ഇശലിന്റെ ഈരടികളിൽ
ഇശലിന്റെ ഈരടികളിൽ
<യ> പെരുന്നാൾ പിറപോലെ രഹ്ന

ഷവ്വാലും ഉദിച്ചെത്തി..,
ഷറഫോടെ വിരുന്നെത്തി..,
ശരറാന്തൽ തിരികത്തി..,കണ്ണിൽ,
ഷൗക്കോടെ പെരുന്നാൾ പിറ വന്നെത്തി..

ഇശലിന്റെ ഈരടികളിൽ രഹ്ന പാടുന്നു. പാൽനിലാ പുഞ്ചിരി തൂകിയ ഇരവുകൾ രാഗാർദ്രമാവുന്നു. മാപ്പിളപ്പാട്ടിന്റെ മാധുര്യം ആസ്വാദ്യഹൃദയങ്ങളിലേക്ക് പകർന്ന് ഇശലിന്റെ പാലാഴി തീർക്കുന്ന ഗാനകോകിലം രഹ്ന മാപ്പിളപ്പാട്ട് രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്.

കേരളത്തിനകത്തും പുറത്തും ജാതിമത ഭേദമന്യേ ജനങ്ങൾ നെഞ്ചിലേറ്റിയ മാപ്പിളപ്പാട്ടുകളുടെ ഉപാസകയായ സ്വരമാധുരിക്ക് ഇന്നും വേദിയിൽ താരത്തിളക്കമാണ്. പാട്ട് പാടിയും, പുതുതലമുറയെ പാട്ടിലേക്ക് നയിച്ചും, തിരുത്തിയും നിലമ്പൂർകാരി രഹ്ന പകരക്കാരില്ലാതെ മുന്നേറുകയാണ്.

ബാല്യത്തിലെ പാട്ടുകാരി

നിലമ്പൂർ കളത്തിങ്കടവ് ഷൗക്കത്തലി–ജമീല ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്ത മകളാണ്. രഹ്നയുടെ പാട്ടിനോടുളള താൽപ്പര്യം കണ്ടെത്തിയത് മാതാപിതാക്കൾ തന്നെയായിരുന്നു. ചെറിയ പ്രായത്തിൽ പാട്ടിന്റെ മൂന്നും നാലും വരികൾ പാടാറുണ്ടായിരുന്നുവെന്ന് ഉപ്പ പറയുന്നത് കേട്ടിട്ടുണ്ട്. ഞങ്ങൾ നാലു പെണ്ണും ഒരാൺകുട്ടിയുമടക്കം അഞ്ചുപേരാണ്. ഇവരിൽ ആരും പാട്ടു രംഗത്തില്ല. ഉപ്പ കലകളെ സ്നേഹിക്കുന്ന ആളാണ്. ആയതിനാൽ തന്നെ എന്നെ പാട്ടുകാരിയാക്കണമെന്ന് ഉപ്പ ആഗ്രഹിച്ചിരുന്നു. ഓളവും തീരവും എന്ന മലയാള ചലച്ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ ഉപ്പയായിരുന്നു. അതുവഴി ഉപ്പക്ക് ബാബുരാജുമായി അടുപ്പമായിരുന്നു. എന്നാൽ ഞാൻ ബാബുക്കയെ നേരിട്ട് കണ്ടിട്ടില്ല. ബാബുക്കയുമായുളള അടുപ്പത്തിൽ ഉപ്പ സംഗീതത്തേയും ഏറെ സ്നേഹിച്ചിരുന്നു. ഉമ്മയും നല്ല ഒരു കലാ ആസ്വാദകയായിരുന്നു. എന്നാൽ സ്കൂളിൽ പഠിക്കുന്ന കാലത്തൊന്നും ഞാൻ മാപ്പിളപ്പാട്ട് പാടിയിട്ടില്ല.

