സൂര്യന്റെ ബലത്തിൽ....
സൂര്യന്റെ ബലത്തിൽ....
<യ> ഗിരീഷ് പരുത്തിമഠം

അസാധ്യം എന്നു പലരും കരുതി. ആശങ്കയോടെ ചിലർ നെറ്റിചുളിച്ചു. സഫലമാകുന്നതിനെക്കുറിച്ച് കണ്ടറിയാം എന്ന് പിറുപിറുത്തവരും കുറവല്ല. ഒരിറ്റ് ഇന്ധനം നഷ്ടപ്പെടുത്താതെ രാവും പകലും ആകാശയാത്ര നടത്തിയെന്നത് സൈക്യാട്രിസ്റ്റായ ബർട്രാൻഡ് പിക്കാർഡിനും എഞ്ചിനീയറായ ആന്ദ്രേ ബോഷ്ബർഗിനും വ്യക്‌തിപരമായ ആനന്ദാതിരേകത്തിനുമപ്പുറം വ്യോമയാന ചരിത്രത്തിൽ അക്ഷരാർഥത്തിൽ പുതിയൊരു അധ്യായം രേഖപ്പെടുത്താനായതിന്റെ ചാരിതാർഥ്യം കൂടിയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ അവർക്ക് തുണയായത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊർജസ്രോതസായ സൂര്യന്റെ നിസീമമായ അനുഗ്രഹമാണെന്നതാണ് യാത്രയുടെ മുഖ്യസവിശേഷത.

<യ> സോളാർ ഇംപൾസ്– 2

സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനം. അതാണ് സോളാർ ഇംപൾസ്. വിമാനത്തിന്റെ അസാധാരണമായ മാതൃകയും വ്യാപകമായി ലോകശ്രദ്ധ നേടുന്നതിന് സഹായകമാക്കി. ബോയിംഗ് 747 ജംബോ ജെറ്റിന്റെ വിംഗ്സ്പാൻ, ഒരു കാറിന്റെ ഭാരം, മോട്ടോർ സൈക്കിളിന്റെ പ്രവർത്തനശേഷി, ഇത്രയും ഭാരം കുറഞ്ഞതും വലിപ്പമുള്ളതുമായ ആദ്യത്തെ എയർക്രാഫ്റ്റ് കൂടിയാണ് സോളാർ ഇംപൾസ്. നാലു പ്രൊപ്പല്ലറുകളുള്ള വിമാനത്തിന്റെ ചിറകുകളിൽ ഘടിപ്പിച്ചിരിക്കുന്ന 17,248 സൗരോർജ സെല്ലുകളിൽ നിന്നാണ് ഇന്ധനം രൂപപ്പെടുന്നത്. മണിക്കൂറിൽ 45 കിലോമീറ്ററാണ് വേഗം. എന്നാൽ, ശക്‌തിയായ സൂര്യപ്രകാശം പ്രാപ്തമാകുമ്പോൾ വേഗവും വർധിക്കും. ബാറ്ററികളിൽ പകൽസമയം ശേഖരിക്കുന്ന ഊർജം രാത്രികാല യാത്രയ്ക്ക് ഉപയുക്‌തമാക്കും. 2225 കിലോഗ്രാം ഭാരമള്ള കാർബൺ– ഫൈബർ എയർക്രാഫ്റ്റിൽ വൈമാനികരായി രണ്ടു പേർ. ഇരുവർക്കും ഈ ദൗത്യം ഒരു പ്രവേശനോത്സവവും. മന:ശാസ്ത്രത്തിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർ ബർട്രാൻഡ് പിക്കാർഡും മാനേജ്മെന്റ് സയൻസിൽ ബിരുദധാരിയും എഞ്ചിനീയറും പ്രഫഷണൽ പൈലറ്റുമായ ആന്ദ്രേ ബോഷ്ബർഗും നിസാരക്കാരല്ല. ലോകമാകെ ബലൂണിൽ ചുറ്റിയ തിളക്കമാർന്ന ഇന്നലെകൾ ബർട്രാൻഡിന്റെ വ്യോമയാനവിജ്‌ഞാനത്തിൽ അടങ്ങിയിരിക്കുന്നു. ശാസ്ത്രത്തെയും സാഹസികതയെയും പരസ്പരം ബന്ധിപ്പിക്കാൻ കൊതിയുള്ള ബർട്രാൻഡിന് പാരമ്പര്യത്തിന്റെ കരുത്തുമുണ്ട്. ആധുനിക വിമാനയാത്രയ്ക്കുള്ള സുഗമമായ പാതയൊരുക്കിയ മുത്തശൻ അഗസ്റ്റേ പിക്കാർഡിന്റെയും ആഴക്കടലിന്നാഴങ്ങളിൽ ചാടി റെക്കോർഡ് സൃഷ്ടിച്ചിട്ടുള്ള പിതാവ് ജാക്വസ് പിക്കാർഡിന്റെയും പിൻഗാമിയായ ബർട്രാൻഡിന് അവരിൽ നിന്നു സാഹസികത മാത്രമല്ല, പരിസ്‌ഥിതി സംരക്ഷണത്തിന്റെ നന്മയും കൈമുതലായി ലഭിച്ചു.

യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമൊക്കെ അനായാസമായി കൈകാര്യം ചെയ്ത തഴക്കവും പഴക്കവും ആന്ദ്രേയ്ക്കും സ്വന്തം. സ്വിറ്റ്സർലണ്ടിൽ പിറവിയെടുത്ത സോളാർ ഇംപൾസ് എന്ന ആശയം യാഥാർഥ്യമാക്കാൻ ഈ സുഹൃത്തുക്കൾ ആത്മാർഥമായി അധ്വാനിച്ചത് വ്യക്‌തമായ ലക്ഷ്യത്തോടെയാണ്. മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയുള്ള ഊർജസംരക്ഷണ പദ്ധതി എന്നതാണ് സോളാർ ഇംപൾസിന്റെ ഉദ്ദേശ്യം.

<യ> യാത്രയുടെ തുടക്കം 2015 മാർച്ചിൽ

അബുദാബിയിൽ നിന്ന് 2015 മാർച്ചിലാണ് സോളാർ ഇംപൾസ് –2 ലോകപര്യടനത്തിന് തുടക്കം കുറിച്ചത്. മാർച്ച് ഒമ്പതിന് പ്രാദേശിക സമയം രാവിലെ 7.12 ന്, മൊണാക്കോയുടെ രാജകുമാരൻ ആൽബർട്ട് രണ്ടാമൻ മഹത്തായ ഈ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. 2003 –ൽ സോളാർ ഇംപൾസ് പദ്ധതിയുടെ രൂപീകരണം മുതൽ ചെയർമാൻ ബർട്രാൻഡും സിഇഒ ആന്ദ്രേയും കാത്തിരുന്ന നിമിഷം കൂടിയായിരുന്നു അത്. അബുദാബിയിൽ നിന്നും മസ്കറ്റിലേക്കായിരുന്നു ആദ്യപ്രയാണം.


772 കിലോമീറ്റർ പിന്നിട്ട് മസ്കറ്റിലെത്താൻ 13 മണിക്കൂറും ഒരു മിനിറ്റും വേണ്ടിവന്നു. അവിടന്ന് അഹമ്മദാബാദിലേക്കായിരുന്നു അടുത്ത ഘട്ടം. 1593 കിലോമീറ്റർ 15 മണിക്കൂറും 20 മിനിറ്റും കൊണ്ട് പറന്നെത്തി. തുടർന്ന് വാരണാസി, മണ്ടേല, ചോങ്ക്വിങ്, നാഞ്ചിംഗ്, നഗോല, ഹോണോലുലു, ഹവായി, സാൻഫ്രാൻസിസ്കോ, ഫിനിക്സ്, ടുൾസ, ഡേയ്ടൺ, ലെഹിഗ് വാലി, ന്യൂയോർക്ക്, സെവില്ലി, കെയ്റോ എന്നിവിടങ്ങളിലും സോളാർ ഇംപൾസ് എത്തിച്ചേർന്നു. മണിക്കൂറിൽ 45 നും 90 നും ഇടയിലായിരുന്നു വിമാനത്തിന്റെ വേഗം. നാൽപ്പതിനായിരത്തോളം കിലോമീറ്റർ അഞ്ഞൂറിലേറെ മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയതും ലോകം വിസ്മയത്തോടെയാണ് വീക്ഷിക്കുന്നത്. 27,000 അടി വരെ ഉയരത്തിൽ ഈ സൗരോർജവിമാനം പറന്നു. കോക്പിറ്റിൽ പൈലറ്റ് മാത്രമേയുള്ളെങ്കിലും അദ്ദേഹം ഒറ്റയ്ക്കെന്ന് പറയാനാവില്ല.

