ഭക്‌തിനൈവേദ്യമായി കൃഷ്ണകവിതകൾ
ഭക്‌തിനൈവേദ്യമായി കൃഷ്ണകവിതകൾ
ഓഗസ്റ്റ് 24 ജന്മാഷ്‌ടമി. പ്രശസ്ത കവയത്രി ബി. സുഗതകുമാരി കുറിച്ചിട്ട ഉണ്ണിക്കണ്ണന്റെ കവിതകളിലൂടെ ഒരു പ്രദക്ഷിണം.

നീലമേഘം പോലിരുണ്ടു
പൊൻതളയണിഞ്ഞൊരുണ്ണി
ക്കാലം മാത്രം തൊട്ടിലിൽ നി–
ന്നൂർന്നതാ കാൺമു!
അടുത്തു ചെല്ലുവാൻ വയ്യ!
ജനാലയ്ക്കു, ജന്മങ്ങൾക്കു
പുറത്തു ഞാൻ വ്യഥപൂണ്ടു
കാത്തുനില്ക്കുന്നു...
(ഒരു സ്വപ്നം)

നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കൃഷ്ണ ഗായികയായ സുഗതകുമാരിയുടെ ഹൃദയമുരളിയിൽ നിന്നും ഇറ്റിറ്റു വീണ വരികളാണിത്. ഉണ്ണിക്കണ്ണന്റെ ജന്മാഘോഷം കൊണ്ടാടുന്ന ഈ നാളിൽ ഹരിചന്ദനഗന്ധമുള്ള സുഗതകുമാരിയുടെ കൃഷ്ണ കവിതകൾക്കു പ്രസക്‌തിയേറുന്നു.
മീരയായി, രാധയായി ഗോപികയായി സ്വയം മാറി അനേകമനേകം കൃഷ്ണ പ്രണയ കവിതകൾ രചിച്ചിട്ടുണ്ട് സുഗതകുമാരി ടീച്ചർ. വിരഹതാപത്തിലുരുകുന്ന രാധയിൽ നിന്നും അമ്മ ഭാവത്തിലേക്കും അനന്തമായ മാതൃസ്നേഹത്തിലേക്കു കവയിത്രി ചുവടുവയ്ക്കുമ്പോൾ ഉണ്ടാകുന്ന രാസപ്രക്രിയ അത്ഭുതപ്പെടുത്തുന്നതാണ്.

അഷ്‌ടമിരോഹിണി നാളിൽ പിറന്ന ഉണ്ണിക്കണ്ണനെ തന്റെ നെഞ്ച് കീറി അതിലെ പൂതൊട്ടിലിൽ കിടത്തി ഉറക്കുമ്പോഴും താൻ ഏറെ അകലെയാണെന്നു തോന്നിപോകുന്നു കവയിത്രിക്കു! അതു കൊണ്ടാണ് അടുത്തു ചെല്ലുവാൻ വയ്യ!

ജനാലയ്ക്കു, ജന്മങ്ങൾക്കു
പുറത്തു ഞാൻ വ്യഥപൂണ്ട്
കാത്തു നില്ക്കുന്നു...

എന്നു ഒരു സ്വപ്നത്തിലെ അവസാന വരികളിൽ പറയുന്നത്. ജനാലയ്ക്കു എന്ന വാക്കു കഴിഞ്ഞാലുടനെ വരുനനത് ജന്മങ്ങൾ ആണെന്നത് സുഗതകുമാരിയുടെ കവിപ്രതിഭ മാത്രമല്ല ഉള്ളാഴവും കൃഷ്ണഭക്‌തിയും വെളിവാക്കുന്നു. മനുഷ്യ ജന്മത്തിന്റെ പരിമിതികളുടെ ഒരു നേർച്ചിത്രം കൂടിയാണിത്. എന്റെ ഉണ്ണികൃഷ്ണന്റെ പാദസ്പർശമേൽക്കുവാൻ വേണ്ടി സ്വയം കാളിയനായി മാറുന്ന ഒരേ ഒരു ഭക്‌ത കവിയും ഒരുപക്ഷേ സുഗത (കാളിയമർദനം) കുമാരി മാത്രമായിരിക്കും. ഭൂമിയാകുന്ന ഈ കാളിന്ദിയിൽ ജീവിക്കുന്ന തന്റെ വിഷപ്പത്തികൾക്കു മേൽ നിന്നു; അഹംഭാവത്തിനു മേൽ നിന്നു തന്റെ കരൾ രക്‌തം മുഴുവൻ ഊറി തീരും വരെ നർത്തനമാടുവാൻ കവയിത്രി ഉണ്ണിയോട് പറയുകയാണ്! എല്ലാ മനുഷ്യർക്കും ഞാൻ എന്ന ഭാവം ഉണ്ട്. കവികളിലും എഴുത്തുകാരിലും ഈ ഈഗോ പൂർണസ്‌ഥായിൽ ആയിരിക്കും.

