കാലാതീതനായ ചലച്ചിത്രകാരൻ
കാലാതീതനായ ചലച്ചിത്രകാരൻ
എല്ലാക്കാലത്തും സിനിമാചിത്രീകരണ വഴിയിൽ പുത്തൻ വഴിത്താരകൾ കണ്ടെത്തിയവയാണ് ന്യൂ ജനറേഷൻ സിനിമകൾ. അത്തരത്തിൽ സിനിമയുടെ ചരിത്രവഴികളെ തേടി ചെല്ലുമ്പോൾ ന്യൂ ജനറേഷൻ സംവിധായകരുടെ പേരുകളിൽ ആദ്യം അടയാളപ്പെടുത്തിയ പേര് കെ.ജി. ജോർജിന്റെതാണ്. ആദ്യസിനിമയായ സ്വപ്നാടനം മുതൽ ഈ ചുവടുമാറ്റത്തെ മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്താൻ അദ്ദേഹത്തിനായി. അതിനു മലയാളം അദ്ദേഹത്തെ ആദരിച്ചത് ജെ.സി. ഡാനിയൽ പുരസ്കാരം നൽകിയാണ്.

ശരാശരിയിലും താഴ്ന്ന ജീവിത സാഹചര്യങ്ങളിലാണ് കെ.ജി. ജോർജ് വളർന്നത്. ചുറ്റുപടിലേക്കു നോക്കാനും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ തിരിച്ചറിയാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതു തന്നെയായിരുന്നു കെ.ജി. ജോർജ് സിനിമകളുടെ കരുത്തും. വായനയും സിനിമയുമായിരുന്നു കെ.ജി. ജോർജിന്റെ ജീവിതത്തിലെ സമയങ്ങളിൽ അധികവും കവർന്നത്. പക്ഷാഘാതം ശരീരത്തെ തളർത്തുന്നതുവരെ സിനിമകൾ തീയറ്ററിൽ പോയി കാണുമായിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്തു സജീവമായി നിന്ന സമയത്തു പുകഴ്ത്തലുകൾ മാത്രമല്ല നിരവധി ഇകഴ്ത്തലുകളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. എന്നാൽ ഇതൊന്നും ആ പ്രതിഭയെ തളർത്തിയില്ലെന്നു മാത്രമല്ല വിമർശകർക്കെതിരേ പ്രതികരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. സ്വപ്നാടനം മുതൽ ഇലവങ്കോടുദേശം വരെ 23 വർഷങ്ങൾ കൊണ്ട് 19 സിനിമകളാണ് കെ.ജി. ജോർജ് മലയാളത്തിന് സമ്മാനിച്ചത്.

സിനിമയിലേക്ക് ആകർഷിക്കപ്പെട്ട ബാല്യം

സിനിമകൾ ഇഷ്ടം പോലെ കണാൻ ഭാഗ്യം ലഭിച്ച ബാല്യമായിരുന്നു കെ.ജി. ജോർജിന്റെത്. ഒരു ദിവസം ഒന്നിലധികം സിനിമകൾ. തിരുവല്ലയിലെ നാടൻ കൊട്ടകകളുടെ ബഞ്ചിൽ ഇരുന്ന് കണ്ട സിനിമകളാണ് ജോർജിന്റെ മനസിൽ സിനിമയുടെ വിത്തു പാകിയത്. സിനിമയോടൊപ്പം ജീവവായു പോലെ ഒപ്പം കരുതിയ വായന അതിനു വളമായി. സിനിമയിൽ മാത്രമല്ല മലയാള സാഹിത്യത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ ജോർജ് പിന്തുടർന്നു. ജോർജിന്റെ ഇഷ്‌ടത്തിന് മാതാപിതാക്കൾ എതിരുനിന്നില്ല. സിനിമ പഠനത്തിനും അവർ ജോർജിനെ അയച്ചു. ജോർജിന്റെ സിനിമകൾക്ക് അവർ കരുത്തും പ്രോത്സാഹനവുമായി.

സ്വപ്നഭൂമികയിലേക്ക്

രാമു കാര്യാട്ടിന്റെ ചിത്രങ്ങളിലൂടെ സംവിധാന സഹായിയായിട്ടായിരുന്നു കെ.ജി. ജോർജിന്റെ സിനിമാജീവിതം ആരംഭിച്ചത്. മൂന്നു വർഷങ്ങൾക്കിപ്പുറം രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തിനു സംഭാഷണമൊരുക്കി സിനിമയുടെ സ്വതന്ത്ര മേഖലയിലേക്ക് അദ്ദേഹം പ്രവേശിച്ചു. കെ.ജി. ജോർജ് സിനിമകളൊന്നും കൃത്യമായ ഒരു ചട്ടക്കൂടിൽ സമാനത നിറഞ്ഞവയായിരുന്നില്ല. പുതുമയുള്ള വിഷയങ്ങളും സമീപനവും ഒരോ ചിത്രത്തെയും വേറിട്ടു നിർത്തി. മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിലൂന്നിയ കഥപറച്ചിലായിരുന്നു കെ.ജി. ജോർജ് സിനിമകളുടെ കാതൽ. ശക്‌തമായ തിരക്കഥയായിരുന്നു ഈ ചിത്രങ്ങളിലെ നായകർ. സമൂഹത്തിനു നേരെ തിരിച്ചു തന്റെ കണ്ണിൽ പതിഞ്ഞ ജീവിതങ്ങളും സന്ദർഭങ്ങളും ആ സിനിമകളിൽ പുനർജനിച്ചു. ത്രില്ലർ, ആക്ഷേപഹാസ്യം, കുടുംബ കഥകൾ അങ്ങനെ ഒന്നിൽ ഒതുങ്ങാതെ ജോർജിന്റെ സിനിമകൾ സമൂഹത്തിന്റെ എല്ലാ കോണിലേക്കും കാമറ തിരിച്ചു.

