ പ്രത്യേകതകൾ, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്. സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നപക്ഷം അവ സ്‌ഥിതിചെയ്യുന്ന ഭൂമി സൗജന്യമായി വിട്ടുകൊടുക്കാമെന്ന തോട്ടം ഉടമകളുടെ നിലപാടും കത്തിൽ വ്യക്‌തമാക്കിയിരുന്നു.


വിഷ്ണുഗുഡിയും ജനാർദനഗുഡിയും ദേശീയസ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്ന് ലോക്സഭയിൽ 2009ൽ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി വി. നാരായണസ്വാമിയും പ്രസ്താവിച്ചിരുന്നു. വിഷ്ണുഗുഡി ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്‌ഥർ വിഷ്ണുഗുഡി സന്ദർശിച്ചിരുന്നു. ജീർണാവസ്‌ഥയിലുള്ള ക്ഷേത്രം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതിയും രൂപരേഖയും ഉടൻ തയാറാക്കുമെന്ന് ഉദ്യോഗസ്‌ഥർ അന്ന് അറിയിച്ചിരുന്നു. രണ്ട് വർഷം മുൻപ് മഴക്കാലത്ത് ജനാർദ്ദനഗുഡിയുടെ ഗോപുരഭാഗങ്ങൾ തകർന്നുവീണിരുന്നു.

നൂറ്റാണ്ടുകൾ അതിജീവിച്ച ഈ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കാൻ നിരവധി തവണ ബന്ധപ്പെട്ട അധികാരികളോട് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല. വിദേശികളക്കം നിരവധി ടൂറിസ്റ്റുകൾ ഇവിടെ സന്ദർശനം നടത്താറുണ്ട്. പുരാവസ്തു വകുപ്പ് അധികാരികൾ വേണ്ടരീതിയിൽ ക്ഷേത്രത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും നിലനിന്നിരുന്നു. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഈ തീരുമാനം കല്ലമ്പലങ്ങളുടെ പ്രതാപം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയ സ്മാരകങ്ങളുടെ ഗണത്തിലേക്ക് ജനാർദ്ദനഗുഡിയും ചേർക്കപ്പെടുന്നതോടെ ഇവിടം ചരിത്രത്താളുകളിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.