ആനപ്പന്തിയിലെ കൊച്ചുതാരങ്ങൾ
ആനപ്പന്തിയിലെ കൊച്ചുതാരങ്ങൾ
മുത്തങ്ങ ആനപ്പന്തിയിലെ താരങ്ങൾ ഇപ്പോൾ വലിയ കൊമ്പൻമാരല്ല മൂന്നു കുഞ്ഞൻമാരാണ്. അമ്മു, അപ്പു, ചന്തു എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ ആനക്കുട്ടികൾ മുത്തങ്ങ ആനപന്തിയുടെ കണ്ണിലുണ്ണികളാണ്. മരങ്ങൾക്കിടയിലൂടെ ഓടി നടക്കുന്ന വികൃതിക്കുട്ടികൾ. ആരെയും കൂസാതെ പന്തിയിൽ തങ്ങളെ പരിപാലിക്കുന്നവരോട് കൂട്ടുകൂടിയും അവരോടൊപ്പം പുൽമൈതാനത്ത് മേഞ്ഞു നടന്നും ജീവിതം ആസ്വദിക്കുകയാണെന്നും തോന്നും ഇവരുടെ പ്രവൃത്തികൾ കണ്ടാൽ. ഇതിനിടയിൽ വഴിയിൽ കാണുന്ന കുഞ്ഞു മരക്കഷ്ണങ്ങൽ തുമ്പിക്കൈ കൊണ്ട് പൊക്കിയെടുത്ത് തട്ടിക്കളിക്കും കുഞ്ഞു കുറുമ്പൻമാർ.

മുത്തങ്ങ ആനപ്പന്തിയിൽ ഇപ്പോൾ മൂന്നു കുട്ടിയാനകളാണുള്ളത്. ഒന്നരവയസുള്ള അമ്മു, ഒരു വർഷം മുമ്പ് പന്തിയിലെത്തിയ അപ്പു, ഒരു മാസം മുമ്പ് പന്തിയിലെത്തിയ ചന്തു. അമ്മുവാണ് പന്തിയിലെ മുതിർന്നയാൾ. എന്നാൽ അതിന്റെ ഗൗരവമൊന്നും അമ്മുവിനില്ല. ഉച്ചയോടടുത്ത് പന്തിയിൽ തന്നെ നോക്കുന്ന പാപ്പാൻ ബൊമ്മൻ പുൽമൈതാനത്ത് കിടന്ന് ഒന്നു മയങ്ങിയപ്പോൾ തുടങ്ങിയതാണ് അമ്മുവിന്റെ കുസൃതികൾ. ഒരു കയർ കൊണ്ട് പാപ്പാൻ അമ്മുവിനെ ഒരു കുറ്റിയിൽ തളച്ചിട്ടുണ്ടെങ്കിലും അവളുടെ കുസൃതി ചേഷ്‌ട്കൾക്ക് ഒരു കുറവുമില്ലായിരുന്നു. ഇപ്പോൾ ഒന്നര വയസുള്ള അമ്മുവിനെ ഒരുവർഷം മുമ്പാണ് പന്തിയിലെത്തിച്ചത്. വെള്ളത്തിൽ ഒലിച്ചുവന്ന അമ്മു പന്തിയിലെത്തിയപ്പോൾ നന്നേ ഷീണിതയായിരുന്നു. തുടർന്ന് വനപാലകരുടെയും വർഷങ്ങളുടെ പരിചയസമ്പത്തുള്ള പാപ്പാൻ ബൊമ്മന്റെയും പരിശ്രമം കൊണ്ടാണ് അമ്മു ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ദിവസവും രണ്ടു ലിറ്റർ ലാക്ടോജനാണ് അമ്മുവിന് നൽകി വരുന്നത്. കൂടാതെ പാലും പുല്ലും ചോറും എല്ലാം സമയാസമയങ്ങളിൽ അമ്മുവിന് നൽകുന്നുണ്ട്. ബൊമ്മന് സഹായിയായി മകൻ ബാബുവും കൂടെയുണ്ട്. അമ്മുവിനെ തീറ്റുന്നതിനും കാട്ടിൽ നിന്നു പുല്ല് ശേഖരിക്കുന്നതിനും ബാബുവാണ് അച്ഛനെ സഹായിക്കുന്നത്. സദാസമയവും ബാബുവിന്റെ കൂടെ നടക്കുന്ന അമ്മു ഓരോ വികൃതികൾ കാണിച്ചുകൊണ്ടിരിക്കും. കൊച്ചു കുട്ടികളെ പരിപാലിക്കുന്ന ശ്രദ്ധയോടെ തന്നെയാണ് എല്ലാവരെയും പന്തിയിൽ പരിപാലിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ28ൗമ3.ഷുഴ മഹശഴി=ഹലളേ>