ആക്ഷേപഹാസ്യ സിനിമയ്ക്ക് ഇന്നും തകർക്കാൻ കഴിയാത്ത ഒരു ശില്പമാതൃക സൃഷ്‌ടിക്കാൻ പഞ്ചവടിപ്പാലത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നത്തെ രാഷ്ര്‌ടീയ സാഹചര്യങ്ങളിൽ പോലും ഏറെ പ്രസക്‌തമാണു പഞ്ചവടിപ്പാലം. ഇന്നും പഞ്ചവടിപ്പാലത്തിന്റെ അനുരണനങ്ങൾ പല സിനിമകളിലും നമുക്കു കാണാനാകും. കെ.ജി. ജോർജ് സിനിമകൾക്കു പകരം നിൽക്കാൻ പോന്ന സിനിമകൾ ഇന്നുണ്ടാകാത്തത് അദ്ദേഹം അവലംബിച്ച വ്യത്യസ്തമായ കഥന ശൈലികൊണ്ടു മാത്രമായിരുന്നില്ല. ശക്‌തമായ കഥയുടെയും അവയെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെയും ശക്‌തിയായിരുന്നു. ഓരോ സിനിമയ്ക്കും അനുയോജ്യരായ മികച്ച അഭിനേതാക്കളെ കിട്ടിയെന്നതാണു തന്റെ സിനമകളുടെയെല്ലാം സവിശേഷത എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഴുത്തും സംവിധാനവും മാത്രമല്ല ചിത്രരചനയും അദ്ദേഹത്തിനു വഴങ്ങും. സ്വന്തം സിനിമയുടെ പോസ്റ്ററുകളും ടൈറ്റിലുകളും അദ്ദേഹം ഡിസൈൻ ചെയ്തിട്ടുണ്ട്.

സിൻസിയർ ഫിലിം മേക്കർ

ഒരു വിഷയത്തോടു നമ്മൾ എത്രത്തോളം ആത്മാർഥത പുലർത്തുന്നുവോ അത്രമേൽ ആ വിഷയം നമ്മളെ അടയാളപ്പെടുത്തും. ഇതു തന്നെയാണ് കെ.ജി. ജോർജിന്റെ സിനിമകളെ കാലാതീതമായി നിലനിർത്തുന്നതും. സിനിമയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തിയ അദ്ദേഹം സിൻസിയറായ ഫിലിം മേക്കറായി അറിയപ്പെടാനാണ് എന്നും ആഗ്രഹിച്ചത്. ക്രാഫ്റ്റാണ് സിനിമയിൽ ഏറ്റവും പ്രധാനം. അത് തനിക്കുണ്ടെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിലുറച്ചാണ് അദ്ദേഹം ഓരോ സിനിമയെയും സമീപിച്ചത്. ആ വിശ്വാസം അസ്‌ഥാനത്തായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സിനിമകൾ കാലത്തിനു സാക്ഷിയായി.


പ്രായവും സർഗാത്മകതയും

23 വർഷങ്ങൾ കെ.ജി. ജോർജിനെപ്പോലൊരു ചലച്ചിത്രകാരനു വളരെ ചെറിയ ഒരു കാലയളവാണ്. പക്ഷേ, എണ്ണത്തിലല്ല ചെയ്യുന്ന ചിത്രങ്ങളുടെ ഗുണത്തിലാണ് കാര്യമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ക്രിയേറ്റിവിറ്റിക്ക് ഒരു പരിധിയുണ്ട്. പ്രായം സർഗാത്മകതയെ ബാധിക്കുമെന്ന് ഒരു ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തുക എന്നു പറയാറുണ്ടെങ്കിലും ആരും അത് പ്രാവർത്തികമാക്കി കാണാറില്ല. എന്നാൽ അക്കാര്യത്തിൽ ജോർജ് വ്യത്യസ്തനായി. സർഗാത്മകതയുടെ അവരോഹണം തിരിച്ചറിഞ്ഞു സ്വയം പിന്മാറ്റത്തിനു തയാറായതു തന്നെയായിരുന്നു കെ.ജി. ജോർജ് എന്ന പ്രതിഭാശാലിയുടെ വിജയവും.