കവിതകൾ എഴുതുമ്പോൾ പോലും ഈ അഹത്തിൽ നിന്നും പൂർണമോചിതരാകുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ എന്നിലെ അഹന്തയും അന്ധതയും ജീവിത ബന്ധങ്ങളും വിഷവും മുഴുവൻ ഒഴുകി തീരും വരെ തലയിൽ നിന്നും നൃത്തം ചവിട്ടു കണ്ണാ എന്നു കരഞ്ഞപേക്ഷിക്കുകയാണ് കവയിത്രി. ഇലിടെയും സ്വന്തം കുഞ്ഞിന്റെ ഏത് കുസൃതിയും താങ്ങുവാൻ കെല്പുള്ള, ഏതു ചവിട്ടും ഏൽക്കുവാൻ സന്നദ്ധയായ അമ്മയെതന്നെ കാണാം.

കണ്ണന്റെ അമ്മയായ ദേവകിയുടെയും വളർത്തമ്മയായ യശോദയുടെയും ഉൾത്തടങ്ങളിലൂടെ ഇത്ര സൂക്ഷ്മതയോടെ സഞ്ചരിക്കുന്ന മറ്റൊരു കവി ഇന്ത്യയിൽ തന്നെ വേറെ ഉണ്ടോ എന്നു സംശയമാണ്. എട്ടുമക്കളെ പ്രസവിച്ചിട്ടും, താലോലിക്കാനാകാതെ, നെഞ്ചോട് ചേർക്കാനാകാതെ ഉരുകി തീരുന്ന ദേവകിയാണ് അമ്മ എന്ന കവിതയിൽ തന്റെ കൺമുന്നിലെ കരിങ്കല്ലിൽ സ്വന്തം കുഞ്ഞുങ്ങളുടെ കുരുന്നു ശരീരങ്ങൾ ചിന്നിച്ചിതറുന്നത് നോക്കിയിരിക്കേണ്ടി വരുന്ന ദേവകിയെ സുഗതകുമാരി അവതരിപ്പിക്കുന്നത് ഇങ്ങനെ...


മുറ്റത്തെക്കല്ലിലാപ്പിഞ്ചു
ചോരപ്പൂ ചിതറീടവേ
അക്കരിങ്കല്ലിലഞ്ഞൂറു
വട്ടം തൻ തല തല്ലിയോൾ

ദേവകിയുടെ കണ്ണുനീരുപ്പിൽ, അപമാനഭാരത്തിൽ; കണ്ണീരു തോരാത്ത ഭൂമിയിലെ മുഴുവൻ സ്ത്രീകളുടെയും ദുഃഖം എഴുതിച്ചേർക്കപ്പെടുന്നു. ഇവിടെ സീതയും പാഞ്ചാലിയും കുന്തിയും പിന്നെ പുരുഷ സമൂഹം ചവിട്ടി കൊന്ന, കെട്ടിതാഴ്ത്തിയ, ചുട്ടെരിച്ച പുതിയ കാലത്തെ പെൺകുട്ടികളും അവിവാഹിതരായ അമ്മമാരും ഒന്നാകുന്നു. ജയിലറയ്ക്കുള്ളിലെ കറുത്ത തറയിൽ കീറച്ചേല ചുറ്റി കുനിഞ്ഞിരിക്കുന്ന അമ്മയ്ക്കുമുന്നിൽ എത്തുന്ന ശ്രീകൃഷ്ണൻ അമ്മയ്ക്കു രക്ഷകനാണ്. ജീവിതത്തിന്റെ കൊടിയ നരകാഗ്നിയിൽ നിന്നും മോചനം നല്കുന്ന യഥാർഥ പുത്രൻ.