ലളിത ഗാനത്തിലൂടെ മാപ്പിളപ്പാട്ടിലേക്ക്

പാട്ടുപാടി തുടങ്ങുന്നത് യു.പി സ്കൂളിൽ പഠിക്കുമ്പോഴാണ്. ലളിതഗാനങ്ങളായിരുന്നു അന്ന് പാടിയിരുന്നത്. നിലമ്പൂർ മാനവേദൻ ഹൈസ്കൂളിലെത്തിയപ്പോൾ കലോൽസവങ്ങളിൽ പങ്കെടുത്തു തുടങ്ങി. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന സമയത്ത് മലപ്പുറം ജില്ല സ്കൂൾ കലോൽസവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്‌ഥാനം നേടാനായി. ഇതോടെയാണ് പാട്ട് രംഗത്തേക്ക് സജീവമാകാൻ കാരണം. അക്കാലത്ത് വീടിനടുത്ത് ഒരു ഓർക്കസ്ട്ര ഗ്രൂപ്പുണ്ടായിരുന്നു. മ്യൂസിക്കിട്ട് പാടിത്തുടങ്ങുന്നത് അവിടെവച്ചാണ്. ചില ഗാനമേളകളിൽ പാടാനും ഉപ്പയുടെ കൂടെ അവരോടൊത്ത് പോകും. അന്നും കൂടുതൽ പാടിയത് ലളിത ഗാനമായിരുന്നു. പിന്നീട് കോളജിൽ ചേർന്ന് പഠിച്ചതോടെയാണ് മാപ്പിളപ്പാട്ടിലേക്ക് തിരിയുന്നത്. ഉപ്പയുടെ സഹോദരൻ കെ.വി.അബൂട്ടി അടക്കമുളളവരുടെ പിന്തുണയോടെയാണ് മാപ്പിളപ്പാട്ട് പഠിക്കാനും തുടങ്ങിയത്.

ഹൈസ്കൂൾ പഠനത്തിനു ശേഷം സംഗീതത്തിൽ തന്നെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെയാണ് പാലക്കാട് ചിറ്റൂർ സംഗീത കോളേജിൽ ചേരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റ് കീഴിലുളള ഏക സംഗീത കോളേജാണിത്. ഏഴ് വർഷത്തിനു ശേഷം ഡിപ്ലോമയോടെ പടിയിറങ്ങി. എന്നാൽ ഇതിനകം തന്നെ നിരവധി സ്റ്റേജുകൾ പാടാൻ അവസരം ലഭിച്ചിരുന്നു. ഉപ്പയുടെ സൗഹൃദ് വലയത്തിൽ നിന്നാണ് വേദികളിൽ പാടാൻ അവസരം കിട്ടിയത്.

പൊന്നു സഖീ ഏതിനാ..

1990–കളിലാണ് കാസറ്റുകളും വേദികളും സജീവമായത്. ആദ്യമായി കാസറ്റിന് വേണ്ടി പാടിയത് ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്നത്തെ മുജാഹിദ് സമ്മേളനത്തിന് വേണ്ടി തയ്യാറാക്കിയ ഗാനം ആലപിച്ചു കൊണ്ടാണ് കാസറ്റ് പുറത്തുവന്നത്. പിന്നീട് കെ.വി.അബൂട്ടി, ബാപ്പുവെളളിപ്പറമ്പ്, ഒ.എം.കരുവരാക്കുണ്ട്, മഞ്ചേരി അശ്റഫ്, മുഹ്സിൻ കുരിക്കൾ തുടങ്ങിയവരോടെപ്പം അവസരം കിട്ടി. കളിത്തോഴൻ ആണ് ആദ്യമാപ്പിളപ്പാട്ട് കാസറ്റ് വന്നത്.അന്ന് ഒരു കാസറ്റിൽ ഒരു ഭക്‌തിഗാനം നിർബന്ധമായിരുന്നു.

ഒ.എം കരുവാരക്കുണ്ട് രചിച്ച് കെ.എ.ലത്തീഫ് സംഗീതം നൽകിയ പൊന്നുസഖീ എന്തിനാ..പിണക്കമെന്നോടെന്തിനാ...എന്ന ഗാനമാണ് കൂടുതൽ അംഗീകാരം നേടിത്തന്നത്. പ്രവാസിയായ ഭർത്താവിനോട് തിരിച്ചു വരാത്തതിലുളള സങ്കടം പറഞ്ഞ് സ്നേഹത്തിന്റെ പിണക്കം വിവരിച്ചുളള പാട്ട് 1993കളിൽ ഹിറ്റ് ഗാനമായി. അതിനിന്നും ആസ്വാദകരുണ്ട്. ഞാനും കണ്ണൂർ ഷാഫിയും ചേർന്നാണ് പാട്ടുപാടിയത്. മാപ്പിളപ്പാട്ടിനെ എന്നും നെഞ്ചോടു ചേർക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത പ്രവാസികളാണ് ആ പാട്ടും ജനകീയമാക്കിയത്. കത്ത് പാട്ടിലൂടെ ജനകീയ വിപ്ലവം സൃഷ്‌ടിച്ച നിലമ്പൂരിലെ