തന്റെ ചിത്രങ്ങളിൽ അദ്ദേഹം നെഞ്ചോട് ചേർത്തു വയ്ക്കുന്ന ചിത്രം യവനികയാണ്. എല്ലാ ചേരുവയും ചേരുംപടി ചേർന്ന സിനിമ. ഓരോ സൂക്ഷ്മാംശവും ശ്രദ്ധയോടെ കൈകാര്യം ചെയ്തിട്ടുണ്ടതിൽ. തനിക്കു പോലും അതു മറ്റൊരു ചിത്രത്തിൽ ആവർത്തിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. ഫിലിം മേക്കറെന്ന നിലയിൽ ഏറെക്കുറെ തനിക്കു ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജീവിതത്തിന്റെ അടിസ്‌ഥാനം തന്നെ നമ്മുടെ മാനസീക വ്യാപരങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ആ വിശ്വാസം സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. പ്രേക്ഷക പ്രീതിയും കലാമൂല്യവും ഒരുപോലെ കോർത്തിണക്കിയ ചിത്രങ്ങൾ. ഇലവങ്കോടുദേശത്തോടെ തന്നിലെ ക്രിയേറ്റിവിറ്റി ഇല്ലാതായി. ഇനി തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

മമ്മൂട്ടിയും മോഹൻലാലും

മമ്മുട്ടിയും മോഹൻലാലും കെ.ജി. ജോർജിനെ സംബന്ധിച്ചു രണ്ട് വ്യത്യസ്ത വികാരങ്ങളാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്. ഒന്ന് സന്തോഷവും മറ്റൊന്ന് വേദനയും. തന്റെ പ്രിയപ്പെട്ട നടനാണു മമ്മുട്ടിയെന്ന് പലവേദികളിലും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മോഹൻലാലിനെപ്പോലൊരു നടന്റെ അഭിനയ മികവിനെ ഉപയോഗപ്പെടുത്താൻ കഴിയാത്തതിലുള്ള വേദനയും അദ്ദേഹം മറച്ചുവച്ചില്ല. സി.വി. ബാലകൃഷ്ണന്റെ രചനയെ അവലംബിച്ച് കാമമോഹിതം എന്ന ചിത്രം ചെയ്യാൻ ആലോചിച്ചിരുന്നു. എന്നാൽ പറ്റിയ നിർമാതാക്കളെ കിട്ടാത്തതു കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. മമ്മുട്ടിയുടെ അഭിനയജീവിതത്തിന്റെ ആരംഭകാലങ്ങളിൽ വഴിത്തിരിവായ സിനിമകൾ കെ.ജി. ജോർജിന്റെ സംഭാവനയായിരുന്നു. മേള, യവനിക, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങൾ. മമ്മൂട്ടി മാത്രമല്ല വേണു നാഗവള്ളിയും കെ.ജി. ജോർജിന്റെ ആലയിൽ രൂപപ്പെട്ടു വന്ന അഭിനേതാക്കൾ ആയിരുന്നു. ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ എന്ന നോവൽ ഒരു യാത്രയിലാണ് കെ.ജി. ജോർജ് വായിക്കുന്നത്. അതിൽ തനിക്ക് അനുയോജ്യമായ ഒരു സിനിമ തിരിച്ചറിഞ്ഞ അദ്ദേഹം അതേ പേരിൽ സിനിമയാക്കി. വേണു നാഗവള്ളിയായിരുന്നു അതിലെ നായകൻ. ഭരത് ഗോപിയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായ തബലിസ്റ്റ് അയ്യപ്പനും കെ.ജി. ജോർജിന്റെ സൃഷ്‌ടിയായിരുന്നു.

സിനിമ സമ്മാനിച്ച നല്ല അനുഭവങ്ങൾ ഇന്നും ചുണ്ടിൽ നനുത്ത പുഞ്ചിരി വിരിയിക്കുന്നുണ്ട്. എങ്കിലും അലമാരയിലെ പുസ്തക ശേഖരത്തെ നോക്കുമ്പോൾ വായിക്കാൻ കഴിയുന്നില്ല എന്ന വേദന ബാക്കി നിൽക്കുന്നു. ശാരീരിക അവശതകൾ വായനയെയും അകറ്റിയതിന്റെ സങ്കടവും അദ്ദേഹത്തിനുണ്ട്. യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ പോലുള്ള സംസ്‌ഥാന അവാർഡ് നേടിയ ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. അന്താരാഷ്ര്‌ട ചലച്ചിത്രമേളകളിൽ കെ. ജി. ജോർജിന്റെ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

മലയാള സിനിമയിൽ കാലത്തിനു മുമ്പേ നടന്ന സംവിധായകനെന്ന് വിലയിരുത്തുമ്പോഴും അദ്ദേഹത്തെ വേണ്ടവിധത്തിൽ അംഗീകരിച്ചോ എന്ന കാര്യം സംശയമാണ്. വൈകിയാണെങ്കിലും ജെ.സി. ഡാനിയൽ പുരസ്കാരം നൽകാൻ സർക്കാർ തയാറായി.

–ജിൻസ് കെ. ബെന്നി