മൊണാക്കോ മിഷൻ കൺട്രോൾ സെന്ററുമായി പൈലറ്റ് ഉപഗ്രഹബന്ധം സദാ പുലർത്തുന്നുണ്ടാവും. വിമാനത്തിന്റെ ദിശയും ഊർജശേഖരണം സംബന്ധിച്ചുമൊക്കെയുള്ള നിർദേശവും മുന്നറിയിപ്പും സെന്ററിലെ ടീമാണ് നൽകുന്നത്. കാലാവസ്‌ഥാ നിരീക്ഷകർ, ഗണിതശാസ്ത്രജ്‌ഞർ, എയർ ട്രാഫിക് കൺട്രോളർമാർ, പ്ലാനിംഗ് എഞ്ചിനീയർമാർ, ഫ്ളൈറ്റ് ഡയറക്ടർ എന്നിങ്ങനെ വലിയൊരു സംഘം സെന്ററിൽ കർമനിരതരാണ്.

കടുത്ത വെല്ലുവിളികൾ ഒരുപാട് നേരിട്ടതിനു ശേഷമാണ് സോളാർ ഇംപൾസ് ഇന്ന് ദൗത്യം പൂർത്തിയാക്കുന്നത്. ഇന്ത്യക്കു പുറമേ ഒമാൻ, മ്യാൻമർ, ചൈന, ജപ്പാൻ, അമേരിക്ക, സ്പെയിൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ഇടത്താവളങ്ങളുണ്ടായിരുന്നു. ജപ്പാനിലെ നഗോയയിൽ നിന്ന് അമേരിക്കയിലെ ഹവായിലേക്കുള്ള യാത്രയിൽ കാലാവസ്‌ഥയായിരുന്നു പ്രധാന വില്ലൻ. തുടർച്ചയായി അഞ്ചു രാത്രിയും പകലും വിമാനം പറന്നു.

ലോകത്തിലെ വലിയ സമുദ്രങ്ങളായ പസഫിക്കിനും അറ്റ്ലാന്റിക്കിനും മുകളിലൂടെയും സോളാർ ഇംപൾസ് പ്രതിസന്ധികളില്ലാതെ പ്രയാണം പൂർത്തിയാക്കി. അറ്റ്ലാന്റിക്ക് സമുദ്രം കടന്ന യാത്രയും ചരിത്രമായി. പതിനഞ്ചാം ഘട്ടത്തിലായിരുന്നു ഇത്. പിന്നീട് പാരീസിൽ ഇറങ്ങുന്നതിനു കാലാവസ്‌ഥ തടസമായപ്പോൾ സെവില്ലയിലേക്ക് ഇടത്താവളം മാറ്റി. അബുദാബിയിലെ അൽബത്തിൻ വിമാനത്താവളത്തിലാണ് സോളാർ ഇംപൾസിന്റെ മഹാദൗത്യത്തിന്റെ ശുഭകരമായ പര്യവസാനം. ഈജ്പ്തിലെ കെയ്റോയിൽ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിമാനം പുറപ്പെട്ടത്. കെയ്റോയിൽ നിന്നും അബുദാബിയിലേക്ക് 2,500 കിലോമീറ്ററാണ് ദൈർഘ്യം. കാർബൺ ഇന്ധനം ഉപയോഗിക്കാതെ ലോകം ചുറ്റിയ ആദ്യവിമാനം എന്നതിനൊപ്പം നിരവധി റെക്കോർഡുകൾ സോളാർ ഇംപൾസിന് കരഗതമായി. ഇനിയുള്ള നാളുകൾ ശാസ്ത്രമേഖലയിലും വ്യോമയാനരംഗത്തുമൊക്കെ ഹരിതസന്ദേശവാഹക വാഹനമായ സോളാർ ഇംപൾസിനെക്കുറിച്ചുള്ള ചർച്ചകൾ ഊർജിതമാകും.