എസ്.എ.ജമീൽ ആയിരുന്നല്ലോ. അതിനു ശേഷമെത്തിയ ഈ ഗാനവും മികച്ച ഒരു ഗാനമായി ആരാധകർ നെഞ്ചിലേറ്റി.

പാൽനിലാ പുഞ്ചിരി, തൂകുമാ സുന്ദരി

ഈസ്റ്റ് കോസ്റ്റിനു വേണ്ടി മാപ്പിളപ്പാട്ടുകൾ ജനകീയമായത് എനിക്ക് ഏറെ അംഗീകാരങ്ങളും അവസരങ്ങളും നേടിത്തന്നിട്ടുണ്ട്. ഒ.എം.കരുവാരക്കുണ്ടിന്റെ പാൽനിലാ പുഞ്ചിരി..തൂകുമാ സുന്ദരി...പൂമകൾ ഫാത്തിമ..എന്ന ഗാനം ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു. മിദാദ് എന്ന പേരിൽ ഇറങ്ങിയ കാസറ്റിലെ പുണ്യ റസൂലിന്റെ മകളെക്കുറിച്ചുളള ഈ ഗാനവും ഹിറ്റായിരുന്നു. വേദികളിൽ ഏറ്റവും കൂടുതൽ ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ടുകൂടിയാണത്.

കാസറ്റു പാട്ടുകൾക്കപ്പുറം വേദികളിലും സ്‌ഥിരം സാന്നിധ്യമായി. മാപ്പിളപ്പാട്ടിന്റെ കുലപതികളയ പീർ മുഹമ്മദ്, എരഞ്ഞോളി മൂസ തുടങ്ങിയവരുടെ കൂടെയൊക്കെ ഗാനമേളകൾ സജീവമായി. വീടുകളും വേദികളും ഒരു കാലത്ത് മാപ്പിളപ്പാട്ട് സംഘത്തിന്റെ ഈറ്റില്ലമായിരുന്നല്ലോ. അത് വഴി നല്ല കുറെ മാപ്പിളപ്പാട്ടുകൾ പാടാനും പഠിക്കാനുമായി.

ദറജ പൂമോളല്ലേ...ലൈലാ.. നീയന്റെ ഖൽബല്ലേ...

മാപ്പിളപ്പാട്ട് രംഗത്ത് കൂട്ട് ഏറെ പ്രസിദ്ധമാണല്ലോ. വി.എം.കുട്ടി മാഷും, വിളയിൽ ഫസീലയും പോലെ. അതു പോലെയായി ഞാനും കണ്ണൂർ ശരീഫും. നല്ല പൊരുത്തമുളള പാട്ടുകാ

രായി. വടകര കുഞ്ഞിമൂസ(താജുദ്ദീൻ വടകരയുടെ പിതാവ്)രചനയും സംഗീതവും നിർവ്വഹിച്ച ദറജപ്പൂമോളല്ലേ...ലൈല.. നീയന്റെ ഖൽബല്ലേ...എന്ന ഗാനമാണ് ഞങ്ങളുടെ കൂട്ടുകെട്ട് ജനം അംഗീകരിച്ചത്. പിന്നീട് നിരവധി വേദികളിലും കാസറ്റുകൾക്കും പാടി. അവയിൽ ഏറെയും ഹിറ്റുഗാനങ്ങളായിരുന്നു. അഫ്സൽ, എം.എ.ഗഫൂർ, പുതുതലമുറയിലെ കൊല്ലം ഷാഫി,താജുദ്ദീൻ വടകര തുടങ്ങിയവരോടൊപ്പവും നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്.