ഈ യഴിക്കുള്ളിലൂടൊന്നു
നിന്നെച്ചേർത്തു പിടിപ്പൂ ഞാൻ!....
നീ വരും വരുമെന്നമ്മ–
യ്ക്കറിയാമായിരുന്നിത്രേ!
ദേവകിയിലൂടെ സുഗത–
കുമാരി പറയുന്നത് എല്ലാ
അമ്മമാരുടെയും മനസ്സാണ്...
അഷ്‌ടമിരോഹിണി നാളിൽ
ഹരിചന്ദന ഗന്ധവുമായി,
കായാമ്പുവിന്റെ വർണവുമായി
ഭൂമിയിൽ പിറന്ന കണ്ണന്റെ
ജനന സമയത്തെ ലീലകളാണ്

ഉണ്ണി പിറന്നു എന്ന മറ്റൊരു കാവ്യത്തിന്റെ ആദ്യഭാഗം മുഴുവനും ദേവകിയുടെ എട്ടാമത്തെ കുഞ്ഞ് അമ്മാവനും രാജാവുമായ കംസനെ നിഗ്രഹിക്കും എന്ന വെളിപാട് ഉള്ളതിനാൽ കണ്ണന്റെ ജനനം അറിഞ്ഞാലുടനെ കംസൻ കുട്ടിയെ കല്ലിൽ എറിഞ്ഞു കൊല്ലും. അതുകൊണ്ട് തന്നെ പ്രസവവേദനയുടെ കഠിനത മുഴുവൻ അനുഭവിക്കുമ്പോഴും കരയാതെ മരണതുല്യമായ വേദന കടിച്ചിറക്കുകയാണ് ദേവകി എന്ന അമ്മ! കംസന്റെ പടയാളികൾ ഉണരാതിരിക്കുവാനായി പെറ്റു വീണ ശ്രീകൃഷ്ണനും കരയാതെ, പുഞ്ചിരിച്ചു കിടന്നു എന്നാണ് കൃഷ്ണാവതാരത്തിൽ പറയുന്നത്.

കായാമ്പു ചാലിച്ചെടുത്ത പോലെ
ഊഴിയിൽ വന്നു പിറന്നവനോ
കേഴാതെ പുഞ്ചിരിക്കൊണ്ടു പോലും...

എന്നിങ്ങനെ ആനന്ദാതിരേ... കത്തിൽ കവയിത്രിയും എഴുതി വയ്ക്കുന്നു. കണ്ണന്റെ അമ്മ എന്ന കവിതയിൽ കുസൃതി കുരുന്നായ കണ്ണനെ തേടി നടക്കുന്നത് വളർത്തമ്മയായ യശോദയാണ്.
ഉറിയിലെ വെണ്ണക്കലം തട്ടിയിട്ടശേഷം, ഭരണിയിലെ നെയ്യപ്പമെല്ലാം കട്ടു തിന്നശേഷം കിടാവിനെ അഴിച്ചുവിട്ട ശേഷം കണ്ണനെ തേടി നടക്കുന്നത് വളർത്തമ്മയായ യശോദയാണ്.

ഒടുവിൽ കാട്ടിൽ നിന്നും തന്റെ അമ്പാടി കുഞ്ഞിന്റെ ഓടക്കുഴൽ വിളികേൾക്കുമ്പോൾ തല്ലാനായി എടുത്ത കമ്പും കളഞ്ഞ് അമ്മ ചിരിക്കുന്നുണ്ട്.

കമ്പുകരം വിട്ടു വീഴുന്നു! മുഖം
പുഞ്ചിരി കൊണ്ടു തിളങ്ങുന്നു!
കണ്ണും പൂട്ടി നിന്നമ്മതൻ കുഞ്ഞിന്റെ
പൊന്നോടക്കുഴൽ കേൾക്കുന്നു!....

ഈ ജന്മാഷ്‌ടമി നാളിൽ എവിടെ നിന്നോ എവിടെ നിന്നോ ആ ഓടക്കുഴൽ നാദം നമ്മളും കേൾക്കുന്നുണ്ട്....

<യ> –എസ്. മഞ്ജുളാദേവി