കുട്ടിക്കുറുമ്പൻ അപ്പു ഇതിനിടയിൽ പാപ്പാൻ രാംദാസിന്റെ കാലിൽ വന്നിടിച്ചു; തന്നെ ശ്രദ്ധിക്കുന്നില്ലെന്ന തെല്ലു പരിഭവത്തോടെ. കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് അപ്പു മുത്തങ്ങയിൽ എത്തുന്നത്. മേപ്പാടിയിലുണ്ടായ കനത്ത മഴയിൽ വെള്ളത്തിലൂടെ ഒലിച്ചു വന്നതായിരുന്നു അപ്പു. പന്തിയിൽ എത്തിയപ്പോൾ നന്നേ കുഞ്ഞായിരുന്നു ഇവനെന്ന് അപ്പുവിനെ നോക്കുന്ന രാംദാസ് പറഞ്ഞു. രാംദാസിന് സഹായിയായി സനീഷ് എന്നയാൾ കൂടിയുണ്ട്. ഈ ഇത്തിരിക്കുഞ്ഞൻമാരെ സംരക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ തന്നെയാണ് മുത്തങ്ങ അനപ്പന്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ആനക്കുട്ടിക്കും രണ്ടു പേർ വീതമാണ് സംരക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. 15 വർഷമായി മുത്തങ്ങ ആനപന്തിയിൽ പ്രവർത്തിക്കുന്ന രാംദാസിന് അപ്പുവിനോടൊപ്പം ചേർന്നാൽ പിന്നെ സമയം പോകുന്നതറിയില്ലെന്നാണ് പറയുന്നത്. ഇവിടെയെത്തുന്ന ആർക്കും ഇത് നേരിൽ കണ്ടാൽ മനസിലാകും. കൃത്യമായ ഇടവേളകളിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരും, ആർആർടി എലഫന്റ് സ്ക്വാഡ് അംഗങ്ങളും ഇവിടെയെത്തി കുഞ്ഞൻമാരുടെ ആരോഗ്യ വിവരങ്ങൾ വിലയിരുത്തുകയും സഹായികൾക്കു വേണ്ട നിർദേശങ്ങൾ നൽകാറുമുണ്ട്. കുഞ്ഞൻമാരുടെ കൂട്ടത്തിലെ ഇത്തിരികുഞ്ഞൻ ചന്തു രണ്ടു മാസം മുമ്പാണ് ഇവിടെയെത്തിയത്. തോൽപ്പെട്ടി റേഞ്ചിൽ നിന്നുമാണ് ഇവനെ കിട്ടിയത്. ട്രഞ്ചിൽ വീണു കിടിക്കുകയായിരുന്ന ചന്തുവിനെ വനപാലകരാണ് കണ്ടെത്തിയത്. പിന്നീട് കാട്ടിൽ ആനക്കൂട്ടത്തോടൊപ്പം വിടാൻ ശ്രമിച്ചെങ്കിലും ചന്തു പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇവനെ ഇവിടെയെത്തിക്കുകയായിരുന്നു. ഇവിടെയെത്തുമ്പോൾ മതിയായ ആഹാരം ലഭ്യമാകാതിരുന്നതിനാൽ നന്നേ ക്ഷീണിതനായിരുന്നു ചന്തുവെന്ന് ഇവനെ പരിപാലിക്കുന്ന രാജനും വിവേകും പറഞ്ഞു. കഴിഞ്ഞ ദിവസം മുത്തങ്ങ ആനപ്പന്തിയിലെത്തിയ വനംമന്ത്രി കെ. രാജുവാണ് ഈ കുട്ടിക്കുറുമ്പന് ചന്തുവെന്ന പേരിട്ടത്. വനം വെറ്ററിനറി സർജൻ ഡോ. ജിജിമോന്റെ നേതൃത്വത്തിൽ കുഞ്ഞൻമാർക്ക് വേണ്ട എല്ലാ ചികിത്സയും കൃത്യസമയങ്ങളിൽ ലഭ്യമാക്കുന്നുണ്ട്.