നല്ല മാപ്പിളപ്പാട്ടുകൾ പാടാനാവുന്നതും, ഈ തട്ടകത്തിൽ കാൽ നൂറ്റാണ്ട് പിന്നിടുക എന്നതും വലിയ ഭാഗ്യം തന്നെയാണ്. മോയീൻ കുട്ടി വൈദ്യുരേതടക്കമുളള പാട്ടുകളാണ് വേദിയിൽ പാടാറുളളത്. എന്നാൽ സദസിൽ നിന്ന് ആവശ്യപ്പെടുന്ന പാട്ടുകൾ പാടുമ്പോൾ സന്തോഷം ഇരട്ടിക്കും. മുക്കം സാജിത പാടി ഹിറ്റാക്കിയ കിളിയേ.. ദിഖ്റ് പാടി കിളിയേ..എന്ന ഗാനങ്ങളടക്കം ആസ്വാദകരുടെ ഇഷ്‌ടത്തിനനുസരിച്ച് പാടും. അത്തരം ഗാനങ്ങളുടെ വരികൾക്കും ഈണത്തിനും ആസ്വാദ്യമേറെയാണ്.

പൊന്നിട്ട പെട്ടകം കൂട്ടല്ലേ.....

പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസുമായുളള ബന്ധമാണ് പ്രണയ നിലാവ് എന്ന സിനിമയിൽ പാടാനുളള അവസരം കൈവന്നത്. സിനിമയുടെ നിർമാതാക്കളുമായി ബന്ധമുളള ശ്രീകുമാർ മുഖേനയാണിത്.

വിനയൻ സംവിധാനം ചെയ്ത പ്രണയ നിലാവിൽ പൊന്നിട്ട പെട്ടകം കൂട്ടല്ലേ...അത് തന്നതെനിക്കീ മുത്തല്ലേ...എന്ന ഗാനം യേശുദാസും പാടുന്നുണ്ട്. സ്ത്രീ ശബ്ദത്തിൽ ഞാനും പാടുന്നുണ്ട്. രണ്ടും സിനിമയിൽ ചിത്രീകരിച്ചത് വലിയ ഭാഗ്യമായി കാണുന്നു. സാധാരണ ഒരേ പാട്ട് രണ്ടുതവണ സിനിമയിൽ ഉൾപ്പെടുന്നത് അപൂർവ്വമാണ്. അതെ സിനിമയിൽ മാനത്തൊരു പൊൻതാരകം എന്ന ഒപ്പനപ്പാട്ടിലും പങ്കാളിയായിട്ടുണ്ട്.മാപ്പിളപ്പാട്ടിൽ തന്നെ സജീവമായതിനാൽ സിനിമയിൽ പാടാൻ അധികം മുതിർന്നിട്ടില്ല.

മണലാരണ്യം

കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലേറെ സ്റ്റേജുകളിൽ പാടാ ൻ അവസരം കിട്ടയതാണ് രഹ്നയെന്ന ഗായികയുടെ നിലനിൽപ്പ്. നാട്ടിൽ നിന്ന് ആദ്യമായി വിദേശ പര്യടനത്തിനെത്തുന്നത് ദുബൈയിലാണ്. ഷാർജ, അബൂദാബി, ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. ഈ വർഷം ദുബൈയിലാണ്. പ്രോഗ്രാമിനായി തിങ്കളാഴ്ച പുറപ്പെടും.

മാപ്പിളപ്പാട്ട് കാസറ്റുകൾക്ക് ജനകീയത കൈവന്നതിൽ പ്രവസികൾക്കുളള പങ്ക് വലുതാണ്. അതുപോലെ തന്നെയാണ് അവിടെ വേദികൾ പങ്കിടുമ്പോഴും അനുഭവപ്പെടുന്നത്. വർഷങ്ങളായി പെരുന്നാൾ ഗൾഫ് രാജ്യങ്ങളിലാണ്. നോമ്പ് കാലം പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഇറക്കുന്ന പാട്ടുകൾക്കായി സ്റ്റുഡിയോകളിലും. ആദ്യകാലത്ത് ചെറിയ പെരുന്നാളിനാണ് മാപ്പിളപ്പാട്ട് കാസറ്റുകൾ കൂടുതൽ ഇറങ്ങിയിരുന്നത്. നോമ്പ് നോറ്റ് കൊണ്ട് തന്നെ പാടുവാൻ കഴിവ് തരുന്ന പടച്ചവന് നന്ദി.