മുത്തങ്ങ ആനപ്പന്തിയിലെ സീനിയർ താരം സൂര്യ എന്ന കൊമ്പനാണ്. 25 വർഷം മുമ്പ് നന്നേ ചെറുപ്പത്തിൽ തന്നെ ഇവിടെയെത്തിച്ച സൂര്യക്കും സഹായത്തിന് ആളു കൂടെയുണ്ട്. സൂര്യക്കു പുറമേ മറ്റ് രണ്ട് പേർ കൂടിയുണ്ട് ആനപ്പന്തിയിൽ– കോടനാട് നിന്നെത്തിച്ച കുഞ്ചുവും ഒരു മാസം മുമ്പ് കർണാടകയിൽ നിന്നുമെത്തിച്ച പ്രമുഖയും. കാട്ടിൽ നിന്നും നാട്ടിലിറങ്ങി നാശനഷ്‌ടങ്ങൾ വരുത്തുന്ന ഗജപോക്കിരികളെ ചട്ടം പഠിപ്പിക്കുന്നതിനുള്ള ആനക്കൊട്ടിലും ആനപ്പന്തിയോട് ചേർന്ന് ഒരുങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മേയ് 18ന് ഇവിടെയുണ്ടായിരുന്ന ഒരു ആനക്കുട്ടി ചെരിഞ്ഞിരുന്നു. കണ്ണൂർ തളിപ്പറമ്പ് റേഞ്ചിൽ നിന്നെത്തിച്ച ആനയാണ് ചെരിഞ്ഞത്. കൂടാതെ മണ്ണാർകാട്ട് കൂട്ടംതെറ്റിയ ആനക്കുട്ടിയേയും ഇവിടേക്ക് എത്തിക്കാൻ നീക്കമുണ്ട്. ആനമൂളി ഫോറസ്റ്റ് റേഞ്ചിലെ കാഞ്ഞിരമ്പുഴ പാമ്പൻതോട് ആദിവാസി കോളനിക്കു സമീപത്തെ കുഴിയിൽ നിന്നാണ് ഒന്നരമാസം പ്രായമുള്ള ആനക്കുട്ടിയെ കിട്ടിയത്. ശാരീരിക സ്‌ഥിതി വളരെ മോശമായതിനാൽ ഇത്രയും ദൂരം യാത്ര ചെയ്ത് മുത്തങ്ങിയിലെത്തിക്കാൻ സാധിക്കാത്തതിനാൽ അവിടെ തന്നെ ചികിത്സ നൽകുകയാണ്. ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടാൽ ഈ ആനക്കുട്ടിയേയും മുത്തങ്ങിയിലേക്കെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. മുത്തങ്ങ വലിയ ആനപ്പന്തിയിലെ ഈ ഇത്തിരിക്കുഞ്ഞൻമാർക്കുവേണ്ടി അധികൃതരുടെ ഭാഗത്തു നിന്നുമുള്ള പരിചരണം ശ്രദ്ധേയമാണ്. മൂന്ന് സ്‌ഥിരം ജോലിക്കാരെയും ഒമ്പത് താത്കാലിക ജോലിക്കാരെയുമാണ് ഇവരുടെ സംരക്ഷണത്തിനായി ഇവിടെ നിയമിച്ചിരിക്കുന്നത്. കൂടാതെ തൊട്ടടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്‌ഥരുടെ മേൽനോട്ടവും ഇടയ്ക്കിടെയുണ്ട്. ആനക്കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള പാപ്പാൻമാരും സഹായികളും ആനപ്പന്തിയിൽ തന്നെയാണ് താമസവും.

തയാറാക്കിയത്: <യ> അജിത് മാത്യു
ഫോട്ടോ: ജോജി വർഗീസ്.